Search

കൊല്ലത്ത് സ്‌കൂളിന്റെ മുകളില്‍ നിന്ന് വീണ ഗൗരിക്ക് സംഭവിച്ചതെന്ത്... ഈ അച്ഛന്റെ ദീനവിലാപം ശ്രദ്ധിക്കൂ, ഈ ഗതി ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, ഓര്‍ത്തോളൂ..


സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി മേഘ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയതല്ല, കുട്ടിയെ തള്ളി വീഴ്ത്തിയതാണെന്ന സംശയം ബലപ്പെടുന്നു.

കുട്ടിയുടെ അച്ഛന്‍ പ്രസന്നന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതോടെ, പൊലീസ് ഈ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേസമയം, കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ സമ്മര്‍ദ്ദം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് എന്താണ് സംഭവിച്ചതെന്ന് മകളോടു ചോദിച്ചിരുന്നുവെന്നും അപ്പോള്‍ കിട്ടിയ മറുപടി ചാടിയതല്ലെന്നുമായിരുന്നുവെന്നാണ് പ്രസന്നന്‍ പറയുന്നത്.

'മോള്‍ ചാടിയതാണോ' എന്നു ചോദിച്ചപ്പോള്‍ 'അല്ല' എന്നായിരുന്നു കുട്ടിയുടെ മറുപടിയെന്നു പ്രസന്നന്‍ പറയുന്നു. 'മോള്‍ വീണതാണോ' എന്ന ചോദ്യത്തിനും 'അല്ല' എന്നായിരുന്നു കുട്ടി മറുപടി കൊടുത്തത്. ഇതേസമയം, ഒപ്പമുണ്ടായിരുന്ന  അധ്യാപകര്‍ 'ചാടിയതാണ്, ചാടിയതാണ്' എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഇതാണ് സംശയം ബലപ്പെടാന്‍ കാരണമായി പറയുന്നത്.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് കൊല്ലത്തെ ബന്‍സിഗര്‍ ആശുപത്രിയിലായിരുന്നു. ഇവിടുത്തെ  ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സയിലും പിഴവു വന്നുവെന്നും അദ്ദേഹം പറയുന്നു.

പൊലീസിനു കുട്ടി മൊഴി കൊടുക്കാതിരിക്കാനായി ആശുപത്രിയില്‍ മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചു. മണിക്കൂറുകള്‍ ചികിത്സ വൈകിയതാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും പ്രസന്നന്‍ പറയുന്നു. ട്രിനിറ്റി ലൈസിയം സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണെന്നതാണ് ചികിത്സ വൈകിക്കാന്‍ കാരണമായി പറയുന്നത്.

കുട്ടിയെ ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററായ വൈദികന്‍ പറഞ്ഞത്, ഡോ. ജയപ്രകാശാണ് നോക്കുന്നത്, ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു.

കുട്ടിക്കു കാര്യമായ മുറിവൊന്നുമില്ലെന്നും തലയില്‍ അല്പം രക്തം കട്ടപിടിച്ചിട്ടുണ്ട്, അതു നീക്കിയാല്‍ മാത്രം മതിയെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി തന്നത്. അതു വിശ്വസിച്ചതാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും പ്രസന്നന്‍ പറയുന്നു. ഇതിനിടെ, കുട്ടിയെ ഐസിയുവിലേക്കു മാറ്റിയതോടെ രക്ഷിതാക്കള്‍ക്കു കാണാനാവാത്ത സ്ഥിതിയുമായി.


പ്രസന്നന്‍ പറയുന്നു:

മകളെ ഐസിയുവിലേക്കു കൊണ്ടുപോയി ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ, ഞാന്‍ കതകില്‍ തട്ടി. തുറന്നില്ല. സഹികെട്ട് ഞാന്‍ കതകില്‍ ചവിട്ടി. അതോടെ, ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു.

തമിഴ് സംസാരിക്കുന്ന ഒരാള്‍ ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞുവന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ. ജയപ്രകാശാണ് കുട്ടിയെ നോക്കുന്നതെന്നു പറഞ്ഞു. പക്ഷേ, ഡോക്ടര്‍ ഐസിയുവില്‍ ഇല്ലായിരുന്നു.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഡോക്ടര്‍ വന്നില്ല. മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി മകളെ അവര്‍ എന്തോ ചെയ്‌തെന്നു ബലമായ സംശയമുണ്ട്.

ഗുരുതര നിലയിലെത്തിയ കുട്ടിയെ ന്യൂറോ സര്‍ജനായ ഡോ. ജയപ്രകാശ് തിരിഞ്ഞുനോക്കിയില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തൊഴുത് അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഡോക്ടര്‍ ഐ.സി.യുവില്‍ വന്നില്ല.

അടുക്കള പോലെയുള്ള ഒരു മുറിയിയായിരുന്നു ഐ.സി.യു എന്ന് അവര്‍ പറഞ്ഞത്. ഇതാണോ ഐ.സി.യു എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു.

അവിടെനിന്ന് ഇറങ്ങണമെന്ന് എന്നോട് ആവശ്യപ്പെട്ടു. മകളുമായല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ ശഠിച്ചു. സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റാണെന്ന് അപ്പോഴാണ് ഓര്‍ത്തത്.

ആശുപത്രിയിലെത്തിയ പൊലീസുകാരും അവിടെനിന്നു മുങ്ങി. ആരും സഹായത്തിനില്ലാതെ ഞാന്‍ നിലവിളിക്കുകയായിരുന്നു.

മൂന്നാം നിലയില്‍ നിന്നു വീണ കുട്ടിയെ സ്‌കാന്‍ ചെയ്തില്ല. പ്രാഥമിക ചികിത്സ പോലും കൊടുത്തില്ല. കുട്ടി പൊലീസിനു മൊഴി കൊടുക്കാതിരിക്കാനായിരുന്നു ഈ കളിയെല്ലാം, പ്രസന്നന്‍ പറയുന്നു.

സംഭവത്തിനു ദൃക്‌സാക്ഷിയായ പ്രസന്നന്റെ ബന്ധുവായ സ്ത്രീ പറയുന്നു:

മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഐ.സി.യു എന്നു പറഞ്ഞ് കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ കുട്ടിയുടെ വസ്ത്രം പോലും മാറ്റിയിരുന്നില്ല.

സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തലയുടെ സ്‌കാന്‍ മാത്രമാണ് എടുത്തതെന്ന് പറഞ്ഞു. ഇത്ര ഉയരത്തില്‍ നിന്നു വീണ കുട്ടിയുടെ തലയുടെ സ്‌കാന്‍ മാത്രം എടുത്താല്‍ മതിയോ? തലയ്ക്കു താഴേക്കും കുട്ടിക്കു പരുക്കുണ്ടായിരുന്നു.

എന്നാല്‍, തങ്ങള്‍ ഒരു പിഴവും വരുത്തിയിട്ടില്ലെന്നും ഗുരുതര നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നുമാണ് ബന്‍സിഗര്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയെ പിന്നീട് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ചാണ് കുട്ടി മരിച്ചത്.

Keywords: Kollam, Trinity School, Gauri Megha, Prasannan, Bensigar Hospitalvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കൊല്ലത്ത് സ്‌കൂളിന്റെ മുകളില്‍ നിന്ന് വീണ ഗൗരിക്ക് സംഭവിച്ചതെന്ത്... ഈ അച്ഛന്റെ ദീനവിലാപം ശ്രദ്ധിക്കൂ, ഈ ഗതി ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, ഓര്‍ത്തോളൂ..