സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി പോയ സംവിധായകന് നാദിര്‍ഷാ ഏലൂരിലെ വീട്ടിലെത്തി....
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി പോയ സംവിധായകന് നാദിര്‍ഷാ ഏലൂരിലെ വീട്ടിലെത്തി. നാദിര്‍ഷായെ കസ്റ്റഡിയിലെടുത്തെന്നു നേരത്തേ സംശയമുണ്ടായിരുന്നു.പൊലീസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു മുതല്‍ നാദിര്‍ഷാ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു. നെഞ്ചുവേദനയാണ് കാരണം പറഞ്ഞത്. എന്നാല്‍, അന്വേഷക സംഘം ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ നെഞ്ചുവേദന ഉണ്ടായിട്ടില്ലെന്നു വ്യക്തമായി. ഇതോടെ, ആശുപത്രി അധികൃതര്‍ക്കു നേരേയും നടപടി ഉണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പ് നല്കി.
തുടര്‍ന്ന്, ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും നാദിര്‍ഷാ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഞയറാഴ്ച രാത്രി പത്തു മണിയോടെയാണ് നാദിര്‍ഷാ ഒരു കാറില്‍ പുറത്തു പോവുന്നതു കണ്ടതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. നാദിര്‍ഷാ യുടെ കാര്‍ ആശുപത്രി വളപ്പില്‍ കിടക്കവേയാണ് മറ്റൊരു കാറില്‍ അദ്ദേഹം പോയത്.
അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷക സംഘം പറഞ്ഞിരുന്നു. തുടര്‍ന്ന് നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി കൊടുത്തിരുന്നു. ആവശ്യമെങ്കില്‍ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നു പറഞ്ഞ കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയാനായി ഹര്‍ജി 13ലേക്കു മാറ്റിയിരിക്കുകയാണ്.
ഇതിലെ തീരുമാനം വന്ന ശേഷം ചോദ്യം ചെയ്യലിനു ഹാജരായാല്‍ മതിയെന്ന നിമയമോപദേശമാണ് നാദിര്‍ഷായ്ക്കു ലഭിച്ചിരിക്കുന്നത്. അതുവരെ അന്വേഷക സംഘം കാത്തിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പുതിയ നോട്ടീസ് കൊടുക്കേണ്ടെന്ന നിലപാടിലാണ് അന്വേഷക സംഘം.
അന്വേഷണ സംഘത്തിനു മുന്നില്‍ സ്വമേധയാ നാദിര്‍ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് ആലുവ റൂറല്‍ എസ്.പിയും അന്വേഷണ ചുമതലതയുളള പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയെങ്കിലും പിന്നീട് മടങ്ങി.
ആദ്യഘട്ടത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതിനൊപ്പം നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്നു കൊടുത്ത മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നു കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
തന്നെ വീണ്ടും വിളിപ്പിച്ചത് അറസ്റ്റു ചെയ്യാനാണെന്നും സുഹൃത്തായ ദിലീപിനെതിരെ മൊഴി നല്കാന് പൊലീസില്‍ നിന്നു സമ്മര്‍ദ്ദമുണ്ടെന്നും നാദിര്‍ഷാ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.
Keywords: Dileep, Nadirsha, Police, Actress
COMMENTS