93കാരനായ മുഗാബെയും 52കാരിയായ ഭാര്യ ഗ്രെയ്സും ഹരാരെ: സിംബാബ്വെയില് സൈനിക അട്ടിമറിക്കു ശേഷം തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്റ് റോബര്...
93കാരനായ മുഗാബെയും 52കാരിയായ ഭാര്യ ഗ്രെയ്സും
ഹരാരെ: സിംബാബ്വെയില് സൈനിക അട്ടിമറിക്കു ശേഷം തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുംബവും വീട്ടുതടങ്കലിലായെന്നു റിപ്പോര്‍ട്ട്.
സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ് അട്ടിമറി നടന്നത്. രാജ്യത്തെ ഔദ്യോഗിക മാധ്യമ ഓഫീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഹാരാരെയിലെ വീട്ടില്‍ മുഗാബെ തടങ്കലില്‍ കഴിയുന്നതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ സ്ഥിരീകരിച്ചു. മുഗാബെയുമായി ഫോണില്‍ സംസാരിച്ചെന്നും സുമ പറഞ്ഞു.
എമേഴ്സണ്‍ നംഗാഗ് വ
മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ നംഗാഗ് വയെ അനുകൂലിക്കുന്ന പട്ടാളക്കാരാണ് അട്ടിമറിക്കു പിന്നിലെന്നാണ് സൂചന. ഭാര്യ ഗ്രെയ്സിനെ അടുത്ത പ്രസിഡന്റായി വാഴിക്കുന്നതിനുവേണ്ടിയാണ് എമേഴ്സണെ പുറത്താക്കിയതെന്നാണ് സൂചന.
ഇന്നു വെളുപ്പിന് ഹരാരെയുടെ വടക്കന്‍ ഭാഗത്ത് തോക്കുകളും പീരങ്കികളുമുപയോഗിച്ചുള്ള വെടിവയ്പ്പു നടന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളും ലഭ്യമല്ല. ഹരാരെയിലെ തെരുവുകളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്.
1980 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ സിംബാബ്വെയെ അടക്കി ഭരിക്കുന്നത് മുഗാബെയാണ്. മുഗാബെ ഭരണത്തില്‍ രാജ്യം കൂടുതല്‍ ദരിദ്രമാവുകയാണുണ്ടായത്.
മുഗാബെയും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്ന് സൈനിക മേധാവി മേജര്‍ ജനറല്‍ സിബിസിയോ മോയോ ടിവി പ്രസ്താവനയില്‍ വ്യക്തമാക്കി.
സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റാന്റിനോ ചിവെംഗ കഴിഞ്ഞ ആഴ്ച ചൈന സന്ദര്‍ശിച്ചിരുന്നു. സിംബാബ്വെയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. അട്ടിമറിക്കു ചൈനയുടെ പിന്തുണയുണ്ടായിരുന്നോ എന്നും ഇപ്പോള്‍ സംശയം ബലപ്പെട്ടിട്ടുണ്ട്.
ജനങ്ങളില്‍ വലിയൊരു വിഭാഗം അട്ടിമറിയെ അനുകൂലിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'ഞങ്ങള്‍ നല്ലൊരു ജീവിതം നയിക്കും, ക്രിസ്തുമസ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ', ഒരു വീട്ടമ്മ ബി.ബി.സി ന്യൂസിനോടു പറഞ്ഞു. ഈ ഭീകരനെ നീക്കം ചെയ്തതിന് ഞാന്‍ ജനറലിനെ നന്ദി അറിയിക്കുന്നുവെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
COMMENTS