Search

എഴരപൊന്നാനയ്ക്കു കേടുപാടെന്ന് തന്ത്രിയും ദേവസ്വം ബോര്‍ഡും, പുതുക്കിപ്പണിത് പണം തട്ടാനുള്ള അടവെന്ന് എതിരാളികള്‍, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര പരിസരത്ത് സംഘര്‍ഷം


ഏഴരപ്പൊന്നാനയ്ക്ക് കേടുപാട് സംഭവിച്ചെന്ന വാദം തെറ്റാണെന്നും പണം തട്ടുന്നതിനു വേണ്ടി ഏഴരപ്പൊന്നാന നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര സംരക്ഷണസമിതി  

സ്വന്തം ലേഖകന്‍

കോട്ടയം: വിഖ്യാതമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്കു കേടുപാടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനെയും കമ്മിഷണറെയും ഭക്തജനങ്ങള്‍ തടഞ്ഞു. ഇതോടെ, ക്ഷേത്ര പരിസരത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുണ്ടെന്ന് ക്ഷേത്രം തന്ത്രി ദേവസ്വം കമ്മിഷണര്‍ എ .എസ്.പി. കുറുപ്പിന് കത്തു കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കു തീരുമാനമായത്.

എന്നാല്‍, ഏഴരപ്പൊന്നാനയ്ക്ക് കേടുപാട് സംഭവിച്ചെന്ന വാദം തെറ്റാണെന്നും പണം തട്ടുന്നതിനു വേണ്ടി ഏഴരപ്പൊന്നാന നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര സംരക്ഷണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഏഴരപ്പൊന്നാനകളെ സംരക്ഷിക്കുന്നതിനായി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവസംഘടനകളുടെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസംഏഴരപ്പൊന്നാന രക്ഷാസംഗമം നടത്തിയിരുന്നു. ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും നല്‍കാന്‍ സംഗമം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധനാ സംഘം എത്തിയത്.

ഏഴരപ്പൊന്നാനകള്‍ക്ക് അറ്റകുറ്റപ്പണി വേണമെങ്കില്‍ ആദ്യം തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിക്കണമായിരുന്നു. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന മേജര്‍ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതല മാത്രമാണ് കമ്മിഷണര്‍ക്കുള്ളതെന്നും നവീകരണത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

അയ്യപ്പാ സേവാസമാജം, ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് തുടങ്ങിയവയെല്ലാം നവീകരണ നീക്കത്തെ എതിര്‍ക്കുന്ന സംഘടനകളാണ്.

എട്ടാം ഉത്സവത്തിനും ആറാട്ടിനും മണിക്കൂറുകളോളം പൊന്നാനകളെ തോളിലേറ്റിയാണ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നത്. പൊന്നാനകള്‍ക്ക് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചതായി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ക്ഷേത്ര സംരക്ഷണ സമിതി വാദിക്കുന്നു.

പൊന്നാനകള്‍ക്ക് കേടുപാടുണ്ടെങ്കില്‍ ദേവപ്രശ്‌നം നടത്തി ദേവഹിതമറിഞ്ഞ് പരിഹരിക്കാനുളള ബാധ്യത ദേവസ്വം ബോര്‍ഡിനാണെന്നും ഇത്തരമൊരു വിഷയത്തില്‍ പരിഹാരം തേടി കോടതിയെ സമീപിച്ച തന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ക്ഷേത്ര സംരക്ഷണ സമിതി പറയുന്നു.

മാര്‍ത്താണ്ഡവര്‍മ്മ രാജാവ് സമര്‍പ്പിച്ച സ്വര്‍ണം കൊണ്ടുള്ള പഴുക്കാക്കുലയും ചേനയും വന്‍ ആഭരണശേഖരവും ക്ഷേത്രത്തില്‍ നിന്ന് ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന അമൂല്യ നിധിയാണ് ഏഴരപ്പൊന്നാന.ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച ഈ ആനകളെ സ്വര്‍ണപാളികളാല്‍ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. അന്ന് ഏറ്റുമാനൂര്‍ തേവര്‍ ക്ഷേത്ര മതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പെന്നാന ദര്‍ശനം നല്‍കി എഴുന്നള്ളിയിരിക്കും.

ഏഴരപ്പൊന്നാനകള്‍ അഷ്ടദിഗ്ഗജങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിഗ്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതെന്നാണ് വിശ്വാസം.

മലയാള വര്‍ഷം 929ല്‍ വടക്കുംകൂര്‍ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂര്‍ മഹാരാജാവിന്റെ സൈന്യങ്ങള്‍ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തില്‍ പ്രവേശിച്ചു.  അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പിള്ളമഠവും സൈന്യം നശിപ്പിച്ചു. ഇതിനു ശേഷം തിരുവിതാംകൂര്‍ മഹാരാജവിന് ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനര്‍ത്ഥങ്ങളും സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. തുടര്‍ പരിഹാരാര്‍ത്ഥം മഹാരാജാവ് പ്രായശ്ചിത്തമായി നടയ്ക്കുവച്ചതാണ് ഈ ഏഴരപ്പൊന്നാനകള്‍.

എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലം 964 ആണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവച്ചതായി ദേവസ്വത്തില്‍ ഇപ്പോഴും കാണുന്നുണ്ട്.

ഏഴരപ്പൊന്നാനകളെ തിരുവിതാംകൂര്‍ ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവര്‍ ഏറ്റുമാനൂരെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാന്‍ കഴിയാതെ വരികയും അവ ഏറ്റുമാനൂര്‍ ദേവന്റെ വകയായിത്തീര്‍ന്നെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവച്ചതാണ് ഏഴരപ്പൊന്നാന.

Keywords: Ezharaponnana, Ettumanoor Temple, Elephant, Marthandavarma

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “എഴരപൊന്നാനയ്ക്കു കേടുപാടെന്ന് തന്ത്രിയും ദേവസ്വം ബോര്‍ഡും, പുതുക്കിപ്പണിത് പണം തട്ടാനുള്ള അടവെന്ന് എതിരാളികള്‍, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര പരിസരത്ത് സംഘര്‍ഷം