Search

കളക്ടറുടെ റിപ്പോര്‍ട്ട് ചോര്‍ന്നു മാധ്യമങ്ങളിലെത്തിയതോടെ മന്ത്രി തോമസ് ചാണ്ടി രാജിയുടെ വക്കിലേക്ക്, ജാഗ്രതായാത്ര കഴിഞ്ഞാല്‍ പിന്നെ ജാഗ്രത മന്ത്രിയുടെ മേല്‍


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: ആലപ്പുഴയില്‍ വയല്‍ നികത്തി മന്ത്രി തോമസ് ചാണ്ടി ഗുരുതര ചട്ട ലംഘനം നടത്തിയെന്ന കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയെ രക്ഷിക്കാനാവാത്ത വിധം ഇടതു മുന്നണി കുരുക്കിലായി.

ഇടതു മുന്നണി നടത്തുന്ന ജനജാഗ്രതാ ജാഥയുടെ അവസാന ദിനത്തിലാണ് മന്ത്രിയുടെ കൊള്ളരുതായ്കകള്‍ പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ട് ചാനലുകള്‍ക്കു ചോര്‍ന്നു കിട്ടിയിരിക്കുന്നത്. ഇതിനു പിന്നില്‍ മന്ത്രിയുടെ തന്നെ പാര്‍ട്ടിയിലെ ചിലരാണെന്നാണ് സൂചന.

എന്‍സിപിയില്‍ തോമസ് ചാണ്ടിക്കെതിരേ നില്‍ക്കുന്ന ചിലര്‍ക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ നടപടി വന്നിരുന്നു. അവരില്‍ ചിലരാണ് കളക്ടറുടെ റിപ്പോര്‍ട്ട് ചോര്‍ത്തി ചാനലുകള്‍ക്കു കൊടുത്തതെന്നാണ് അറിയുന്നത്.

എന്തായാലും റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരും ഇടതു മുന്നണിയും വെട്ടിലായിരിക്കുകയാണ്. ജനജാഗ്രതാ യാത്രയുടെ തിളക്കമെല്ലാം കെടുത്താന്‍ പോന്നതായിരുന്നു മന്ത്രിയുടെ പേരിലെ ആരോപണങ്ങള്‍.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിനു പുറമേ, കൊടുവളളി സ്വര്‍ണക്കടത്ത് പ്രതികളുമായുളള സി.പി.എം നേതാക്കളുടെ ബന്ധം, ഗെയില്‍ പൈപ്പ് ലൈന്‍ വിവാദം തുടങ്ങിയവും യാത്രയുടെ മാറ്റു കുറച്ചിരുന്നു.

മന്ത്രിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കെ, ഇനിയും മന്ത്രിയെ ചുമന്നു നാറേണ്ടതില്ലെന്ന നിലപാടിലാണ് ഇടതു മുന്നണിയിലെ ഒരു വിഭാഗം. ഇതില്‍ ശക്തമായ നിലപാടെടുത്തിരിക്കുന്നത് സിപി ഐയാണ്. ഇപ്പോള്‍ സിപിഎമ്മിലെ ഒരു വിഭാഗവും ഇൗ നിലപാടിനു പിന്തുണയുമായുണ്ട്.ഇതോടെ, വരും ദിവസങ്ങളില്‍ മന്ത്രിയുടെ കസേര തെറിക്കുന്നതുള്‍പ്പെടെ നടപടികള്‍ ഉണ്ടായാലും അതിശയിക്കാനില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ നിലപാട് കൂടി വ്യക്തമാവുന്നതോടെ തോമസ് ചാണ്ടിക്കു പുറത്തേയ്ക്കു പോകേണ്ടിവന്നാലും അതിശയിക്കാനില്ലെന്നാണ് ലഭിക്കുന്ന വിവരം.

ബി.ജെ.പിയുടെ ജനരക്ഷായാത്രയ്ക്ക് ബദലായി കാനം രാജന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ ജാഥ എറണാകുളത്തും കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖലാ ജാഥ തൃശൂരിലുമാണ് സമാപിക്കുന്നത്.

വ്യാഴാഴ്ച നിയമസഭാ സമ്മേളനം നടക്കുകയാണ്. ഇതില്‍ സരിതയും സോളാറും കത്തിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനായിരുന്നു ഭരണപക്ഷം പദ്ധതിയിട്ടിത്. ഇതിനിടെയാണ് മന്ത്രി പ്രതിക്കൂട്ടിലായത്. നിയമസഭ കൂടുന്നതിനു മുന്‍പ് മന്ത്രിയെക്കൊണ്ട് രാജവയ്പ്പിച്ച് പ്രതിസന്ധിയില്‍ നിന്നു തലയൂരണമെന്നാണ് സിപി ഐ പറയുന്നത്.


കളക്ടറുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍:

* മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോട്ടിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ തന്നെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണ്.
* തണ്ണീര്‍ തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയത്.
* 2003 ലാണ് ബണ്ടില്‍ മാറ്റം വരുത്തിയത്. തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോ ആയിരുന്നു അന്ന് സ്ഥലമുടമ.
* 2003ല്‍ നികത്തിയ ബണ്ട്് 2006ല്‍ പിന്നീട് റിസോട്ടിന്റെ പാര്‍ക്കിംഗ് ഏരിയയാക്കി മാറ്റി.
* ലേക് പാലസ് റിസോട്ടിലേക്ക് 2006 വരെ റോഡില്ലായിരുന്നു. ബോട്ടുവഴിയാണ് ഇവിടെ താമസക്കാര്‍ വന്നുപോയിരുന്നത്.
* 2007 ല്‍ റോഡ് പണിതു. ഇതിന് സാമാജികരുടെ വികസന ഫണ്ടുകളും ഉപയോഗിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് നിര്‍മാണം നടത്തിയത്.
* സര്‍ക്കാറിന്റെ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഉത്തരവ് മറികടന്ന് ഉദ്യോഗസ്ഥ തലത്തിലും വീഴ്ച നടന്നു.
* വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല. ഒരു മീറ്റര്‍ മാത്രമായിരുന്നു ബണ്ടിന്റെ വീതി. ഇത് നാലു മുതല്‍ 12 മീറ്റര്‍ വരെ വീതിയാക്കി മാറ്റി.
* ജലസേചന വകുപ്പ്  ഗുരുതര നിയമലംഘനം നടത്തി, ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിച്ചില്ല.
* വയല്‍ നികത്തി നിര്‍മിച്ചറോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ അനുവാദം നല്‍കണമോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.

Keywords: Thomas Chandy, Transport Miniters, Alappuzha, Lake Palace Resort
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കളക്ടറുടെ റിപ്പോര്‍ട്ട് ചോര്‍ന്നു മാധ്യമങ്ങളിലെത്തിയതോടെ മന്ത്രി തോമസ് ചാണ്ടി രാജിയുടെ വക്കിലേക്ക്, ജാഗ്രതായാത്ര കഴിഞ്ഞാല്‍ പിന്നെ ജാഗ്രത മന്ത്രിയുടെ മേല്‍