Search

ചന്ദ്രശേഖരന്‍ വധക്കേസ് ഒത്തുതീര്‍ത്തുവെന്ന ബല്‍റാമിന്റെ പ്രസ്താവന കോണ്‍ഗ്രസിനു കനത്ത പ്രഹരമായി, ഉത്തരം മുട്ടി മുതിര്‍ന്ന നേതാക്കള്‍


കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനാ അന്വേഷണം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചക്കളത്തിപ്പോരിനു പുതിയ മാനം നല്കി.

ഉമ്മന്‍ ചാണ്ടി മാനഭംഗക്കേസില്‍ പെട്ട് മാനംകെട്ടു നില്‍ക്കെയാണ് ബല്‍റാം ഇങ്ങനെയൊരു അടിയടിച്ചത്. അതു ചെന്നു കൊള്ളുന്നതാവട്ടെ മുന്‍ ആഭ്യന്തര മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലക്കുമാണ്.

സരിതാ നായര്‍ കേസില്‍ ഇപ്പോള്‍ ഫലത്തില്‍ ഗുണഭോക്താവ് രമേശാണ്. ഈ വിവാദങ്ങളില്‍ നാറാതെ നില്‍ക്കുന്നത് രമേശ് മാത്രമാണ്. രമേശിനെ കൂടി ഒരു വഴിക്കാക്കാന്‍ ബല്‍റാമിന്റെ വാക്കുകള്‍ പര്യാപ്തവുമാണ്. ഇതു തിരിച്ചറിഞ്ഞാണ്, ബല്‍റാമിനെ തള്ളി രമേശ് രംഗത്തു വന്നത്.

ടി.പി വധവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല. വളരെ ഭംഗിയായാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നും രമേശ്  പറഞ്ഞു.

ബല്‍റാം പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് അറിയില്ലെന്നും ചന്ദ്രശേഖരന്‍ വധക്കേസില്‍ ശക്തമായ നിലപാടെടുത്തിന്റെ ബലിയാടാണ് താനെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെ
തിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയായിരുന്നു ബല്‍റാമിന്റെ വിവാദ ഫേസ് ബുക്ക് പോസ്റ്റ്.

മാനംകെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ അടുത്ത അടിയായി ബല്‍റാമിന്റെ പോസ്റ്റ്.

ടി.പി കേസിന്റെ ഗൂഢാലോചന ഒത്തുതീര്‍പ്പാക്കിയതിനു പ്രതിഫലമായി സോളാര്‍ കേസ് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്റെ മുനവച്ച വാക്കുകള്‍. മുതിര്‍ന്ന നേതാക്കന്മാര്‍ ഇനിയെങ്കിലും ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഇതേസമയം, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഇടതു-വലത് മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന ബല്‍റാമിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ബല്‍റാമിനെ പൊലീസ് ചോദ്യം ചെയ്യണം. പന്നന്യൂര്‍ ചന്ദ്രന്‍ വധക്കേസ്, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നുവെന്നും  ശ്രീധരന്‍പിള്ള ആരോപിക്കുന്നു.

കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന വെളിപ്പെടുത്തല്‍ വിശദീകരിക്കാന്‍ ബല്‍റാം തയ്യാറാവണമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ ആവശ്യപ്പെട്ടു.

Keywords: TP Chandrasekharan, VT Balram, Murder Case, KK Rema, CPM, Pinarayi Vijayan, Ramesh Chennithalavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ചന്ദ്രശേഖരന്‍ വധക്കേസ് ഒത്തുതീര്‍ത്തുവെന്ന ബല്‍റാമിന്റെ പ്രസ്താവന കോണ്‍ഗ്രസിനു കനത്ത പ്രഹരമായി, ഉത്തരം മുട്ടി മുതിര്‍ന്ന നേതാക്കള്‍