Search

എല്ലാം ശരിയാവുന്നുണ്ട്... ഇടത് എംഎല്‍എമാര്‍ പിടികിട്ടാപ്പുള്ളിക്കൊപ്പം വിദേശത്ത്, മന്ത്രിക്കെതിരേ എജി, പാര്‍ട്ടി സെക്രട്ടറി പ്രതിയുടെ ആഡംബരകാറില്‍... പ്രതിപക്ഷത്തിന് ആയുധങ്ങള്‍ വാരിക്കോരി കൊടുത്ത് സര്‍ക്കാര്‍


ജാവേദ് റഹ്മാന്‍

കോഴിക്കോട്: സോളാര്‍ കേസില്‍ പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിറുത്താന്‍ കരുക്കള്‍ നീക്കിയ സര്‍ക്കാരിനും ഭരണപക്ഷത്തിനുമെതിരേ, നിത്യേനയെന്നോണം പുതിയപുതിയ ആരോപണങ്ങള്‍ ഉയരുകയാണ്. അതിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആഡംബര കാര്‍ യാത്രയും റവന്യൂ മന്ത്രിക്കെതിരേ അഡ്വക്കേറ്റ് ജനറല്‍ നടത്തുന്ന വെല്ലുവിളി കൂടിയാവുമ്പോള്‍ സര്‍ക്കാര്‍ പൊതുജന മദ്ധ്യത്തില്‍ മാനം കെടുന്ന സ്ഥിതിയാണ്.

സ്വര്‍ണക്കടത്തുകാരനും  കൊഫെപോസ കേസില്‍ പിടികിട്ടാപ്പുള്ളിയുമായ അബ്ദുള്‍ ലെയിസിന്റെ ദുബായിലെ സ്വര്‍ണക്കട ഉദ്ഘാടനം ചെയ്തത് ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹിമും. ഇതിന്റെ ചിത്രങ്ങള്‍ ഇന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്ന ഏറ്റവും വലിയ മാനക്കേട്.

കേസിലെ മൂന്നാം പ്രതിയാണ് കൊടുവള്ളി സ്വദേശിയായ അബ്ദുള്‍ ലെയിസ്. ഇന്ത്യയില്‍ ഏതു വിമാനത്താവളത്തിലെത്തിയാലും ലെയിസ് അറസ്റ്റിലാവും. കൂട്ടുപ്രതികളായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍, അബ്ദുള്‍ ഖാദര്‍ എന്നിവരും ഒളിവിലാണ്. കേസിലെ ഏഴാം പ്രതിയാണ് കാരാട്ട് ഫൈസല്‍.

ഇതിനൊപ്പം, കോടിയേരി ബാലകൃഷ്ണന്‍ ഇടതു ജാഥയില്‍ സഞ്ചരിച്ച ആഡംബര കാറായ മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ഈ ചിത്രത്തിലുണ്ട് എന്നത് വിവാദത്തിന് വലിയ മാനങ്ങള്‍ നല്കുന്നു.

എന്നാല്‍, പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് പി.ടി.എ.റഹിം എംഎല്‍എ പ്രതികരിച്ചു. കള്ളക്കടത്തുകേസ് പ്രതിയെ പിടിക്കുന്നത് തന്റെ ജോലിയല്ല. ലെയിസ് എവിടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാം. അല്ലാതെ അങ്ങോട്ടു പോയി പറഞ്ഞുകൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും റഹീം പ്രതികരിച്ചു.

കൊഫേപോസ കേസില്‍ ലെയിസ് പ്രതിയാണെന്ന് അറിയാമെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും പറഞ്ഞു. ഫോട്ടോ എടുക്കുമ്പോള്‍ ഒപ്പം വന്നു നില്‍ക്കുന്നവരെ പിടിച്ചുമാറ്റാനാകില്ലെന്നായിരുന്നു റസാഖിന്റെ പതികരണം.

സ്വര്‍ണക്കടത്ത് കേസിലെ കേസിലെ പ്രതിയായ  ലെയിസിനെതിരേ റവന്യൂ ഇന്‍ന്റലിജന്‍സ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സ്വീകരണ പരിപാടികളില്‍ പങ്കെടുക്കനെന്ന പേരില്‍ ജനുവരി രണ്ടിനാണ് എം.എല്‍.എമാര്‍ ദുബായ് സന്ദര്‍ശിച്ചത്. 

