സ്വന്തം ലേഖകന്‍ കൊച്ചി : ഇടുക്കിയില്‍ കൂടുതല്‍ ഇടതു നേതാക്കള്‍ ഭൂമി കൈയേറിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഭരണമുന്നണിയെ മു...
സ്വന്തം ലേഖകന്‍
കൊച്ചി : ഇടുക്കിയില്‍ കൂടുതല്‍ ഇടതു നേതാക്കള്‍ ഭൂമി കൈയേറിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഭരണമുന്നണിയെ മുള്‍മുനയിലാക്കുന്നു. ഇടതു സ്വതന്ത്രനായ ജോയിസ് ജോര്‍ജ് എംപിയുടെ 28 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടിയതിനു പിന്നാലെ പുറത്തുവന്നിരിക്കുന്നത് പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ജോണ്‍ ജേക്കബ് ആള്‍മാറാട്ടം നടത്തി കൊട്ടക്കാമ്പൂരില്‍ 52 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയതിന്റെ കഥയാണ്.
ഭൂമി ഇടുക്കിയില്‍ വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലാണെങ്കിലും രജിസ്ട്രേഷന് നടത്തിയിരിക്കുന്നത് 2004 ജൂണ്‍ 28ന് എറണാകുളം കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫീസിലാണ്. രജിസ്ട്രേഷനു വേണ്ടി ജോണ്‍ ജേക്കബ് എം.ഡിയായ റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയിലെ പട്ടികജാതിക്കാരായ എട്ടു ജീവനക്കാരെയാണ് ഭൂമിയുടെ ഉടമകളാക്കി അവതരിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് 2004 ജൂണ്‍ 30ന് ഈ ഭൂമി ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ജോണ്‍ ജേക്കബിന്റെയും ഭാര്യയുടേയും പേരിലുള്ള റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിക്ക് തീരാധാരം രജിസ്റ്റര്‍ ആക്കി നല്‍കിയിട്ടുമുണ്ട്.
ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ തൊട്ടടുത്തു തന്നെയാണ് ജോണ്‍ ജേക്കബിന്റെ ഭൂമിയും. മന്ത്രി എം.എം മണിയുമായി വളരെ അടുപ്പമുള്ള നേതാവാണ് ജോണ്‍ ജേക്കബ്. കൊട്ടക്കമ്പൂരിലും മറ്റും കൈയേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ ഇടതു നേതാക്കള്‍ ശക്തമായ എതിര്‍പ്പുമായി വരുന്നതിനു കാരണം ഇത്തരം കൈയേറ്റങ്ങള്‍ പുറത്തുവരുമെന്ന ഭയമാണെന്നാണ് സൂചന.
ജോണ്‍ ജേക്കബിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്നാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. പട്ടികജാതിക്കാരായ 13 കര്‍ഷകരുടെ പേരിലാണ് പട്ടയമുണ്ടാക്കിയിരിക്കുന്നത്. ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഇവയുടെ ആധാരം നടത്തേണ്ടത്. ഇവിടെ ചെയ്താല്‍ തട്ടിപ്പു പുറത്താകുമെന്നു ഭയന്നാണ് എറണാകുളത്തേയ്ക്കു പോയത്.
ജോണ്‍ ജേക്കബിന്റെ അച്ഛനും സഹോദരങ്ങളും നൂറേക്കറിലേറെ ഭൂമി നേരത്തേ സ്വന്തമാക്കിയിരുന്നു. 1999ല്‍ തമിഴ് കര്‍ഷകര്‍ക്ക് താമസിക്കാന്‍ പട്ടയം കൊടുത്ത ഭൂമി തട്ടിയെടുത്തതിനെക്കുറിച്ചു നേരത്തേ പരാതി വന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണം പ്രഹസനത്തിലൊതുങ്ങിയിരുന്നു.
Keywords: Kottakamboor, Idukki, Land Scam, John Jacob, Joyce George
COMMENTS