Search

ദേര ആസ്ഥാനത്തു നിന്ന് 600 അസ്ഥികൂടങ്ങൾ കണ്ടെടുത്തു, റാം റഹിം കൊന്നു തള്ളിയവരുടേതെന്നു സംശയം


ന്യൂഡല്‍ഹി : ദേര സച്ച സൗദ ആസ്ഥാനത്തു നിന്നു അറനൂറിൽപ്പരം
 അസ്ഥികൂടങ്ങൾ കണ്ടെത്തി. ദേര തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ നിർദ്ദേശ പ്രകാരം കൊന്നു തള്ളിയവരുടെ അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് കരുതുന്നത്.

റാം റഹിമിനെ എതിർത്തിരുന്നവരെയും അയാൾ മാനഭംഗപ്പെടുത്തി സ്ത്രീകളെയും കൊന്നിരുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

മാനഭംഗ ഇരകളിൽ പുറത്തു പറയുമെന്നു സംശയമുള്ളവരെ കൊല്ലുകയായിരുന്നു പതിവ്.

എന്നാൽ, ആശ്രമത്തിലെത്തി മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് ആശ്രമത്തിലെ രണ്ടാമൻ വിപാസന ഇൻസാൻ പറയുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

തനിക്കെതിരായ പൊലീസിന്റെയും കോടതിയുടെയും നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്വന്തം ചാവേര്‍ സംഘത്തെ തയ്യാറാക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ചാവേറുകളാവാന്‍ തിരഞ്ഞെടുത്തവരില്‍ നിന്ന് ഗുര്‍മീത് മുദ്രപത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങിയിരുന്നു. ഇത്തരത്തില്‍ നിരവധി രേഖകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇത്തരത്തില്‍ കിട്ടിയ ഒരു സത്യവാങ്മൂലത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

വിശ്വമാനവികത വളര്‍ത്തുന്ന പ്രസ്ഥാനമാണ് ദേരാ സച്ചാ സൗദ. അതിനായി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു. അപകടത്തിലോ മറ്റേതെങ്കിലും വിധത്തിലോ ഞാന്‍ മരിക്കുന്നെങ്കില്‍, ആ മരണത്തിന് ദേരാ സച്ച സൗദ ഉത്തരവാദി ആയിരിക്കില്ല. എന്റെ മരണത്തിന്റെ പേരില്‍ ദേരാ സച്ച സൗദയെ വിചാരണ ചെയ്യാന്‍ എന്റെ സന്താനങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അനുമതിയുണ്ടാവില്ല.

2005 ഒക്ടോബര്‍ 20 ന് സിര്‍സ നിവാസിയായ ഇന്ദു  ഒപ്പുവച്ച സത്യവാങ്മൂലമാണിത്. ഗുര്‍മീതിന്റെ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സിബിഐ അന്വേഷിക്കാന്‍ തുടങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.

ആശ്രമത്തിലെ രണ്ട് അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓഗസ്റ്റ് 25 ന് ഗുര്‍മിത് റാം റഹിം സിംഗ് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ഇത്തരത്തിലെ നിരവധി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

തനിക്കെതിരേ നിയമപരമായ എന്തു നീക്കമുണ്ടായാലും ചാവേറുകളെ ഉപയോഗിച്ചു ഭരണകൂടത്തെ ഭയപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ഗുര്‍മീത് പദ്ധതിയിട്ടുരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 27 ന്  അംബാലയില്‍ പിടിയിലായ രണ്ടു പേരില്‍ നിന്ന് 38 ലക്ഷം രൂപ പിടിച്ചെടുത്തു. ഇരുവരും ദേരാ സച്ച പ്രവര്‍ത്തകരായിരുന്നു. കലാപവും സൃഷ്ടിക്കാന്‍ വേണ്ടി കൊണ്ടുപോയതാണ് ഈ പണമെന്നാണ് കരുതുന്നതെന്ന് ഐജി, ഇന്റലിജന്‍സ്, എ കെ റാവു പറഞ്ഞു.

ഇതേസമയം, ഗുര്‍മീത് കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെയുണ്ടായ കാലപത്തിന് തീകൊടുത്തത് ആള്‍ ദൈവം തന്നെയാണെന്നും അന്വേഷക സംഘം കണ്ടെത്തി.

അന്ന് ഗുര്‍മീത് കുറ്റക്കാരനാണെന്നു കോടതി പറഞ്ഞുടന്‍ തന്റെ ചുവന്ന ഹാന്‍ഡ് ബാഗ് വേണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. ഗുര്‍മീതിന്റെ കാറിലായിരുന്നു ബാഗ് ഉണ്ടായിരുന്നത്.

ചുവന്ന ബാഗ് അനുയായികള്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. ചുവന്ന ബാഗ് ഉയര്‍ത്തിയാല്‍ കലാപം ആരംഭിച്ചുകൊള്ളാന്‍ ഗുര്‍മീത് നേരത്തേ തന്നെ അനുയായികള്‍ക്കു നിര്‍ദ്ദേശം കൊടുത്തിരുന്നു. ഗുര്‍മീതിന്റെ കൈയിലെ ചുവന്ന ബാഗ് ടിവി ദൃശ്യങ്ങളിലൂടെ അനുയായികള്‍ കണ്ടതോടെ, ഗുരു കലാപത്തിന് അനുമതി നല്കിയെന്ന് അവര്‍ക്കു മനസ്സിലായി. ഇതാണ് ഹര്യാനയും പഞ്ചാബും ഡല്‍ഹിയും വിറച്ച കലാപത്തിലേക്കു നയിച്ചതെന്നു പൊലീസ് വളരെ വൈകിയാണ് മനസ്സിലാക്കിയത്.ഗുര്‍മീതിനൊപ്പമുണ്ടായിരുന്ന വളര്‍ത്തുമകള്‍ ഹണി പ്രീതും കലാപം രൂക്ഷമാക്കുന്നതിനു പിന്നണിയില്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന്  കെ കെ റാവു പറഞ്ഞു.

ഗുര്‍മീതിന്റെ എസ്.യു.വിയില്‍ നിന്ന് ബാഗ് പുറത്തെടുത്തപ്പോള്‍ തന്നെ കോടതിക്കു പുറത്ത് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടാന്‍ തുടങ്ങി. ബാഗ് കണ്ടതോടെ അണികള്‍ അക്രമം തുടങ്ങി. ഇതാണ് കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

ഇതിനിടെ, കോടതി കുറ്റക്കാരനെന്നു വിധിച്ച ഗുര്‍മീത് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ക്കു ചുറ്റും അയാളുടെ സായുധ കമാന്‍ഡോകള്‍ നിരന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പൊലീസിനെ വെട്ടിച്ചു കടക്കാനുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. കമാന്‍ഡോകളും പൊലീസും തമ്മില്‍ വെടിവയ്പ്പ് ഒഴികെയുള്ള ഏറ്റുമുട്ടലും നടന്നു.

ആശ്രമത്തില്‍ നിന്ന് ഗുര്‍മീത് കോടതിയിലേക്കു വന്നത് ഇരുനൂറില്‍ പരം വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു. ഇതു പൊലീസിനെ വെട്ടിച്ചു കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

Keywords: Gurmeet Ram Rahim, Dera Sacha Sauda

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദേര ആസ്ഥാനത്തു നിന്ന് 600 അസ്ഥികൂടങ്ങൾ കണ്ടെടുത്തു, റാം റഹിം കൊന്നു തള്ളിയവരുടേതെന്നു സംശയം