സ്വന്തം ലേഖകന്‍ കൊച്ചി: പുട്ടുകടയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിന് നടന് ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ശക്തമായി എതിര്‍ത്ത പ്രേ...
സ്വന്തം ലേഖകന്‍
കൊച്ചി: പുട്ടുകടയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിന് നടന് ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷനെ നിസ്സഹായരാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കിക്കൊണ്ട്, വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാലു ദിവസമാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം ആറു ദിവസം പാസ്പോര്‍ട്ട് കൈവശം വയ്ക്കാം.
പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശവും നല്കി. ജാമ്യം ലഭിക്കുന്ന വേളയില്‍ ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവച്ചിരുന്നു.
വിദേശത്ത് താമസിക്കുന്ന വിലാസം ദിലീപ് പൊലീസിനെ അറിയിക്കണം. ദേ പുട്ട് റസ്റ്റോറന്റിന്റെ ശാഖ ഉദ്ഘാടനത്തിനാണ് താരം ദുബായില്‍ പോകുന്നത്. ഈമാസം 29നാണ് ഉദ്ഘാടനം.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും ദിലീപ് വിദേശത്തുപോയാല് സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും പ്രോസിക്യുഷന് വാദിച്ചു. കുറ്റപത്രം സമര്പ്പിക്കുന്നതിനുമുന്പ് വിദേശത്തു പോകാന്‍ അനുവദിക്കരുതെന്നായിരുന്ന പ്രധാന ആവശ്യം.
എന്നാല്‍, പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്നെ എത്ര ദിവസത്തേക്കാണ് വിദേശത്ത് തങ്ങേണ്ടതെന്ന് കോടതി ആരാഞ്ഞപ്പോള്‍ തന്നെ ദിലീപിന്റെ അഭിഭാഷകര്‍ ശുഭ പ്രതീക്ഷയിലായി.
ദിലീപിന്റെ ജാമ്യം തന്നെ റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് മൂന്ന് സാക്ഷികളെ സ്വാധീനിച്ചതിനു തെളിവുണ്ട്. കാവ്യാ മാധവന്റെ ഡ്രൈവറും കൊച്ചിയിലെ ഒരു അഭിഭാഷകനും ദിലീപിന്റെ ഡ്രൈവറുമാണ് സാക്ഷികളെ സ്വാധീനിക്കുന്നതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
പൊലീസിന കൊടുത്ത മൊഴികള്‍ ഈ സാക്ഷികള്‍ മാറ്റി. കോടതിയില്‍ രഹസ്യമൊഴി നല്‍കാമെന്ന് ഉറപ്പ് നല്കിയ ഇവര്‍ അത് പിന്നീട് മാറ്റുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് ജാമ്യം റദ്ദുചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നു പ്രോസിക്യൂഷന് പറഞ്ഞു. ഇതുപക്ഷേ, കോടതി പരിഗണിച്ചില്ല.
എന്നാല്‍, ആരോപണം ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ പ്രോസിക്യുഷനോട് കോടതി പറഞ്ഞു. ഇത്രയും ഗൗരവുമുള്ള ആരോപണം ദിലീപിന്റെ ജാമ്യ ഹര്‍ജി വന്നപ്പോള്‍ മാത്രം ഉന്നയിച്ചതും പ്രോസിക്യൂഷനു തിരിച്ചടിയായി.
ദിലീപിന് വിദേശത്തു പോകാനുള്ള നിബന്ധനകള്‍ ഇവയാണ്:
* യാത്രയുടെ വിശദാംശം കോടതിയില്‍ അറിയിക്കണം.
* ആരെയൊക്കെയാണ് കാണുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നും മുന്‍കൂര്‍ കോടതിയെ അറിയിക്കണം.
* താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം പൊലീസിനു നല്‍കണം.
* ഏഴു ദിവസത്തിനകം പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കണം.
നിബന്ധനയില്‍ പറയുന്നു.
Keywords: Dileep, Dhe Puttu, High Court, Kavya Madhavan, Dubai
COMMENTS