Search

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കര്‍ശന നിയന്ത്രണം

റോയ് പി തോമസ്

കൊച്ചി: വൈഗ ന്യൂസ് നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നതു പോലെ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ ലോകത്തുനിന്നു നടനെ കാണാനും ഓണക്കോടി കൊടുക്കാനുമെല്ലാം ജനങ്ങളുടെ കുത്തൊഴുക്കായതോടെയാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നടനെ കാണുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും നടനെ പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ നിരനിരയായി താരത്തെ കാണാന്‍ ജയിലിലെത്തിയതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പു നല്കിയിരുന്നു. ഇതനുസരിച്ചാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇനി മുതല്‍ കുടുംബാംഗങ്ങള്‍ക്കും സുപ്രധാന വ്യക്തികള്‍ക്കും മാത്രമേ നടനെ കാണുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിചാരണക്കോടതിയും ഹൈക്കോടതിയും പറഞ്ഞ വ്യക്തിയെ കുറ്റക്കാരനായി കാണാനാവില്ലെന്നും ജനപിന്തുണ അദ്ദേഹത്തിനു വേണമെന്നും ജനപ്രതിനിധി അടക്കം ആവശ്യപ്പെട്ടത്. ഇതാണ് അന്വേഷക സംഘം കൂടുതല്‍ ജാഗ്രതയിലാവാന്‍ കാരണം.

കൃത്യമായ തെളിവുകള്‍ സഹിതം കോടതിക്കു മുന്നില്‍ പ്രതിയെ എത്തിച്ചിട്ടും കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നതില്‍ അന്വേഷണ സംഘത്തിനും ആശങ്കയുള്ളതായാണ് അറിയുന്നത്. ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റുന്നതിനും പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്നതിനും ശക്തമായ നീക്കം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ  ഭാഗമായി രാഷ്ട്രീയ ബന്ധമുള്ളവരടക്കം സിനിമയിലെ ഉന്നതര്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണാനും പദ്ധതിയിട്ടിരുന്നു.

കഴിഞ്ഞ ദിവസം ഗണേശ്കുമാര്‍ എംഎല്‍എയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ജയിയിലെത്തി ദിലീപിനെ കണ്ടതു മുതലാണ് ഇത്തരം സംശയങ്ങള്‍ ബലപ്പെട്ടത്. നിയമപോരാട്ടത്തില്‍ ഓപ്പമുണ്ടെന്ന മോഹന്‍ ലാലിന്റെ സന്ദേശം ദിലീപിനു കൈമാറാനാണ് ആന്റണി എത്തിയതെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ തുടക്കം മുതല്‍ നിഷ്പക്ഷ നിലപാടെടുത്തിരുന്ന ലാല്‍ ദിലീപിനെ അന്ധമായി പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

മമ്മൂട്ടി മനസ്സിലിരിപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ദിലീപുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ദിലീപ്കാവ്യാ മാധവന്‍ വിവാഹ വേളയിലും മമ്മൂട്ടി നേരിട്ടെത്തി ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരുന്നു.

നടന്മാരായ ജയറാം, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാവ് എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു.

സേവ് ദിലീപ് ഫോറം രൂപീകരിച്ച് നടനെ പുറത്തെത്തിക്കാനുള്ള ശ്രമത്തെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ താരസംഘടന പിളരാനും അതിടയാക്കിയേക്കും.

പൃഥ്വിരാജില്‍ തുടങ്ങി യുവനിരയിലെ വലിയൊരു വിഭാഗം താരങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഓണാശംസ പോലും നേരാന്‍ മറന്നവര്‍ ഓണക്കോടിയുമായി ജയിലില്‍ കയറിയിറങ്ങുന്നതില്‍ ഇക്കൂട്ടര്‍ അസ്വസ്ഥരാണ്. ദിലീപിനെ പരസ്യമായി പിന്തുണച്ചുകൊണ്ടു സൂപ്പര്‍ താരങ്ങള്‍ രംഗത്തുവന്നാല്‍ താരസംഘടനയായ അമ്മ പിളരുമെന്ന് ഒരുവിഭാഗം താരങ്ങള്‍ മുതിര്‍ന്ന നടീനടന്മാര്‍ക്ക് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.

ഇതേസമയം, സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയിലുമാണ്. അന്വേഷക സംഘത്തെ ഈ ഘട്ടത്തില്‍ മാറ്റിയാല്‍ കോടതി പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കുഴപ്പമുണ്ടാകുമെന്ന നിയമോപദേശമാണ് സര്‍ക്കാരിനു കിട്ടിയിട്ടുള്ളത്. മാത്രമല്ല, പൊതു ജനത്തിനിടയിലും സര്‍ക്കാരിനു മോശം പ്രതിച്ഛായയുണ്ടാക്കാന്‍ ഇതിടയാക്കും. ഇതെല്ലാം തിരിച്ചറിഞ്ഞു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ. ഇതുവരെ, അന്വേഷക സംഘത്തിന് മുഖ്യമന്ത്രി പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്.

ദിലീപിനെ പുറത്തെത്തിക്കാന്‍ അണിയറയില്‍ നീക്കം ശക്തം, താരസംഘടന പിളര്‍പ്പിന്റെ വക്കില്‍, അന്വേഷക സംഘത്തെ ദുര്‍ബലമാക്കാന്‍ സര്‍ക്കാരിലും കനത്ത സമ്മര്‍ദ്ദം
Keywords: Roy P Thomas, Actor Dilip, actor, Police Intelligence Department , filmmakers  , prima facie, CM, political connections, Ganesh Kumar MLA , producer, Antony Perumbavoor , Mohanlal, message, Lal,
Mammootty, kavya Madhavan, marriage,  film star Jayaram, Vijayaraghavan, Harisree Asokan, Suresh Krishna, Kalabhavan Shajon, Sudheer, Arun Ghosh, Bijoy Chandran, director Ranjith, Nadirsha, producer M Ranjith, script writer Benny P Nairambalam , George. vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കര്‍ശന നിയന്ത്രണം