Search

സെപ്തംബറില്‍ കുറിഞ്ഞി ഉദ്യാനം കത്തിയത് ബോധപൂര്‍വമായ അട്ടിമറി, ഇതുവരെ കേസെടുക്കാന്‍ പോലും മെനക്കെടാതെ വനം വകുപ്പ്, അട്ടിമറിക്കു പിന്നില്‍ രാഷ്ട്രീയ ലോബിയുടെ കളി ശക്തം


റോയ് പി തോമസ്

കൊച്ചി :  നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ, ഇക്കഴിഞ്ഞ സെപ്തംബറില്‍ ഉദ്യാനപ്രദേശത്ത് മുന്നൂറ് ഏക്കറോളംവരുന്ന പ്രദേശത്തെ ചെടികള്‍ കത്തിനശിച്ചതിനെക്കുറിച്ച് ഇനിയും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടില്ല. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ പ്രഖ്യാപനം വരാനിരിക്കെ നടന്ന തീപിടിത്തം ബോധപൂര്‍വം നടത്തിയ തീകത്തിക്കലായിരുന്നുവെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

കൊട്ടാക്കമ്പൂര്‍ ഗ്രാമത്തിനടുത്ത് ജണ്ടപ്പാറയ്ക്കു സമീപമാണ് ചെടികള്‍ കത്തിച്ചത്. കാട്ടുതീ നിമിത്തമാണ് ചെടികള്‍ കത്തിയതെന്നാണ് വനംവകുപ്പും പൊലീസുമെല്ലാം നിലപാടെടുത്തിരുന്നത്. എന്നാല്‍, കത്തിക്കലിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

വട്ടവട പഞ്ചായത്തിലാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമം. മൂന്നാറില്‍ ഇവിടേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. ജണ്ടപ്പാറ മേഖല കോടമഞ്ഞിറങ്ങുന്ന പ്രദേശമാണ്. നീലക്കുറിഞ്ഞികള്‍ തഴച്ചുവളരുന്ന ഇടമാണ് ഇവിടം.

കത്തിച്ചു കളഞ്ഞ കുറിഞ്ഞി ചെടികള്‍ 
വീണ്ടും തളിര്‍ത്തു വരുന്നു

കുറിഞ്ഞി വളരുന്ന ഇവിടെ ഗ്രാന്റീസ് മരങ്ങളും ധാരാളമായുണ്ട്. മരങ്ങള്‍ക്കു തീയിട്ട് അതുവഴി ഉദ്യാനമാകെ കത്തിച്ചതാണെന്നാണ് സംശയം. കത്തിയ ചെടികള്‍ പിന്നീട് ലഭിച്ച നല്ല മഴയില്‍ വീണ്ടും തളിര്‍ത്തിരുന്നു. ഇതില്‍ വലിയൊരു പങ്ക് പിഴുതുകളയുന്നതായും പ്രദേശവാസികള്‍ പറയുന്നു.

ഒറ്റയടിക്കു കത്തിക്കുകയായിരുന്നില്ല. ഇടയ്ക്കിടെ തീപിടിത്തമുണ്ടാവുകയായിരുന്നു. രണ്ടു മാസത്തോളം ഇത്തരത്തില്‍ തീയും പുകയും ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ അറിയിച്ചാലും വളരെ വൈകിയാണ് അധികൃതര്‍ എത്തിയിരുന്നത്.

ഗ്രാന്റീസ് മരങ്ങള്‍ സ്വാഭാവികമായി വന്നവയല്ല. കൈയേറ്റക്കാര്‍ വച്ചുപിടിപ്പിച്ചവയാണ് ഇവ. ഗ്രാന്റീസുകള്‍ വ്യാപകമായി വളര്‍ന്നതോടെ അതിനിടയില്‍ നീലക്കുറിഞ്ഞിക്കു വളരാന്‍ കഴിയാത്ത സ്ഥിതിയായി. മരക്കൂട്ടത്തിനിടയിലും പിടിച്ചുനിന്ന് ചെടികളാണ് കത്തിച്ചുകളഞ്ഞത്.

ജണ്ടപ്പാറയില്‍ ഷോല നാഷണല്‍ പാര്‍ക്ക് വരെ വന്‍തോതില്‍ ഗ്രാന്റീസ് വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവ വളര്‍ന്നു പാകമെത്തുമ്പോള്‍ നട്ടവര്‍ തന്നെ വെട്ടിയെടുക്കുകയും പതിവാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷിയിറക്കും പോലെ മരം നട്ടു വെട്ടിക്കൊണ്ടു പോയിട്ടും ഇക്കാര്യത്തിന്റെ പേരില്‍ വനം വകുപ്പ് ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.

കൊട്ടാക്കമ്പൂരില്‍ നിന്ന് ജണ്ടപ്പാറിലേക്ക് എത്തണമെങ്കില്‍ രണ്ടു മണിക്കൂര്‍ കാട്ടിലൂടെ നടക്കണം. ഈ മെനക്കേടിന് വനം വകുപ്പില്‍ നിന്ന് അധികമാരും വരാറില്ല. ഇതാണ് കൈയേറ്റക്കാര്‍ക്ക് സൗകര്യമാവുന്നതും.

നിയമം
* കുറിഞ്ഞിച്ചെടി നശിപ്പിക്കുകയോ, പറിച്ചുകടത്തുകയോ ചെയ്താല്‍ വന  വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.


കണക്കു പ്രകാരം നീലക്കുറിഞ്ഞി പൂക്കാന്‍ ഇനി മാസങ്ങളേ ബാക്കിയുള്ളൂ. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കാത്തതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ പിന്നെയാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. ഇതിനിടയിലാണ് ചെടികള്‍ക്കു തന്നെ തീയിട്ടത്.

നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നിടമെല്ലാം ഉദ്യാനത്തിന്റെ ഭാഗമായി മാറുമെന്ന ഭയമാണ് തീയിട്ടു നശിപ്പിക്കാന്‍ കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു. തദ്ദേശീയരായ കര്‍ഷകര്‍ ഭൂമിയെയും ചെടികളെയും പരമാവധി പരിപാലിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയേറ്റ മാഫിയയാണ് സര്‍വതും നശിപ്പിച്ചു വെട്ടിപ്പിടിച്ചു മുന്നേറുന്നത്. ഇതില്‍ രാഷ്ട്രീയക്കാരാണ് വലിയൊരു പങ്ക്.

വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം വിരുന്നുവരാറുള്ള മുഗ്ദ്ധസൗന്ദര്യം, നീലക്കുറിഞ്ഞി


ജോയ്‌സ് ജോര്‍ജ് എം.പിയുടേത് ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ കൈയേറ്റ ഭൂമിയുള്ള പ്രദേശത്താണ് തീ കത്തിപ്പടര്‍ന്നതെന്നത് ഇവിടെയാണ് പ്രസക്തമാവുന്നത്. കത്തിയതല്ല, കത്തിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടും വനം വകുപ്പ് ഇതുവരെ കേസെടുത്തില്ലെന്നതും മറ്റൊരു വസ്തുതയാണ്.

Keywords: Neelakurinji, Munnar, Vattavada, Kerala Forest


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സെപ്തംബറില്‍ കുറിഞ്ഞി ഉദ്യാനം കത്തിയത് ബോധപൂര്‍വമായ അട്ടിമറി, ഇതുവരെ കേസെടുക്കാന്‍ പോലും മെനക്കെടാതെ വനം വകുപ്പ്, അട്ടിമറിക്കു പിന്നില്‍ രാഷ്ട്രീയ ലോബിയുടെ കളി ശക്തം