Search

ഒരാഴ്ച മുന്‍പേ കിട്ടിയ മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി ഉറങ്ങി, വന്‍ ദുരന്തം വിലകൊടുത്തു വാങ്ങി, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞത് ഇന്നലെ ഉച്ചയ്ക്ക്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: 71 മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാവുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത ദുരന്തത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ച മുന്‍പേ നല്കിയ മുന്നറിയിപ്പ് കേരള ദുരന്തനിവാരണ അതോറിറ്റി മുഖവിലയ്‌ക്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഇതേസമയം, ഇരുനൂറോളം പേരെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതേസമയം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പൊന്നും നല്കിയിരുന്നില്ലെന്നു പറഞ്ഞ്, ഭീകര ദുരന്തത്തിന്റെ പാപഭാരത്തില്‍ നിന്നു തലയൂരാനാണ് കേരളം ശ്രമിക്കുന്നത്.

ഓഖി ചുഴലിക്കാറ്റും പേമാരിയും വരുന്നുണ്ടെന്ന് ബുധനാഴ്ച തന്നെ ഹൈദരാബാദിലെ ദേശീയ സമുദ്രഗവേഷണ കേന്ദ്രവും കേരളത്തെ അറിയിച്ചിരുന്നു. ഇതിനു പുറമേയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പും വന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൊടുത്തത്. ഇതിനു പുറമേ ശംഖുമുഖത്തിനടുത്ത് കടലില്‍ ഞായറാഴ്ച ഫണല്‍ മാതൃകയില്‍ മഴമേഘം കടലിലേക്ക് ഇറങ്ങിയിരുന്നു. ഇതും ചുഴലിയുടെ മുന്നറിയിപ്പു കൂടിയായിരുന്നു.


ഞായറാഴ്ച വൈകിട്ട് വാട്ടര്‍ സ്പൗട്ട് പ്രതിഭാസം (കടല്‍ ടൊര്‍ണാഡോ) ദൃശ്യമായിട്ടും ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യം ഗൗരമവായെടുത്തില്ല. ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. മേഘം താഴേക്ക് ഫൗണ്ടന്‍ പോലെ വരികയും കടലിലില്‍ വന്‍ തിരയിളക്കമുണ്ടാവുകയും ചെയ്തിരുന്നു. വാട്‌സ് ആപ് വഴി ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത് ആശങ്കയ്ക്കിടയാക്കുകയും ചെയ്തിരുന്നു.

ശക്തമായ ഇടിമിന്നലില്‍ മേഘങ്ങള്‍ക്കിടയിലുണ്ടാകുന്ന മര്‍ദ്ദവ്യത്യാസമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് അധികൃതര്‍ ജനത്തിന്റെ ആശങ്ക അകറ്റുക മാത്രമാണ് ചെയ്തത്.

ചുഴലിക്കാറ്റിനെയും മഴയേയും കുറിച്ചു കേന്ദ്രം മുന്നറിയിപ്പു തന്നിരുന്നുവെന്ന്
മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ചന്ദ്രശേഖരനും മറ്റും അറിയുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. അപ്പോഴേക്കും പേമാരി തെക്കന്‍ കേരളത്തെ മുക്കിയിരുന്നു. കാറ്റും വലിയൊരു മേഖലയില്‍ വീശിയടിച്ചുപോയിരുന്നു.

മുന്നറിയിപ്പ് കിട്ടിയിട്ടും അതു ഫയലില്‍ പൂഴ്ത്തിവച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉറങ്ങിയതാണ് ദുരന്തം ഇത്രയും വലുതാക്കിയത്. പല അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനാവുമായിരുന്നു. കടലില്‍ 71 മത്സ്യത്തൊഴിലാളികളെ കാണാതായ അവസ്ഥയും ഒഴിവാക്കാമായിരുന്നു.

തീരദേശ മേഖലയില്‍ ഈ അനാസ്ഥയുടെ പേരില്‍ വന്‍ പ്രതിഷേധാമാണ്. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരറിയിപ്പും മത്സ്യത്തൊഴിലാളികള്‍ക്ക് ആരും കൊടുത്തില്ല.

ഇത്രയും ദുരന്തം ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനവും കാര്യമായി നടക്കുന്നില്ല. തിരുവനന്തപുരത്ത് സെന്റ് ആന്‍ഡ്രൂസ് കടല്‍ത്തീരത്ത് കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചാളത്തടിയില്‍ പിടിച്ചു മത്സ്യത്തൊഴിലാളി കിടക്കുന്നതായി അറിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനു പോയില്ല. പ്രതിഷേധം ശക്തമായ ശേഷമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനു പോയത്.നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായിട്ടില്ല.

