കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി 20 മത്സരവും ജയിച്ച് പരന്പര സമ്പൂര്‍ണമായി തൂത്തുവാരി വിരാട് കോലിയും കൂട്ടരും ഇന്ത്യയിലേക്കു വിമാ...
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി 20 മത്സരവും ജയിച്ച് പരന്പര സമ്പൂര്‍ണമായി തൂത്തുവാരി വിരാട് കോലിയും കൂട്ടരും ഇന്ത്യയിലേക്കു വിമാനം കയറുന്നു.
171 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നില്‍ ലങ്ക ഉയര്‍ത്തിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഏകദിന, ടെസ്റ്റ് പരന്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു. 9-0 എന്ന മാര്‍ജിനില്‍ ലങ്കയെ തകര്‍ത്ത് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ നിര.
54 പന്തില്‍ 82 റണ്‍സ് നേടിയ നായകന് വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്പി. മനീഷ് പാണ്ഡെയ്ക്കൊപ്പം മൂന്നാം വിക്കറ്റില്‍ അടിച്ചുകൂട്ടിയ 119 റണ്‍സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയായത്.
42/2 എന്ന നിലയില്‍ നിന്നാണ് കോലിയും പാണ്ഡെയും ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. മനീഷ് പാണ്ഡെ 36 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെനിന്നു. രോഹിത് ശര്‍മ (9), കെ.എല്‍.രാഹുല്‍ (24) എന്നിവരാണ് പുറത്തായത്.
പാണ്ഡെ വിജയറണ്‍ കുറിക്കുന്പോള്‍ എംഎസ് ധോണി (1*)യായിരുന്നു നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍. പരന്പരയില്‍ അഞ്ചുതവണ ബാറ്റിംഗിനിറങ്ങിയെങ്കിലും ഒരിക്കല്‍ പോലും ധോണിയെ പുറത്താക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല എന്നതും പ്രത്യേകതയായി.
യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യക്കായി മൂന്നു വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്. ദില്ഷന് മുനവീര 29 പന്തില്‍നിന്ന് 53 റണ്‍സ് നേടി പുറത്തായി. പ്രിയഞ്ജന്‍ 40 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെനിന്നു. എട്ടാം വിക്കറ്റില്‍ ഉദാനയ്ക്കൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പ്രിയഞ്ജന്‍ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.
Keywords: India, Sri Lanka, Cricket, Virat Kohli, T20
COMMENTS