സ്വന്തം ലേഖകന്‍ തിരുവനന്തപുരം : അപകടത്തില്‍ പെട്ട് ഗുരുതര നിലയിലെത്തിയ തമിഴ്നാട് സ്വദേശിക്കു ചികിത്സ നിഷേധിക്കുകയും മരണം സംഭവിക്കുക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അപകടത്തില്‍ പെട്ട് ഗുരുതര നിലയിലെത്തിയ തമിഴ്നാട് സ്വദേശിക്കു ചികിത്സ നിഷേധിക്കുകയും മരണം സംഭവിക്കുകയു ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തേക്കും.
ഇവര്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അറസ്റ്റ് അല്ലാതെ വഴിയില്ലെന്നുമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച പൊലീസ് പറയുന്നത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികള്‍ക്കെതിരെയാണ് തിരുനെല്‍വേലി സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്.
ഈ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നവ പരിശോധിച്ച പൊലീസ് ജീവനക്കാരെ ചോദ്യംചെയ്തു.
കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തിന്റെ തുടക്കത്തില്‍ കണ്ടെത്തിയിരുന്നു. ഈ ആശുപത്രികള്ക്കെതിരെയാവും കര്‍ശന നടപടിയുണ്ടാവുക. ഇവിടുത്തെ ഡോക്ടര്‍മാരെ ആയിരിക്കും അറസ്റ്റ് ചെയ്യുക.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരേയും നടപടി ഉണ്ടാവും. ഇവിടെ രണ്ടു വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നിട്ടും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു മുരുകനെ മടക്കി അയയ്ക്കുകയായിരുന്നു. ഇങ്ങനെ മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും മുരുകനു വെന്റിലേറ്റര്‍ കിട്ടാതെ വന്നതിനെ തുടര്‍ന്നു മടക്കി അയയ്ക്കുമ്പോഴാണ് മരണം സംഭവിച്ചത്.
പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഈ ഡോക്ടര്‍മാരുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗത്വവും നഷ്ടപ്പെടാന്‍ ഇടയുണ്ട്.
COMMENTS