സ്വന്തം ലേഖകന്‍ മലപ്പുറം: വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ മുസ്ലിം ലീഗ...
സ്വന്തം ലേഖകന്‍
മലപ്പുറം: വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു.
പാണക്കാട്ട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് കെ.എന്‍.എ. ഖാദറിന് നറുക്കു വീണത്.
കെ.പി.എ. മജീദ് മത്സരിക്കാനില്ലെങ്കില്‍ സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
കെ.എന്‍.എ ഖാദറിന് പകരം യു.എ ലത്തീഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയായ ലത്തീഫിന് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കുകയാണെന്ന് ഹൈദരലി ശിഹാബ് പറഞ്ഞു.
ലത്തീഫിനെ ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇതോടെ, അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ഖാദറിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്.
2011ല്‍ വള്ളിക്കുന്നില്‍നിന്നു മത്സരിച്ചു ജയിച്ച ഖാദറിന് കഴിഞ്ഞതവണ സീറ്റ് നല്‍കിയില്ല. യുവാക്കളെ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കണമെന്ന് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഒരു വിഭാഗം നിലപാട് സ്വീകരിച്ചിരുന്നു. ഈ പ്രതിഷേധങ്ങളെ മറികടന്നാണ് ഖാദറിനെ തിരഞ്ഞെടുത്തത്.
പി.പി. ബഷീറിനെയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഷീറിനെയാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത മാസം 11നാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 15ന് നടത്തും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22 ആണ്. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
തനിക്കു കിട്ടിയതിലും ഭൂരിപക്ഷത്തില്‍ കെഎന്‍എ ഖാദര്‍ ജയിക്കുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
COMMENTS