Search

സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമ്പോള്‍ തലയില്‍ മുണ്ടിട്ട് സഭയില്‍ പോകേണ്ട ഗതികേടില്‍ യുഡിഎഫ് അംഗങ്ങള്‍, പ്രതിപക്ഷത്ത് തമ്മിലടിയും കനക്കുന്നു


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡിഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം എല്ലാ അര്‍ത്ഥത്തിലും യുഡിഎഫിനു തിരിച്ചടിയായി.

ഇത്രയും മാനംകെട്ട വിഷയം സഭ ചര്‍ച്ചചെയ്യേണ്ടിവരുന്നതോടെ ഇതിലെ എല്ലാ കള്ളത്തരങ്ങളും പുറത്താവും. ആരൊക്കെയാണ് മാനഭംഗക്കേസിലും ലൈംഗികസുഖം കൈക്കൂലിയായി പറ്റിയതെന്നും മറ്റും സഭയില്‍ ഭരണപക്ഷം വിളിച്ചുപറയുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിനാവട്ടെ ചെറുക്കാന്‍ ആയുധങ്ങള്‍ വളരെ കുറവുമാണ്.

ഈ നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആശയം വച്ചത് പ്രതിപക്ഷാംഗമാണെന്നതും അവര്‍ക്ക് കൂടുതല്‍ വിനയായി. കെപിസിസി ഉപാദ്ധ്യക്ഷന്‍ വിഡി സതീശനാണ് സമ്മേളനം വിളിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം വച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതും.

നവംബര്‍ ഒന്പതിന് സഭ ചേരാനാണ് തീരുമാനം. സോളാര്‍ കേസിലെ ജുഡിഷ്യല്‍ റിപ്പോര്‍ട്ട് അന്നു സഭയില്‍ വയ്ക്കും.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അടക്കം 12 പേര്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിലപാടു മാറ്റുകയായിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തിനോടു നിയമോപദേശം തേടുന്നുണ്ട്. കമ്മിഷന്റെ ടേംസ് ഒഫ് റഫറന്‍സിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഇതേസമയം, പ്രതിപക്ഷത്ത് ഈ റിപ്പോര്‍ട്ടിനെ ചൊല്ലി രാഷ്ട്രീയ വൈരവും മുതലെടുപ്പും രൂക്ഷമാവുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിലരുടെ പ്രവണത ശരിയല്ലെന്ന് വിഡി സതീശനെ ഉന്നമിട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി സോളാര്‍ ആരോപണങ്ങളെ നേരിടും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്നായിരുന്നു വി.ഡി.സതീശന്റെ പരാമര്‍ശം. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

എ, ഐ ക്യാമ്പുകളില്‍ നിന്ന് വിട്ട് സ്വതന്ത്രമായ ഒരു പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമമാണ് സതീശന്‍ നടത്തുന്നതെന്നാണ് എ ക്യാമ്പിന്റെ ആരോപണം. സഭാ സമ്മേളനം വിളിക്കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതും എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ പ്രതിക്കൂട്ടിലുള്ളവരിലധികവും എ ഗ്രൂപ്പുകാരായതിനാല്‍ അവരെ ചിത്രവധം ചെയ്യാനാണ് രമേശ് കരുതിക്കൂട്ടി സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ഉമ്മന്‍ ചാണ്ടി അനുകൂലികളുടെ ആരോപണം.

ഇതേസമയം, ഐ ഗ്രൂപ്പുമായി അകന്നു നില്‍ക്കുന്ന കെ മുരളീധരന്‍, സര്‍ക്കാരിനെതിരേ രംഗത്തുവന്നതും ശ്രദ്ധേയമായി സരിതാ നായര്‍ പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ സോളാര്‍ കമ്മിഷന്‍ എന്തിനെന്നായിരുന്നു മുരളിയുടെ ചോദ്യം.

Keywords: Solar Case, Saritha Nair, UDF, LDF, Assemblyvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമ്പോള്‍ തലയില്‍ മുണ്ടിട്ട് സഭയില്‍ പോകേണ്ട ഗതികേടില്‍ യുഡിഎഫ് അംഗങ്ങള്‍, പ്രതിപക്ഷത്ത് തമ്മിലടിയും കനക്കുന്നു