Search

ഒന്നുറപ്പായി, പി. ജയരാജന്‍ ഭാവിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവില്ല, വെട്ടിയൊതുക്കലിനു പിന്നിലെ കഥയിങ്ങനെ...


ജാവേദ് റഹ്മാന്‍

കോഴിക്കോട് : തന്നെ വളര്‍ത്തിയ പാര്‍ട്ടിക്കു വിമര്‍ശിക്കാനും അധികാരമുണ്ടെന്നും  പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുമ്പോഴും അദ്ദേഹത്തെ പാര്‍ട്ടി വെട്ടിയൊതുക്കാന്‍ നടത്തുന്ന ശ്രമത്തില്‍ അമ്പരന്നിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍.

പാര്‍ട്ടിയുടെ ഉന്നത പദവയില്‍ നിന്നിട്ടും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള നേതാവായിട്ടും ഇതുവരെ അഴിമതിയുടെ ഒരു കറയും പി. ജയരാജന്റെ ദേഹത്തു വീണിട്ടില്ല. പാര്‍ട്ടിയുടെ ഔദാര്യമൊന്നും അദ്ദേഹം പറ്റുന്നുമില്ല. വളരെ സാധാരണക്കാരനായാണ് അദ്ദേഹം ജീവിക്കുന്നതും. പാര്‍ട്ടി തന്നെയാണ് ജയരാജന്റെ ജീവശ്വാസവും.

ഇങ്ങനെയായിട്ടും ജയരാജനെ പാര്‍ട്ടി കര്‍ശനമായി മൂക്കുകയറിട്ടു നിറുത്തുന്നതിനു കാരണം തിരയുമ്പോള്‍ ചെന്നെത്താവുന്നത്, ജയരാജന്‍ നാള്‍ക്കുനാള്‍ പാര്‍ട്ടിയില്‍ കരുത്തനും ശക്തനുമാവുന്നു എന്നതു തന്നെയാണ്. 2018 ഏപ്രിലില്‍ ഹൈദരാബാദിലാണ് ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്. ഇപ്പോഴത്തെ നിലയിലും കരുത്തിലും പോയാല്‍ പാര്‍ട്ടിയില്‍ ശക്തരായ നേതാക്കളുടെ ഗണത്തില്‍ ജയരാജന്‍ മുന്നില്‍ വരും. അതു പല നേതാക്കളുടെയും ഭാവിയിലേക്കുള്ള വളര്‍ച്ചയില്‍ വിലങ്ങുതടിയായി വരാം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ജരാജനെ വെട്ടുന്നതെന്നാണ് സൂചന.

ജയരാജന്‍ അഴിമതിക്കു കൂട്ടുനില്ക്കുകയോ ചെയ്യുകയോ ഇല്ലെന്നതുപോലെ തന്നെ അദ്ദേഹത്തെ സ്വാധീനിച്ച് ഒതുക്കുകയും എളുപ്പമല്ലെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ നാളെ പാര്‍ട്ടി സെക്രട്ടറിയുടെ റോളിലേക്കോ മറ്റോ ജയരാജന്‍ എത്തിപ്പെട്ടാല്‍ പലര്‍ക്കും അതു ബുദ്ധിമുട്ടുണ്ടാക്കും. ഇതെല്ലാം മുന്നില്‍ക്കണ്ട് ജയരാജനെ നേരത്തേ വെട്ടിയൊതുക്കുന്നുവെന്നാണ് കേള്‍ക്കുന്നത്.

കണ്ണൂരില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഉള്‍പ്പെടെ ഏതു നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങിലും ഏറ്റവുമധികം കൈയടി ജയരാജനാണ്. അതും അദ്ദേഹത്തിനു വിനയായി വന്നിട്ടുണ്ട്.

ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും അദ്ദേഹം പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന ധാരണ പരത്തിയെന്നാണ് സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരായി വിമര്‍ശനം ഉണ്ടായിരുന്നുവെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവുമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നുമാണ് ജയരാജന്‍ ഇന്നു രാവിലെ പ്രതികരിച്ചത്.

എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകും. സിപിഎം സംസ്ഥാനസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത ശരിയല്ല.

ആല്‍ബം തയാറാക്കിയത് തന്നോട് ആലോചിച്ചിട്ടല്ല.  കണ്ണൂര്‍ ജില്ലാഘടകത്തില്‍ നടക്കുന്നത് പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ജയരാജന്‍ ജില്ലാ സെക്രട്ടറിയായതില്‍ പിന്നെ സിപിഎമ്മിലേക്ക് മുസ്ലിം ലീഗില്‍ നിന്നും ബിജെപിയില്‍ നിന്നും പ്രവര്‍ത്തകര്‍ ഒഴുകിയെത്തിരുന്നു. ഇതിനു പിന്നില്‍ ജയരാജന്റെ കരുത്തുറ്റ സംഘടനാ പാടവം ഉണ്ടായിരുന്നു. പാര്‍ട്ടിലെ എല്ലാ ഘടകങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതും. ഇതെല്ലാം ഇല്ലാതാക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ എന്നാണ് നിഷ്പക്ഷരായ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍, ഒരു നേതാവും പാര്‍ട്ടിക്ക് അതീതനല്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി നല്കുന്നതെന്ന് പാര്‍ട്ടിക്കു വിധേയരായി പ്രവര്‍ത്തിക്കുന്ന നേതാക്കളും പ്രതികരിക്കുന്നു.

Keywords: P Jayarajan, CPM, Kannur, Pinarayi Vijayan, Kodiyeri Balakrishnan

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഒന്നുറപ്പായി, പി. ജയരാജന്‍ ഭാവിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവില്ല, വെട്ടിയൊതുക്കലിനു പിന്നിലെ കഥയിങ്ങനെ...