Search

മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളി, റാഞ്ചികള്‍ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, കൊലപാതകത്തിനു പിന്നില്‍ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്റെ ശത്രുക്കള്‍


സ്വന്തം ലേഖകന്‍

ബംഗളൂരു: 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സെപ്തംബര്‍ 12 ന് കെങ്ങേരിയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലിയല്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും  എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ എന്‍. ശരത്തിന്റെ (19) മൃതദേഹം രാമോഹള്ളി തടാകത്തിനു സമീപമാണ് കണ്ടെത്തിയത്.

കഴുത്തു ഞെരിച്ചാണ് യുവാവിനെ കൊന്നിരിക്കുന്നത്. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേര്‍ കസ്റ്റഡിയിലാണ്. ഇവരിലൊരാള്‍ ശരത്തിന്റെ സുഹൃത്ത് വിശാല്‍ എന്ന യുവാവാണ്. ഇയാളെ പക്ഷേ, സംശയത്തിന്റെ പുറത്ത് പിടികൂടിയതാണ്. ഇയാളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊന്നുവെന്നാണ് കരുതുന്നത്. വിട്ടയച്ചാല്‍ തങ്ങള്‍ കുടുങ്ങുമെന്ന ഭയമാണ് കൊലപാതകത്തിനു കാരണമായതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

കെങ്ങേരിയിലെ ഉള്ളാളിലാണ് ശരത്തിന്റെ കുടുംബം താമസം. കൂടുതല്‍ അന്വേഷണം ടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതേസമയം, ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന് തൊഴിലുമായി ബന്ധപ്പെട്ട് ചില ശത്രുക്കളുണ്ട്. ഇവരാണ് കൊലപാതകത്തിനു പിന്നിലെന്നു സൂചന കിട്ടിയിട്ടുണ്ട്. വളരെ കര്‍ക്കശ സ്വഭാവക്കാരനായ നിരഞ്ജന്‍ കുമാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉദ്യോഗസ്ഥനായിരുന്നു.

പുതുതായി വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോട്ടോര്‍ ബൈക്ക് കൂട്ടുകാരെ കാണിക്കുന്നതിനും അവര്‍ക്ക് മധുരം നല്കുന്നതിനുമായിട്ടായിരുന്നു ശരത്ത് വൈകിട്ട് ആറരയോടെ പുറത്തുപോയത്. കൂട്ടുകാരെ കണ്ട ശേഷം അച്ഛനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ ശരത്ത് ഉല്ലാസവാനായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞും കാണാതിരുന്നപ്പോള്‍ വീട്ടുകാര്‍ വിളിച്ചു. പക്ഷേ, ഫോണ്‍ കിട്ടുന്നുണ്ടായിരുന്നില്ല.

രാത്രി പത്തുമണിയായിട്ടും കാണാതിരുന്നതോടെ പൊലീസില്‍ പരാതി നല്കുകയായിരുന്നു. അതു കഴിഞ്ഞുടനാണ് ശരത്തിന്റെ തന്നെ ഫോണില്‍ നിന്നു സഹോദരിയുടെ ഫോണിലേക്ക് സന്ദേശം വന്നത്.

ഹലോ അപ്പാ, അപ്പയുടെ നിമിത്തം ബുദ്ധിമുട്ടുണ്ടായ ആരോ എന്നെ തട്ടിക്കൊണ്ടു പോന്നു. അവര്‍ എന്നെ ക്രൂരമായി പീഡിപ്പിക്കുന്നു. അവര്‍ക്ക് 50 ലക്ഷം രൂപ വേണം. എത്രയും വേഗം പണം കണ്ടെത്തി എന്നെ രക്ഷിക്കൂ. അവര്‍ക്ക് സഹോദരിയെക്കുറിച്ചും വ്യക്തമായി അറിയാം. അവര്‍ അവളെയും പിന്തുടരുന്നുണ്ട്. അവളെയും അവര്‍ തട്ടിക്കൊണ്ടുപോകും. നമ്മുടെ കുടുംബത്തെ രക്ഷിക്കൂ... എന്നായിരുന്നു ശരത് അയച്ച വീഡിയോ സന്ദേശം.

തുടര്‍ന്ന് വീണ്ടും 10.30 ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ പുതിയ പരാതി കൊടുത്തു. അതുമുതല്‍ ശരത്തിന്റെ ഫോണ്‍ ട്രാക് ചെയ്യാന്‍ പൊലീസ് ശ്രമിക്കുകയായിരുന്നു. പക്ഷേ, അവര്‍ക്ക് ഒരു വിവരവും കിട്ടിയില്ല.

Keywords: Bangalore, N Sarath, Niranjan Kumar, Income Tax Department, Murder, Crime


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളി, റാഞ്ചികള്‍ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, കൊലപാതകത്തിനു പിന്നില്‍ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്റെ ശത്രുക്കള്‍