Search

മതത്തിനു മീതെ മനുഷ്യന്‍ പറക്കുന്ന ദിവസം വരും, ഉറപ്പ്പ്രദീപ് തുമ്പോട്


ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട പോസ്റ്റാണ് ഈ കുറിപ്പിനാധാരം. വെള്ളതൊപ്പിയിട്ട ഒരു പയ്യനും കറുപ്പും കാവിയുമുടുത്ത മറ്റൊരു പയ്യനും കൂടി ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു ഫോട്ടോ പതിപ്പിച്ചിട്ട് 'ഇതാ ഞങ്ങടെ നാട്ടിലെ മതസൗഹാര്‍ദ്ദം, കണ്ടുപഠിക്കൂ' എന്ന് ഒരു അടിക്കുറിപ്പും.

ഇത്തരം ഫോട്ടോകളും അടിക്കുറിപ്പുകളും ഇവിടെ മാത്രമല്ല, പലയിടങ്ങളും കാണാറുണ്ട്. പെരുന്നാളിനും ഓണത്തിനുമൊക്കെ പത്രങ്ങളുടെ മുഖപ്പേജില്‍ കാണും ഇമ്മാതിരി ഒരെണ്ണം. മൊല്ലാക്കയും സ്വാമിയും ഒരുമിച്ചിരുന്നു നിറഞ്ഞു ചിരിയ്ക്കുന്നു, ക്ലോസപ്പ് ഫോട്ടോയ്ക്ക് വെളുക്കെ പോസ് ചെയ്യുന്നു. തൊപ്പിയിട്ടവനും കാവിയുടുത്തവനും തോളില്‍ കയ്യിട്ട് തേങ്ങാ ചുരണ്ടുന്നു, പള്ളിപ്പെരുന്നാളിന് ഹിന്ദുക്കള്‍ 'നിറം' ചേര്‍ക്കാത്ത നാരങ്ങാവെള്ളം കൊടുക്കുന്നു, ശബരിമലയ്ക്ക് പോകുന്ന ഭക്തശിരോമണിമാര്‍ക്ക് ക്രിസ്ത്യന്‍ പള്ളിയില്‍ പഴവും പ്രാതലും... അങ്ങനെ പോകുന്നു ചിത്രവൈവിധ്യം. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമനിദര്‍ശനങ്ങളാണത്രെ ഇവ. വാര്‍പ്പ് മാതൃകകളാണത്രെ ഇവ.

ചിത്രം കണ്ണോടു ചേര്‍ത്തുപിടിച്ചു ചിന്തിക്കുമ്പോള്‍ ഈ 'മാതൃകാചിത്ര'ങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ദ്വയാര്‍ത്ഥമുണ്ട്. അതായത്, സത്യത്തില്‍ ചിത്രത്തില്‍ കാണുന്ന ഇവരൊന്നും ഇങ്ങനെയൊന്നും ചെയ്തുകൂടാത്തതാണ്. കൂട്ടുകൂടാന്‍ പാടില്ലാത്തതാണ്, ഭക്ഷണം നല്‍കിക്കൂടാത്തതാണ്. പക്ഷേ ഇതാ നോക്കൂ... അവര്‍ കൂട്ടുകൂടുന്നു... , ഇതാ നോക്കൂ... ഒരാള്‍ മറ്റൊരാള്‍ക്ക് അന്നം കൊടുക്കുന്നൂ..., ഒരുമിച്ചിരിയ്ക്കുന്നൂ...

എന്താണിത്. തലയില്‍ തൊപ്പി വച്ച ഒരുവന്‍ കാവിയുടുത്തവനെ കണ്ടാല്‍ കല്ലെടുത്തെറിയണം എന്നാണോ. തിരിച്ചും അങ്ങനെ വേണമെന്നാണോ. നിങ്ങളുടെ കണ്ണില്‍ അവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്. ഏന്തുന്ന കളസത്തിലെ നിറത്തിലോ. ജനനം കൊണ്ടു മാത്രം മനുഷ്യന്‍ നിയമനപ്പെട്ടെന്നു പറയപ്പെടുന്ന മതത്തിന്റെ നാമരൂപങ്ങളിലെ വള്ളിപുള്ളികളോ.