പങ്കെടുത്തത് മേപ്പോയില്‍ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണെന്നും അതിന്റെ ഉടമസ്ഥന്‍ അബ്ദുള്‍ ലെയ്‌സ് അല്ലെന്നും  പിന്നീട് പി.ടി.എ.റഹീം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പല കേസുകളിലും പ്രതിയാണ്. അദ്ദേഹത്തിന്റെ കൂടെ താന്‍ പലതവണ ഫോട്ടോ എടുത്തിട്ടുണ്ട്. അതൊരു കുറ്റമാണോ? പ്രതിക്കൊപ്പം ഫോട്ടോയെടുക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. അബ്ദുള്‍ ലെയിസ് തന്റെ ബന്ധു കൂടിയാണെന്നും റഹീം പറഞ്ഞു.

ഈ വിവാദത്തിനു പുറമേയാണ്, കായല്‍ നികത്തിയ കേസില്‍ പ്രതിക്കൂട്ടിലായ മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായത്. മന്ത്രിയെ രക്ഷിക്കാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമാണ് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് റവന്യൂ മന്ത്രിക്കെതിരേ പരസ്യമായി രംഗത്തുവന്നരിക്കുന്നതെന്നാണ് സൂചന.

മന്ത്രിക്കെതിരേ എജി പരസ്യമായി രംഗത്തുവരുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇക്കാര്യത്തില്‍ സിപി ഐ കടുത്ത പ്രതിഷേധത്തിലുമാണ്. ഇതിനിടെ, സുധാകരപ്രസാദിനെ വെട്ടിലാക്കാന്‍ പോന്ന നിയമവഴികള്‍ സിപി ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫലത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തുകയാണ്.

മന്ത്രിക്കെതിരായ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയെയാണ് എജി ചുമതലപ്പെടുത്തിയത്. എന്നാല്‍,  സ്റ്റേറ്റ് അറ്റോര്‍ണി ഒരിക്കലും അഡ്വക്കേറ്റ് ജനറലിന്റെ കീഴിലല്ലെന്നും സര്‍ക്കാരിനു കീഴില്‍ സ്വതന്ത്ര ചുമതലയുള്ള ലാ ഓഫറാണെന്നുമാണ് സിപി ഐക്കു കിട്ടിയിരിക്കുന്ന നിയമോപദേശം.

മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയിലുള്ള കായല്‍ കൈയേറ്റ കേസില്‍ അഡ്വക്കേറ്റ് ജനറലിന് കീഴിലുള്ള അഡിഷണല്‍ അഡ്വക്കേറ്റ് ജറനല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്നാണ് റവന്യൂ മന്ത്രി കത്തെഴുതിയിരുന്നത്. ഇതു തള്ളിയാണ് എ.ജി, സ്‌റ്റേറ്റ് അറ്റോര്‍ണിക്കു കേസ് കൈമാറിയത്.

ഫലത്തില്‍, സര്‍ക്കാരിനെതിരേ ഒന്നൊന്നായി വിവാദങ്ങള്‍ വന്നുമറിയുകയാണ്. ഒന്നിനെ പ്രതിരോധിക്കാന്‍ നോക്കുമ്പോള്‍ മറ്റൊന്ന എന്ന നിലയിലാണ് കേസുകളെത്തുന്നത്. സോളാര്‍ കേസില്‍ പ്രതിരോധത്തിലായിപ്പോയ പ്രതിപക്ഷത്തിനാവട്ടെ, ഇതെല്ലാം നല്ല ആയുധങ്ങളായി മാറുന്നുമുണ്ട്.

Keywords: CPM, CPI, Sudhakara Prasad, E Chandrasekharanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എല്ലാം ശരിയാവുന്നുണ്ട്... ഇടത് എംഎല്‍എമാര്‍ പിടികിട്ടാപ്പുള്ളിക്കൊപ്പം വിദേശത്ത്, മന്ത്രിക്കെതിരേ എജി, പാര്‍ട്ടി സെക്രട്ടറി പ്രതിയുടെ ആഡംബരകാറില്‍... പ്രതിപക്ഷത്തിന് ആയുധങ്ങള്‍ വാരിക്കോരി കൊടുത്ത് സര്‍ക്കാര്‍