Search

കെനിയയിലെ പത്രം കണ്ടിട്ടുണ്ടോ? ഘാനയിലെ... ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പത്രങ്ങള്‍...


രാജ് കുമാര്‍

റഷ്യ, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, നേപ്പാള്‍, ശ്രീലങ്ക, കെനിയ, ഘാന, പാകിസ്ഥാന്‍, ചൈന, ബ്രിട്ടണ്‍ തുടങ്ങി ഇരുപത്തിയൊന്ന് രാജ്യങ്ങളിലെ പത്രങ്ങള്‍. ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രദേശിക ഭാഷാ പത്രങ്ങള്‍. മുപ്പതുകള്‍ മുതലുള്ള പത്രങ്ങള്‍, മാഗസിനുകള്‍. പുസ്തകങ്ങള്‍, കലണ്ടറുകള്‍... കൊല്ലം ജില്ലയിലെ ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ പിള്ളയുടെ സ്വകാര്യ ലൈബ്രറി ആരെയും അതിശയിപ്പിക്കുന്നതാണ്.

'കേരളത്തില്‍  ചെറുതും വലുതുമായി 64 പത്രങ്ങളുണ്ട്. 340 ഓളം മാഗസിനുകളും... ഇവയെല്ലാം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍...' പുസ്തകങ്ങളുടെയും മാഗസിനുകളുടെയും പത്രങ്ങളുടെയും ശേഖരം കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പിള്ള നയം വ്യക്തമാക്കി.

അച്ഛനമ്മമാര്‍ പകര്‍ന്നു നല്‍കിയതാണ് അക്ഷരങ്ങളോടുള്ള ഇഷ്ടം. കുട്ടിക്കാലത്ത് അച്ഛന്‍ കെ.പി. ഭാസ്‌കരന്‍ പിള്ള കൊണ്ടുവന്നിരുന്ന പത്രങ്ങളും മാഗസിനുകളുമാണ് വായനയുടെ അത്ഭുതലോകത്തിലേക്ക് കൈപിടിച്ചുനടത്തിയത്. അച്ഛനെപ്പോലെ തന്നെ അമ്മ പൊന്നമ്മയും നല്ല വായനക്കാരി. വീട്ടിനടുത്തുള്ള ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും അമ്മ വായിച്ചുതീര്‍ത്തിട്ടുണ്ട്.

ജനപ്രിയ വാരികളിലെ നോവലുകളില്‍ അഭിരമിച്ച കുട്ടിക്കാലം. കോട്ടയം പുഷ്പനാഥായിരുന്നു പ്രിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ഡിക്റ്റക്ടീവ് നോവലുകള്‍ ആര്‍ത്തിയോടെ വായിച്ചു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വായന ഗൗരവമുള്ളതായി. മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അതിലേക്കുള്ള പാതയില്‍ കൂട്ടായത്.

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം. തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം. ബാംഗ്ലൂരില്‍ നിന്ന് ബിഎഡും നേടിയ ശേഷം നിലമേല്‍ മാറ്റാപ്പള്ളി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അ
ധ്യാപകനായി. പഠനകാലത്തും അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ശേഷവും വായനയെ കൈവിട്ടില്ല. അതിനിടയിലെപ്പോഴോ ആണ് പുസ്തകങ്ങള്‍ക്കൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ശേഖരിക്കുന്ന ശീലം തുടങ്ങിയത്. ഇപ്പോള്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും അക്ഷരങ്ങളോടുള്ള ഇഷ്ടം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.വളരെ അപൂര്‍വമായ, പുതുതലമുറ കേട്ടിട്ടുപോലുമില്ലാത്ത മാഗസിനുകള്‍ ഉണ്ണികൃഷ്ണന്‍ സാറിന്റെ ശേഖരത്തിലുണ്ട്. ദേശബന്ധു, പ്രതിധ്വനി, മലയാള രാജ്യം, സ്വതന്ത്രകേരളം, പ്രഭാതം, സരസന്‍, ചിത്രകാര്‍ത്തിക, ജയകേരളം... എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. മലയാള മനോരമ. മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങി ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന വാരികകളുടെ ആദ്യ ലക്കങ്ങള്‍ ശേഖരത്തിലുണ്ട്.

സ്വാതന്ത്ര്യദിനത്തിലും കേരളപ്പിറവി ദിനത്തിലും പുറത്തിറങ്ങിയ പത്രങ്ങള്‍, മാഗസിനുകള്‍, രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക കലാരംഗത്തെ പ്രമുഖരുടെ വേര്‍പാടിന്റെ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന പത്രങ്ങള്‍, മാഗസിനുകള്‍... എന്നിങ്ങനെ പട്ടിക നീളുന്നു.

