Search

സ്വകാര്യ സേനയുടെ സുരക്ഷ: ദിലീപിനോട് പൊലീസ് വിശദീകരണം തേടി, നടന്റെ ജീവന്‍ അപകടത്തിലെങ്കില്‍ ജാമ്യം റദ്ദാക്കി ജയിലിലാക്കി സുരക്ഷിതനാക്കാനും പൊലീസ് വഴി തേടിയേക്കും

നടന്‍ പുറത്തുനില്ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ആപത്താണെങ്കില്‍ ജാമ്യം റദ്ദാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു സുരക്ഷിതാനാക്കാനും കോടതിയോട് ആവശ്യപ്പെടാന്‍ കഴിയുമോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

സ്വന്തം ലേഖകന്‍

കൊച്ചി: തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സേനയുടെ സുരക്ഷ തേടിയ നടന്‍ ദിലീപിനോട് കൊച്ചി പൊലീസ് വിശദീകരണം തേടി. ഹൈക്കോടതിയില്‍ നിന്നു ലഭിച്ച ജാമ്യത്തില്‍ കഴിയുന്ന ദിലീപ്  ഏജന്‍സിയുടെ സഹായം തേടിയത് പൊലീസിനെ ചൊടിപ്പിച്ചിരിക്കുന്നു.

ഏജന്‍സിയുടെ വിശദാംശങ്ങളും ലൈസന്‍സ് രേഖകളും സഹായം തേടാനിടയായ സാഹചര്യവും ഏജന്‍സി ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസന്‍സും വിശദാംശങ്ങളുമെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. കരാര്‍ എത്ര രൂപയ്ക്കാണ് കൊടുത്തിരിക്കുന്നത്, സുരക്ഷയ്ക്കു നില്‍ക്കുന്നവരുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം പൊലീസ് ചോദിച്ചിട്ടുണ്ട്.

ഹൈക്കോടതി അനുവദിച്ചിരിക്കുന്ന ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചിട്ടുണ്ടോ എന്നും പൊലീസ് തിരയുന്നുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

നടന്‍ പുറത്തുനില്ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ആപത്താണെങ്കില്‍ ജാമ്യം റദ്ദാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു സുരക്ഷിതാനാക്കാനും കോടതിയോട് ആവശ്യപ്പെടാന്‍ കഴിയുമോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതോസമയം, സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതായി ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടുമില്ല.

ഇതേസമയം, ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ ഗോവയില്‍ നിന്നുള്ള സ്വകാര്യ സേനയുടെ വാഹനം പൊലീസ് കൊട്ടാരക്കരയില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ശേഷം വിട്ടുകൊടുത്തിരുന്നു. അഞ്ചു വാഹനങ്ങളായിരുന്നു കസ്റ്റഡിയിലെടുത്തത്.

വന്‍ ബിസിനസുകാര്‍ക്കും മറ്റും സുരക്ഷ ഒരുക്കുന്ന ഏജന്‍സിയാണ് ഗോവയില്‍ നിന്നുള്ള തണ്ടര്‍ ഫോഴ്‌സ്. ഇവര്‍ ദിലീപിന് സുരക്ഷയ്ക്കായി മൂന്നു ഗാര്‍ഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ദിലീപ് പൊതുജന മദ്ധ്യത്തില്‍ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരെ നിയോഗിച്ചത്.

ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ ഫോഴ്‌സിനു ഓഫീസുകളുണ്ട്. മലയാളിയായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി.എ വത്സന്റെ നേതൃത്വത്തിലാണ്  തണ്ടര്‍ ഫോഴ്‌സിന്റെ കേരള ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. തോക്ക് കൈവശം വയ്ക്കാന്‍ ഇവര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്. ഈ ഏജന്‍സിയില്‍ ആയിരത്തോളം വികമു്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. നാലു വര്‍ഷമായി കേരളത്തില്‍ തണ്ടര്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലാകളില്‍ ഓഫീസുമുണ്ട്.

തണ്ടര്‍ ഫോഴ്‌സ് ടീമിന്റെ ആറു വാഹനങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിന്റെ വീട്ടില്‍ ചെലവിട്ടിരുന്നു. സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്.

കൊച്ചിയില്‍ ഈ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. മലേഷ്യന്‍ സ്പീക്കര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നുമാണ് പറഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്നു മനസ്സിലായി. അങ്ങനെയാണ് വാഹനം കൊട്ടാരക്കരയില്‍ തടഞ്ഞത്.

നാവിക സേനയില്‍ നിന്നു വിരമിച്ച കാസര്‍കോട് സ്വദേശി അനില്‍ നായരാണ് ഈ ഏജന്‍സിയുടെ സ്ഥാപകന്‍. കേരളത്തില്‍ നൂറു ജീവനക്കാരുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കായി കേരള പൊലീസ് നിയോഗിച്ചിട്ടുള്ള കമാന്‍ഡോ യൂണിറ്റായ തണ്ടര്‍ ബോള്‍ട്ടിന്റെ യൂണിഫോം തന്നെയാണ് തണ്ടര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും!

Keywords: Dileep, Police, Security, Thunder Force, Kerala Police
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്വകാര്യ സേനയുടെ സുരക്ഷ: ദിലീപിനോട് പൊലീസ് വിശദീകരണം തേടി, നടന്റെ ജീവന്‍ അപകടത്തിലെങ്കില്‍ ജാമ്യം റദ്ദാക്കി ജയിലിലാക്കി സുരക്ഷിതനാക്കാനും പൊലീസ് വഴി തേടിയേക്കും