ഒന്ന് ചോദിയ്ക്കട്ടെ. എല്ലാത്തിനും അപ്പുറത്ത് രണ്ടോ അതിലധികമോ മനുഷ്യര്‍ തന്നെയല്ലേ നിങ്ങളുടെ ഈ പടത്തിലിരുന്ന് പല്ലുകാട്ടുന്നത്. മനുഷ്യന്‍ മനുഷ്യനോട് കൂട്ടുകൂടുന്നു,  മനുഷ്യന്‍ മനുഷ്യനെ കെട്ടിപ്പിടിക്കുന്നു, മനുഷ്യനും മനുഷ്യനും കൂടി യാത്ര ചെയ്യുന്നു, മനുഷ്യന്‍ മനുഷ്യന് ആഹാരം കൊടുക്കുന്നു...

ഹോമോസാപ്പിയന്‍സില്‍ നിന്ന് പരിണാമം സിദ്ധിച്ചവരല്ലേ ഇരുവരും! അല്ലാതെ ചൊവ്വയിലേയും ശുക്രനിലേയും വിചിത്രസ്വാഭാവികളായ അന്യഗ്രഹജീവികള്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതല്ലല്ലോ! കോഴിയും കുറുക്കനും കൂടി തോളില്‍ കയ്യിട്ട് ജിമിക്കിക്കമ്മല്‍ പാട്ട് പാടുവകയല്ലല്ലോ! പാമ്പിന്റെ ചുണ്ടില്‍ മുത്തമിട്ട് കീരി പ്രേമോദാരനാവുകയല്ലല്ലോ അല്ലേ?
പിന്നെന്താണ് ഇതിലിത്ര കൊട്ടിഘോഷിയ്ക്കാന്‍?

നോക്കു... മതഭ്രാന്തന്മാരെ സുവിശേഷപ്പെടുത്താന്‍ എന്നവണ്ണം ഇമ്മാതിരി പടങ്ങള്‍ തൊലിയുരിച്ചു മീഡിയാത്തിണ്ണയില്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍, നിങ്ങളറിഞ്ഞോ അറിയാതെയോ സമൂഹത്തിലേക്ക്, പ്രത്യേകിച്ച് തളിരിളം തലച്ചോറേന്തിയ ഞങ്ങളുടെ കുഞ്ഞുകുട്ടികളിലേയ്ക്ക് പകരപ്പെടുന്ന ഒരു 'വിഷ'മുണ്ട്. അത്, 'ഞാനണിയുന്ന തൊപ്പിയ്ക്ക് ഒരിയ്ക്കലും കാവിനിറം ചേരില്ല' എന്നാണ്. എനിയ്ക്കും അവനും ഓരോ 'മത'മുണ്ട് എന്നാണ്. ഞങ്ങള്‍ക്കിടയില്‍ 'മതവ്യത്യാസ'മുണ്ട് എന്നാണ്. 'മതത്തിനു മീതെ മനുഷ്യനും പറക്കില്ല' എന്നാണ്.

ഞങ്ങളും നിങ്ങളും, ഇന്നിപ്പോള്‍ ഈ ലോകവും ഒക്കെ എന്തായാലും ഇങ്ങനെയൊക്കെയായിപ്പോയീ. പക്ഷേ കുറഞ്ഞത് ഞങ്ങളുടെ കുട്ടികളെങ്കിലും ഇതുപോലെയാകാന്‍ സത്യമായും ഞങ്ങളാഗ്രഹിക്കുന്നില്ല.

ഒന്നുറപ്പാണ്. മതരഹിതമായ ഒരു തലമുറ വളരെ വിദൂരമല്ലാത്ത നാളെയില്‍ ഇവിടെ വളര്‍ന്നുവരും. അന്നവര്‍ നിങ്ങളുടെ ഈ ചിത്രങ്ങള്‍ കണ്ട് തലയറഞ്ഞു ചിരിക്കും. തലമുറകളെ വെറുതെ വിടൂ. ഞങ്ങളുടെ കുഞ്ഞുങ്ങളെ വെറുതെ വിടൂ...


Keywords: Religion, Caste, Secularism, India, Kerala


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മതത്തിനു മീതെ മനുഷ്യന്‍ പറക്കുന്ന ദിവസം വരും, ഉറപ്പ്