Search

വേങ്ങരയില്‍ പൊട്ടാതെ പോയ സോളാര്‍ ബോംബ്, ഇതിലും വലുതായിരുന്നു ജനം പ്രതീക്ഷിച്ചത്, ഷോക്കടിച്ചത് ബിജെപിക്ക്

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

വോട്ടെടുപ്പ് ദിനത്തില്‍ തന്നെ സോളാര്‍ ബോംബ് പൊട്ടിച്ച് സര്‍ക്കാര്‍ നടത്തിയ പരീക്ഷണം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പുറത്തുവന്ന ഫലം വ്യക്തമാക്കുന്നു.

രാഷ്ട്രീയമായി മാന്യതയില്ലാത്ത പ്രവൃത്തിയായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സോളാര്‍ കേസിലെ അനന്തര നടപടി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ, വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ തന്നെ അതു പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി തന്നെ മാനഭംഗക്കേസില്‍ കുടുങ്ങുന്ന, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാനംകെട്ട കാഴ്ചയായിരുന്നു അത്. പക്ഷേ, കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ജനം ഞെട്ടിയില്ല. അതു തന്നെയാണ് വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ഗുണം ചെയ്യാതെ പോയതും.

മാത്രമല്ല, മുസ്ലിം ലീഗിലെ നേതാക്കളാരും സോളാര്‍ അപമാനത്തില്‍ വീണില്ലെന്നതും അവര്‍ക്ക് ആശ്വാസമായി. സോളാര്‍ ദുര്‍ഭൂതം ആദ്യം അവതരിച്ചത് പികെ കുഞ്ഞാലിക്കുട്ടിക്കു മുന്നിലായിരുന്നു എന്നത് സെക്രട്ടേറിയറ്റില്‍ എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. ഒരുപാട് കുരുക്കുകളില്‍ പെട്ടുപോയതിന്റെ അനുഭവമുള്ള കുഞ്ഞാലിക്കുട്ടി സോളാറില്‍ തലവച്ചുകൊടുത്തില്ല. അവിടെനിന്നാണ് അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലേക്ക് ആവാഹിക്കപ്പെട്ടത്.

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച ഭൂരിപക്ഷം കെഎന്‍എ ഖാദറിനു നേടാനായില്ല എന്നതു മാത്രമാണ് ഇടതു മുന്നണിക്ക് ആശ്വസിക്കാന്‍ വകയുള്ളത്. അതു പക്ഷേ, ഭരണപക്ഷത്തിന്‍െര നേട്ടമല്ല, മറിച്ച് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അമര്‍ഷവും വിയോജിപ്പുമാണ് കാരണം. എതിര്‍പ്പുകള്‍ക്കിടയിലും ഇത്രയും മെച്ചപ്പെട്ട ഭൂരിപക്ഷം ഖാദര്‍ ഉറപ്പാക്കുന്നത് യുഎഡിഎഫിന്റെ നേട്ടം തന്നെയാണ്.

മുസ്ലിം ലീഗിന്റെ കോട്ടയാണെങ്കിലും ഈ തിരഞ്ഞെടുപ്പിലെ ഫലം ഇടതു സര്‍ക്കാരിനു പലതും ചിന്തിക്കാനുള്ള അവസരം കൂടി നല്കുന്നു.

കേരള രാഷ്ട്രീയത്തില്‍ പച്ചപിടിക്കണമെങ്കില്‍ ഇങ്ങനെയൊന്നും പോയാല്‍ പോരെന്ന തിരിച്ചറിവ് ബിജെപിക്കും ഈ തിരഞ്ഞെടുപ്പു നല്കുമെന്നു പ്രതീക്ഷിക്കാം.


Keywords: Election, UDF, KNA Khader, LDF, Muslim League, Vengara

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വേങ്ങരയില്‍ പൊട്ടാതെ പോയ സോളാര്‍ ബോംബ്, ഇതിലും വലുതായിരുന്നു ജനം പ്രതീക്ഷിച്ചത്, ഷോക്കടിച്ചത് ബിജെപിക്ക്