Search

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വന്നു, ഞായറാഴ്ച അടിയന്തര എല്‍ഡിഎഫ്, ചാണ്ടിയുടെ കസേര ഉലയുന്നു

എജിയുടെ നിയമോപദേശം വന്നുടന്‍ അടിയന്തര എല്‍ഡിഎഫ് വിളിച്ചതിനാല്‍ സംഗതി ഗുരുതരമാണെന്നു തന്നെയാണ് കരുതുന്നത്. ചാണ്ടിയുടെ പ്രതീക്ഷയെല്ലാം തകിടം മറിച്ചുകൊണ്ട്, അദ്ദേഹം എത്രയും വേഗം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ മണിക്കൂറുകള്‍ എണ്ണപ്പെട്ടുവെന്നു വ്യക്തമാക്കിക്കൊണ്ട്, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചും ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഇടതു മുന്നണി യോഗം ഞായറാഴ്ച ചേരും.

ചാണ്ടിയുടെ പ്രതീക്ഷയെല്ലാം തകിടം മറിച്ചുകൊണ്ട്, അദ്ദേഹം എത്രയും വേഗം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. പാര്‍ട്ടി എക്‌സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിംഗിനിടെയാണ് കാനം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ, മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.

എജി നല്കിയിരിക്കുന്ന നിയമോപദേശം എന്തെന്നു വ്യക്തമല്ല. എജിയുടെ നിയമോപദേശം വന്നുടന്‍ അടിയന്തര എല്‍ഡിഎഫ് വിളിച്ചതിനാല്‍ സംഗതി ഗുരുതരമാണെന്നു തന്നെയാണ് കരുതുന്നത്.

തോമസ് ചാണ്ടി രാജിവച്ചൊഴിയുന്നതായിരിക്കും അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്നു സിപിഎം നേതൃത്വം അറിയിച്ചെങ്കിലും ഉടന്‍ രാജിക്കില്ലെന്ന നിലപാടാണ് മന്ത്രി കൈക്കൊണ്ടിരിക്കുന്നത്. ഇതാണ് പെട്ടെന്ന് എല്‍ഡിഎഫ് വിളിക്കാന്‍ കാരണമായിരിക്കുന്നത്.

മന്ത്രിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി തന്നെ നിലപാടെടുത്ത് അറിയിക്കണമെന്ന് സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജിക്കില്ലെന്നു തോമസ് ചാണ്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി എന്‍സിപിയും പറഞ്ഞത്. ഇതേസമയം, എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരള ഘടകം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എജിയുടെ നിലപാടു കൂടി വന്നിട്ടു രാജിക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നും എന്‍സിപിയില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ടു വന്നിരിക്കെ, അവര്‍ക്കു മിണ്ടാനാവാത്ത സ്ഥിതിയായിട്ടുണ്ട്.

മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാല്‍ മന്ത്രിയോട് ഒഴിഞ്ഞു പോകാന്‍ തന്നെ സിപിഎം നേതൃത്വം ആവശ്യപ്പെട്ടേക്കും. മറ്റൊരു കക്ഷിയിലെ മന്ത്രിയോടു രാജിവയ്ക്കാന്‍ സിപിഎം പറയുന്നത് മുന്നണി മര്യാദയല്ലെന്നതിനാലാണ് എന്‍സിപിയോട് നിലപാട് അറിയിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു സിപി ഐയുടെ പിന്തുണയുമുണ്ട്. ഈ ഘട്ടവും കടന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് വിളിക്കുന്നത്.

സോളാര്‍ കേസില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ കുടുങ്ങി നില്‌ക്കെ, ഭരണപക്ഷത്തിനുണ്ടാക്കാമായിരുന്ന രാഷ്ട്രീയ നേട്ടങ്ങളെല്ലാം ചാണ്ടിയെ ചുമക്കുന്നതിലൂടെ നഷ്ടമാവുകയാണെന്നാണ് സിപിഎം നേതൃത്വത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചാണ്ടിയെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം മുഖ്യമന്ത്രി തന്നെ അദ്ദേഹത്തോടു വിശദീകരിച്ചത്.

ഇതോടെ, ചാണ്ടി സ്വയം രാജിവച്ചു പോകുമെന്ന ധാരണ പരന്നിരുന്നു. മാധ്യമങ്ങളെല്ലാം ഇതു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. എന്നാല്‍, ഇന്നു ചാണ്ടിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ നേതൃത്വം രംഗത്തുവന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയാണ്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍ഡിഎഫും ആണെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ടു പറയുകയുണ്ടായി. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞതോടെ, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും എന്‍
സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും പറഞ്ഞു. കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി തോമസ് ചാണ്ടിയല്ലെന്നും അതു തടയാത്ത ഉദ്യോഗസ്ഥരാണെന്നുമാണ് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നത്.

ഇതേസമയം, അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നതെന്ന ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് എന്‍സിപി നേതൃത്വം മിണ്ടുന്നുമില്ല. ഇതോടെയാണ് സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന നിലപാടിലേക്കു വന്നത്. സിപി ഐ ആകട്ടെ മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി തുടരുന്നത് അനുചിതമല്ലെന്ന് ഇതിനകം തന്നെ മുന്നണി തലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Thomas Chandy, LDF, UDF, Pinarayi Vijayan

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വന്നു, ഞായറാഴ്ച അടിയന്തര എല്‍ഡിഎഫ്, ചാണ്ടിയുടെ കസേര ഉലയുന്നു