BREAKING NEWS
Search

മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്നു സുപ്രീം കോടതി, പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ നിര്‍ബന്ധം തന്നെ


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സെല്‍ ഫോണ്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി.

ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സന്ദേശം നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് കോടതി മൊബൈല്‍ സേവനദാതാക്കളോടും സമാനമായ സന്ദേശം നല്കുന്ന ബാങ്കുകളോടും ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍  ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. എല്ലാ കാര്യങ്ങളും ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണം. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ മൊബൈല്‍ സിമ്മുകളും അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ആധാര്‍ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു പട്ടിണി മരണവും രാജ്യത്ത് നടന്നിട്ടില്ല. ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഏകപക്ഷീയമായി സര്‍ക്കാരിന് പരിഷ്‌കരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സുപ്രീം കോടതിയാണ് ഈ തീയതി തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചതായും കേന്ദ്രം ഉറപ്പുനല്‍കി.

മാര്‍ച്ച് 31 വരെ നിലവിലുള്ള അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കില്ല. പാന്‍ കാര്‍ഡുമായി  ആധാര്‍ ബന്ധിപ്പക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്ര തീരുമാനം സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനും കഴിയും.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്നു സുപ്രീം കോടതി, പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ നിര്‍ബന്ധം തന്നെ