ചാളത്തടിയിലും കന്നാസിലും മറ്റും പിടിച്ച് നിരവധി പേര്‍ കടലില്‍ പൊങ്ങിക്കിടക്കുകയാണെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. വേളി സെന്റ് ആന്ഡ്രൂസ് പള്ളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത് തീരത്ത് കൂടുതല്‍ ആശങ്ക പരത്തിയിട്ടുണ്ട്.

കൊല്ലത്ത് 25 പേരും വിഴിഞ്ഞത്ത് അഞ്ച് പേരും തിരിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിയാല്‍ കൊടും തണുപ്പ് അതിജീവിക്കാനാവാതെ ഇവര്‍ മരണത്തിനു കീഴടങ്ങേണ്ടിവരും.

മാലിയില്‌നിന്ന് തൂത്തുക്കുടിയിലേക്കു വന്ന ഉരു വിഴിഞ്ഞത്തിനടുത്ത് മുങ്ങിക്കൊണ്ടിരിക്കുന്നു. ഇതില്‍ എട്ടു തൊഴിലാളികളുണ്ട്. കേരളത്തില് നിന്ന് 18 ബോട്ടുകളും തമിഴ്‌നാട്ടില് നിന്നു് ഒരു ബോട്ടും കാണാതായതായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചെങ്കിലും ഇതുവരെ രക്ഷാദൗത്യമൊന്നും ആരംഭിച്ചിട്ടില്ല. ചുഴലിക്കാറ്റിനെക്കുറിച്ച് ദുരന്ത നിവാരണ വകുപ്പിന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് മുന്നറിയിപ്പ് കിട്ടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ വഴി രണ്ട് ദിവസം മുമ്പ് തന്നെ സന്ദേശം കൊടുത്തിരുന്നു. തീരദേശ വാസികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

33 വള്ളങ്ങളെ രക്ഷാ കപ്പലുകള്‍ കണ്ടെത്തിയിട്ടുണ്ട്. വള്ളം ഉപേക്ഷിേച്ച് കപ്പലില്‍ കയറാന്‍ അതിലുള്ളവര്‍ തയ്യാറാകുന്നില്ല. വള്ളമടക്കം തങ്ങളെ കരയിലെത്തിക്കാനാവുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മതിയെന്നും അവര്‍ പറയുന്നതിനാല്‍ രക്ഷാദൗത്യം വൈകുകയാണ്.

വള്ളം കൂടി കരയിലെത്തിക്കുക ഇപ്പോള്‍ സാദ്ധ്യമല്ല. വള്ളം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതില്‍ നിന്ന് അവര്‍ സുരക്ഷിതരാണെന്നു വ്യക്തമാണ്. കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതിനാല്‍ അവിടെയും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ചുമതലയുണ്ടെന്നും വരാത്ത മത്സ്യത്തൊഴിലാളികളെ കാത്തുനില്‍ക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ നിരീക്ഷണ വിമാനങ്ങള്‍ വിട്ടുതരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെടും. നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും ഉള്‍പ്പെടെ ഏഴു കപ്പലുകള്‍ തിരച്ചില്‍ നടത്തുന്നു.

10 പേരെ മര്‍ച്ചന്റ് നേവി കപ്പലുകളും 10 പേരെ നേവിയും രക്ഷിച്ചു. കരയിലുള്ള ബന്ധുക്കള്‍ തിരച്ചിലിനു പോകുന്നത് ആപത്താണ്. അങ്ങനെ പോയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ കപ്പല്‍ പോകേണ്ടിവന്നു. സ്വയം രക്ഷാദൗത്യത്തിന് ആരും കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


Keywords:   Kerala State Disaster Relief Authority, Chief Minister , Kerala,  Central Meteorological Department, the National Maritime Research Center, Hyderabad, powerful hurrican, Sea Tornado, cyclone , rainfall,
Chief Minister Pinarayi Vijayan , Revenue Minister Chandrashekharan,   fishermen , sea , Coast Guard, boat,  St. Andrews church , Veli vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരാഴ്ച മുന്‍പേ കിട്ടിയ മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി ഉറങ്ങി, വന്‍ ദുരന്തം വിലകൊടുത്തു വാങ്ങി, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞത് ഇന്നലെ ഉച്ചയ്ക്ക്