റോയ് പി തോമസ് കൊച്ചി : നടന് ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്നു സൂചന. രണ്ടു വട...
റോയ് പി തോമസ്
കൊച്ചി : നടന് ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്നു സൂചന. രണ്ടു വട്ടം ജാമ്യ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ മുന്നില്‍ വീണ്ടും പോകുന്നത് അബദ്ധമാകുമെന്ന നിയമോപദേശം കൂടി കണക്കിലെടുത്താണ് ദിലീപ് വീണ്ടും വിചാരണക്കോടതിക്കു മുന്നിലെത്തിയിരിക്കുന്നത്.ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഇന്നലെ വരെയും പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, ഇന്നു രാവിലെ പെട്ടെന്നു നിലപാട് മാറ്റുകയായിരുന്നു.
ഹൈക്കോടതിയില്‍ പോയാല്‍ ജസ്റ്റിസ് സുനില്‍ തോമസിനു മുന്നിലായിരിക്കും വീണ്ടും ചെന്നുപെടുക. കേസിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അദ്ദേഹം എതിര് നിലപാടെടുക്കാനാണ് സാദ്ധ്യത. കാരണം ദിലീപിന് അനുകൂലമായി പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്നിരിക്കെ, ഹൈക്കോടതി അനുഭാവം കാട്ടാന്‍ സാദ്ധ്യത തീരെ കുറവാണ്.
മാത്രമല്ല, അങ്കമാലി കോടതി ഒരു വട്ടം മാത്രമാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയിരിക്കുന്നത്. കടുത്ത നിലപാട് അങ്കമാലി കോടതി ആദ്യ ഘട്ടത്തിലെടുത്തിരുന്നു. വീണ്ടും കോടതി ആ നിലപാടിലേക്കു പോകുമോ എന്ന ആശങ്ക ഇല്ലാതില്ല. അഡ്വ. രാമന് പിള്ള ഇതുവരെ അങ്കമാലി കോടതിയില്‍ ദീലീപിനായി വാദിച്ചിട്ടില്ലെന്നതും ഇക്കുറി ഹര്‍ജി അവിടെ ഫയല്‍ ചെയ്യാന്‍ കാരണമായതായി പറയപ്പെടുന്നു.
നടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നതു മാത്രമാണ് തനിക്കെതിരേ ഉയര്‍ന്ന ആക്ഷേപമെന്നും ഇത്രനാളത്തെ അന്വേഷണത്തില്‍ തനിക്കെതിരായ കാര്യമായ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ വാദിക്കുന്നത്. എന്നാല്‍, ദിലീപിനെതിരേ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, ഇന്നലെ ഹൈക്കോടതി അന്വേഷക സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചത് ദിലീപിന് ചെറിയ പ്രതീക്ഷ പകരുന്നുണ്ട്. കേസന്വേഷണം സിനിമാക്കഥ പോലെ നീളുന്നതിലും നിറം പിടിപ്പിച്ച വാര്‍ത്തകള്‍ വരുന്നതിലും കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
ദിലീപ് അറസ്റ്റിലായിട്ട് രണ്ടു മാസത്തിലേറെയായി. ഒക്ടോബര്‍ പത്തിന് 90 ദിവസം തികയും. അതിനുമുന്‍പ് കുറ്റപത്രം സമര്‍പ്പിക്കും.
COMMENTS