ചരിത്രം, പൊളിറ്റിസ് സംബന്ധമായ പുസ്തകങ്ങള്‍, ജീവചരിത്രം, ആത്മകഥ എന്നിവയാണ് വായനയില്‍ പ്രിയപ്പെട്ടവ. ആത്മകഥകളില്‍ ഏറ്റവും പ്രിയപ്പെട്ടത് തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളാണ്. ഇതിനോട് ഇഷ്ടം കൂടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ആദ്യമായി വായിച്ച പുസ്തകമാണിത്.

കഥകളുടെ സുല്‍ത്താന്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനാണ് ഉണ്ണികൃഷ്ണന്‍ സാര്‍. ബഷീറിന്റെ എല്ലാ  പുസ്‌കങ്ങളും പലതവണ വായിച്ചുകഴിഞ്ഞു. കവികളില്‍ വി. മധുസൂദനന്‍ നായരെയാണ് ഇഷ്ടം. പുതുതലമുറ എഴുത്തുകാരില്‍ ജി. ആര്‍. ഇന്ദുഗോപനെയും ഉണ്ണി ആറിനെയും ഇഷ്ടപ്പെടുന്നു.

എംടി, ബഷീര്‍, മാധവിക്കുട്ടി, എം.എന്‍.വിജയന്‍, മുകുന്ദന്‍ എന്നിവരുടെ എല്ലാ കൃതികളും പുസ്തക ശേഖരത്തിലുണ്ട്. കവികളില്‍ ഒഎന്‍വി, പി. കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ തുടങ്ങിയവരുടെ എല്ലാ കൃതികളും ശേഖരിച്ചിട്ടുണ്ട്. ഓഷോയുടെ 115 പുസ്തകങ്ങളാണ് സ്വന്തമാക്കി സൂക്ഷിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ സാറിന്റെ പുസ്തക സ്‌നേഹത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ ഭാര്യ ഗീതാദേവിയും മകന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഗൗതം വിഷ്ണുവും. മകന്‍ ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ്.

വാല്‍ക്കഷണം: ഉണ്ണികൃഷ്ണന്‍ സാറിന്റെ വീട്ടിനടുത്തുള്ള ഒരു അമ്മാവന്‍ മരിച്ചു. നല്ല വായനക്കാരനാണ്. നിരവധി ആനുകാലികങ്ങളും പുസ്‌കങ്ങളും അമ്മാവന്റെ വീട്ടിലുണ്ട്. പലപ്പോഴും അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ അവ വായിക്കാന്‍ നല്‍കും.

അമ്മാവന്‍ മരിച്ച് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണന്‍ സാര്‍ അമ്മാവന്റെ വീട്ടിലെത്തി. അമ്മാവന്റെ അവിവാഹിതമായ മകന്‍ മാത്രമേ വീട്ടിലുള്ളൂ. പുസ്തകങ്ങള്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ മകന്‍ സമ്മതിച്ചു.

അപൂര്‍വ്വങ്ങളായ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍... ഉണ്ണികൃഷ്ണന്‍ സാറിന്റെ കണ്ണും മനസ്സും നിറഞ്ഞു.

'ഇതില്‍ ഒന്നു രണ്ട് മാഗസിനുകള്‍ ഞാന്‍ എടുത്തോട്ടെ...'

'അതിനെന്താ എടുത്തോ...' മകന്റെ മറുപടി.

നാലഞ്ചെണ്ണം കൂടി എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ അതിനും സമ്മതം...

മുപ്പതുകള്‍ മുതലുള്ള ആനുകാലികങ്ങളും പത്രങ്ങളും ഉപേക്ഷിച്ചു മടങ്ങാന്‍ ഒരു വിഷമം...

മടിച്ചുമടിച്ച് ചോദിച്ചു, 'ഇതെല്ലാം ഞാന്‍ എടുത്തോട്ടെ...? ' മകന്‍ സന്തോഷത്തോടെ അതിനും സമ്മതിച്ചു.

സ്‌കൂട്ടറിലും കാറിലുമായി അവയെല്ലാം വീട്ടിലെത്തിച്ച് നന്നായി ഉണക്കി അടുക്കി വച്ചതിനുശേഷം മാത്രമേ സമാധാനമായുള്ളൂ!!!

ഫോണ്‍: 9447363151


Keywords: News papers, Magazines, Collection, Unnikrishnan Pillai

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കെനിയയിലെ പത്രം കണ്ടിട്ടുണ്ടോ? ഘാനയിലെ... ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പത്രങ്ങള്‍...