Search

ഏഴു വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര ജയവും ലോക ഒന്നാം നമ്പര്‍ പദവിയും ആഘോഷമാക്കി
നാഗ്പുര്‍: ഓസ്‌ട്രേലിയയെ 4-1ന് തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ലോക ഒന്നാം നമ്പര്‍ പദവും നേടി. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

തുടര്‍ച്ചയായ പത്ത് ഏകദിന ജയമെന്ന ഇന്ത്യന്‍ സ്വപ്‌നം ബംഗളൂരുവില്‍ തകര്‍ത്ത കങ്കാരുക്കള്‍ക്ക് എന്നും വേദനയോടെ ഓര്‍ക്കാന്‍ ഒരു കനത്ത പരമ്പര നഷ്ടം നല്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 42.5 ഓവറില്‍ മൂന്നു വിക്കറ്റിന് മറികടക്കുകയായിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ അവസാന ഏകദിനം ജയിച്ചത്. 109 പന്തില്‍ 125 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് കളി അനായാസമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ 74 പന്തില്‍ 61 റണ്‍സെടുത്ത് രോഹിതിനു മികച്ച പിന്തുണ നല്കി. ക്യാപ്ടന്‍ വിരാട് കോലി 55 പന്തില്‍ 39 റണ്‍സെടുത്ത് അവധാനതയോടെ മുന്നോട്ടു പോയി. എന്നാല്‍, അവസാന നിമിഷം അമിതാവേശത്തിനു തുനിഞ്ഞ്, ആദം സാംപയെ സിക്‌സറിനു പറത്താന്‍ ശ്രമിച്ച് നതാന്‍ കോള്‍ട്ടര്‍ക്ക് ക്യാച്ച് സമ്മാനിച്ചു പുറത്താവുകയായിരുന്നു.

കേദാര്‍ യാദവ് (5), മനീഷ് പാണ്ഡെ (11) എന്നിവര്‍ അവസാന മിനുക്കുപണി നടത്തി ജയം സ്വന്തമാക്കി.


 ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടിടിച്ചു, ഓസ്‌ട്രേലിയ ഉയര്‍ത്തിയത് 242 റണ്ണിന്റെ വിജയലക്ഷ്യം


അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു.

പരന്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍നിന്നു മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങിയത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരക്കാരായി ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തി.

യുസ്വേന്ദ്ര ചാഹലിനു പകരം ചൈനമന്‍ ബൗളര്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ നാലാം ഏകദിനത്തിലാണ് ടീമിലെത്തിയത്.  ഇവര്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇതു ഇന്ത്യന്‍ തോല്‍വിക്കു കാരണമാവുകയും ചെയ്തു.

ഓസീസ് നിരയില്‍ പരിക്കേറ്റ കെയ്ന്‍ റിച്ചാര്‍ഡ്‌സണു പകരം ജയിംസ് ഫോക്‌നര്‍ ടീമിലെത്തി.

നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്കു മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരെ തിരിച്ചയച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയില്‍ മേല്‍ക്കൈ നേടുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍ (53), ആരണ്‍ ഫിഞ്ച് (32) എന്നിവര്‍ ഭേദപ്പെട്ട തുടക്കത്തിനു ശ്രമിച്ചെങ്കിലും പിന്നാലെ  സ്റ്റീവ് സ്മിത്ത് (16), പീറ്റര്‍ ഹാന്‍സ്‌കോന്പ് (13) എന്നിവര്‍ക്കു പിഴച്ചു. ഇതോടെ തന്നെ സ്‌കോറിംഗ് മന്ദഗതിയിലായി.

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസ് 99/1 എന്ന നിലയില്‍നിന്ന് 118/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു. 66 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റിനുശേഷമായിരുന്നു തകര്‍ച്ച.

പിന്നീട് ട്രാവിസ് 42, മാര്‍ക്കസ് സ്റ്റോണിസിസ്  (63) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും മാത്യു വെയ്ഡ് (20), ജെയിംസ് ഫോക്‌നര്‍ (12), നതാന്‍ കോള്‍ട്ടര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ടു റണ്‍സെടുത്ത പാറ്റ് കമിന്‍സ് പുറത്താകാതെ നിന്നു.

Keywords: India, Australia, Cricket, Sports, Virat Kohli
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഏഴു വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര ജയവും ലോക ഒന്നാം നമ്പര്‍ പദവിയും ആഘോഷമാക്കി