Search

ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ അന്വേഷക സംഘം ജാഗ്രതയില്‍, നടി ആക്രമിക്കപ്പെട്ട കേസിനു പുതിയ മാനം


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: നടിയെ ആക്രമിക്കപ്പെട്ട കേസ് സിബി ഐക്കു വിടുകയോ അന്വേഷക സംഘത്തെ പാടേ മാറ്റി പുതിയ അന്വേഷക സംഘത്തെ വയ്ക്കുകയോ വേണമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു രേഖാമൂലം കത്തുകൊടുക്കുക വഴി കേസ് പുതിയ തലത്തിലേക്ക് എത്തിക്കാന്‍ നടന്‍ ദിലീപിന്റെ നീക്കം.

കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നിരിക്കെ, ദിലീപ് നടത്തിയ ഈ നീക്കത്തിനു പ്രാധാന്യമേറെയാണ്. കേസില്‍ തന്നെ കുടുക്കിയതാണെന്ന വാദം സമര്‍ത്ഥിക്കാനായാല്‍ കേസിന്റെ വിചാരണ വേളയില്‍ ദിലീപിന് അത് ഏറെ ഗുണം ചെയ്യും. ഇതു മുന്നില്‍ കണ്ടു തന്നെയാണ് ഈ ആവശ്യവുമായി ദിലീപ് ആഭ്യന്തര വകുപ്പിനെ സമീപിച്ചിരിക്കുന്നത്.

വാദിയായി എത്തിയ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും ദക്ഷിണ മേഖലാ എഡിജിപി ബി.സന്ധ്യയും ചേര്‍ന്ന് പ്രതിയാക്കിയെന്നാണ് ദിലീപിന്റെ ആരോപണം. രണ്ടാഴ്ച മുന്‍പാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് 12 പേജുള്ള വിശദമായ കത്ത് കൊടുത്തത്. കത്തു പുറത്തുവന്നത് ഇന്നാണെന്നുമാത്രം.

തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പ്രധാന പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായതു മുതല്‍ ശ്രമമുണ്ടായി. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നും കത്തില്‍ പറയുന്നു. എല്ലാത്തിനും ശാസ്ത്രീയ തെളിവുകള്‍ തന്റെ പക്കലുണ്ട്.

അന്വേഷണ സംഘം തനിക്കെതിരേ കണ്ടെത്തിയെന്നു പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ഈ കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നതിനാല്‍ തന്നെ  നിലവിലെ അന്വേഷക സംഘത്തെ മാറ്റി നിറുത്തി അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികള്‍ പുറത്തുവരുമെന്നും അതല്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടു. താന്‍ പറഞ്ഞ പലതും പൊലീസ് രേഖപ്പെടുത്തിയില്ല. നേരത്തേ ഫയല്‍ ചെയ്ത ജാമ്യാപേക്ഷയിലും ഇതെല്ലാം വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, മുന്‍ ഭാര്യ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ , ആലുവാ റൂറല്‍ എസ്പി എ.വി. ജോര്‍ജ് എന്നിവര്‍ക്കെതിരേയെല്ലാം ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കൊടുത്തിരിക്കുന്ന കത്തില്‍ ആരോപണമുണ്ട്.

പദവിക്ക് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്ത് ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തില്‍ തൊടുവിക്കരുതെന്നു പറയുക വഴി ദിലീപ് ഉദ്ദേശിക്കുന്നത് പുറത്തുള്ള ഏജന്‍സിയുടെ അന്വേഷണം തന്നെയാണ്. അതു നടന്നില്ലെങ്കിലും കോടതിയിലെത്തുമ്പോള്‍ കേസിന്റെ കാഠിന്യം കുറച്ചെടുക്കാനാവുമെന്ന പ്രതീക്ഷയും ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പാണ് ദിലീപ് ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്നതിനാല്‍, അന്വേഷക സംഘം കൂടുതല്‍ കരുതലോടെ നീങ്ങാനാണ് സാദ്ധ്യത. ദിലീപിന്റെ ഈ നീക്കത്തെ അപായ സൂചനയായാണ് അന്വേഷക സംഘം കാണുന്നത്.

Keywords: Dileep, Case, Loknath Behra, CBIvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ അന്വേഷക സംഘം ജാഗ്രതയില്‍, നടി ആക്രമിക്കപ്പെട്ട കേസിനു പുതിയ മാനം