Search

കുറ്റപത്രം സമര്‍പ്പിച്ച ശേഷം അപ്പീല്‍ പോകുന്നതാണ് ബുദ്ധിയെന്ന് ദിലീപിന് നിയമോപദേശം, ഇനിയും മൂന്നാഴ്ച കാത്തുകിടക്കണം

റോയ് പി തോമസ്

കൊച്ചി: ഹൈക്കോടതി രണ്ടാമതും ജാമ്യം നിഷേധിച്ചതോടെ, ഇനി ഉടന്‍ വീണ്ടും ജാമ്യം തേടി പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന നിഗമനത്തില്‍ ദിലീപും കുടംബവും എത്തിയതായി അറിയുന്നു. കുറ്റപത്രം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരിക്കെ, അതിനു ശേഷം കോടതിയെ സമീപിക്കുന്നതാണ് ബുദ്ധിയെന്നാണ് ഇവര്‍ക്കു കിട്ടിയിരിക്കുന്ന നിയമോപദേശമെന്നറിയുന്നു.

ഹൈക്കോടതിയിലാണെങ്കില്‍ ഇനി ഡിവിഷന്‍ ബെഞ്ചിലാണ് പോകേണ്ടത്. ഇപ്പോള്‍ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനില്‍ തോമസ് ഡിവിഷന്‍ ബെഞ്ചിലുമുണ്ടാവും. അദ്ദേഹത്തിന് ഇനി കേസ് പ്രത്യേകം പഠിക്കേണ്ട കാര്യവുമില്ല.

രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച കേസുമായി സുപ്രീം കോടതിയില്‍ പോയിട്ടും കാര്യമില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. വിഷയം സ്ത്രീപീഡനമാണെന്നതു തന്നെയാണ് കാരണം. സ്ത്രീപീഡന കേസുകളില്‍ പ്രതി ആരായാലും ഒരു ദാക്ഷിണ്യവും അരുതെന്ന സമീപനമാണ് നിര്‍ഭയ കേസിനു ശേഷം സുപ്രീം കോടതി കൈക്കൊണ്ടിരിക്കുന്നത്. ഈ സന്ദേശം കീഴ്‌ക്കോടതികള്‍ക്കും പരമോന്നത നീതിപീഠം കൊടുത്തിട്ടുണ്ട്.

ദിലീപ് പ്രതിയായ കേസാകട്ടെ, ദേശീയ തലത്തില്‍ തന്നെ വന്‍ മാധ്യമശ്രദ്ധ നേടുകയും നിര്‍ഭയ കേസിനെക്കാള്‍ ക്രൂരമായ കേസെന്നു പ്രോസിക്യൂഷന്‍ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്കു സുപ്രീം കോടതിയില്‍ പോകുന്നതും വളരെ സൂക്ഷിച്ചു വേണം.

കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതോടെ, അന്വേഷണം പൂര്‍ത്തിയായി എന്ന കാരണം പറഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണ്. അതു മാത്രമാണ് ഇനി മുന്നിലുള്ള പ്രതീക്ഷാമാര്‍ഗവും. അപ്പോഴും കുറ്റപത്രത്തില്‍ ദിലീപിനെതിരായി സമര്‍പ്പിക്കപ്പെടുന്ന തെളിവുകള്‍ നിര്‍ണായകമാവും.

അപ്പോഴും ജാമ്യം കിട്ടുന്നില്ലെങ്കില്‍ നിര്‍ഭയ കേസിലെ പ്രതികളെ പോലെ ജയിലില്‍ വിചാരണത്തടവുകാരനായി കിടന്നുകൊണ്ട് കേസിലെ വിധി വരും വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

സ്ത്രീപീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ വേണമെന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ വിചാരണ വൈകാനിടയില്ല. എങ്കിലും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വിധിക്കായി വേണ്ടിവരും.

അഡ്വ. രാം കുമാറിനെ പോലെ കേരളത്തിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകന്‍ വിചാരിച്ചിട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യം വാങ്ങിയെടുക്കാന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ തന്നെ ദിലീപിനെതിരായ തെളിവുകളുടെ ആഴവും പരപ്പും വ്യക്തമാകും. അദ്ദേഹത്തിനു കഴിയാതെ പോയത് അഡ്വ. രാമന്‍ പിള്ള നേടിക്കൊടുക്കുമെന്നു ദിലീപ് കരുതി. പക്ഷേ, തെളിവുകള്‍ ശക്തമായതിനാല്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളെ അനായാസം പുറത്തെത്തിക്കാറുള്ള രാമന്‍ പിള്ള മണിക്കൂറുകള്‍ വാദിച്ചിട്ടും ദിലീപിനെ പുറത്തെത്തിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

തെളിവുകളെല്ലാം ദിലീപിനെതിരാണെന്നും ജാമ്യം കിട്ടുന്നതിന് ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നും ദിലീപിനെയും കുടുംബത്തെയും ബോധ്യപ്പെടുത്തിയ ശേഷം, ഒരു പരീക്ഷണം എന്ന നിലയിലാണ് അഡ്വ. രാമന്‍ പിള്ള കേസ് ഏറ്റെടുത്തതെന്നും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Top Story
 Actor Dileep will approach apex court for bail only after the charge sheet submitted before the court.The DGP Loknath Behari said that the chargesheet will be submitted within three weeks.

Keywords:  Supreme Court, verdict, harassment, Nirbhaya case,   women harassment,  court of justice , Adv.   Ram Kumar,  Kerala,  magistrate, Raman Pillai, criminal casevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുറ്റപത്രം സമര്‍പ്പിച്ച ശേഷം അപ്പീല്‍ പോകുന്നതാണ് ബുദ്ധിയെന്ന് ദിലീപിന് നിയമോപദേശം, ഇനിയും മൂന്നാഴ്ച കാത്തുകിടക്കണം