അഭിനന്ദ് ന്യൂഡല്‍ഹി : 2024 ലെ ഒളിമ്പിക്സ് ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലും 2028ലെ ഒളിമ്പിക്സിന് അമേരിക്കന്‍ നഗരമായ ലോസ് ആഞ്ചലസിലും നട...
അഭിനന്ദ്
ന്യൂഡല്‍ഹി : 2024 ലെ ഒളിമ്പിക്സ് ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലും 2028ലെ ഒളിമ്പിക്സിന് അമേരിക്കന്‍ നഗരമായ ലോസ് ആഞ്ചലസിലും നടക്കും.രണ്ടു നഗരങ്ങളും കായിക മഹോത്സവത്തിന് വേദിയാവുന്നത് മൂന്നാം തവണയാണ്. രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നതും ആദ്യമാണ്.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2016ലെ ഒളിമ്പിക്സ് ബ്രസീലിലെ റിയോ ഡീ ജെനീറോയിലായിരുന്നു. അടുത്ത ഒളിമ്പിക്സ് 2020ല്‍ ജപ്പാനിലെ ടോക്കിയോയിലാണ്.
പാരീസും ലോസാഞ്ചലസുമായിരുന്നു 2024ലെ ഒളിമ്പിക്സ് വേദിക്കു വേണ്ടി ഏറ്റവുമധികം മത്സരിച്ചത്. പാരീസില്‍ അവസാനമായി നടന്ന ഒളിമ്പിക്സ് നടന്നതിന്റെ നൂറാം വാര്‍ഷികം 2024 ലാണെന്നത് പ്രമാണിച്ചാണ് നറുക്ക് പാരീസിനു വീണതും അടുത്ത വേദി ലോസാഞ്ചലസിനു കൊടുത്തതും. 1924 ലായിരുന്നു പാരീസില്‍ ഒളിമ്പിക്സ് നടന്നത്.
1932ലും 1984 ലും ലോസാഞ്ചലസില്‍ ഒളിമ്പിക്സ് നടന്നിരുന്നു. 2024 ഒളിമ്പിക്സിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് അവസാന റൗണ്ടില്‍ ആറ് നഗരങ്ങള്‍ പിന്‍വാങ്ങിയതും പാരീസിന് അനുഗ്രഹമായി.
ഇതേസമയം, 2032ലെ ഒളിമ്പിക്സ് ഏതു വിധവും നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും അനുമതിയും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് തേടിയിരുന്നു. 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ വേദിക്കും ഇന്ത്യ ശ്രമം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ഭാരം ഭയന്ന് മിക്ക നഗരങ്ങളും പിന്‍വാങ്ങിയതും പാരീസും ലോസാഞ്ചലസും അടുത്ത ഗെയിമുകള്‍ക്കുള്ള വേദി നേടിയെടുത്തതും ഇന്ത്യയ്ക്ക് അനുഗ്രഹമാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്.
നിലവില്‍ ഇത്രയും ഭീമമായ ചെലവു വരുന്ന മത്സരത്തിനു വേദിയാകാന്‍ ഇന്ത്യയ്ക്ക് അനായാസം കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്. എന്നാല്‍, കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തി അഴിമതിയില്‍ മുങ്ങിയതിന്റെ പാപഭാരം ഇന്ത്യയെ വേട്ടയാടുന്നുമുണ്ട്.
COMMENTS