Search

അപ്പുണ്ണി ഹാജരായതോടെ വീണ്ടും ജാമ്യം തേടാന്‍ ദിലീപ് ആലോചിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെത്തി, പക്ഷേ വലിയ ആശയക്കുഴപ്പം
സുപ്രീം കോടതിയില്‍ രാം ജത് മലാനി ഉള്‍പ്പെടെയുള്ളവരെ കിട്ടുന്നതിനുള്ള സാദ്ധ്യതയും ദിലീപ് ആരായുന്നുണ്ട്. കൊച്ചിയിലെത്തിയ അഭിഭാഷകന്‍ ദിലീപിനു നിയമസഹായം നല്കുന്നവരുമായും കുടുംബാംഗങ്ങളുമായും ചര്‍ച്ച നടത്തി

റോയ് പി തോമസ്

കൊച്ചി : ഒളിവിലായിരുന്ന മാനേജര്‍ സുനില്‍ രാജെന്ന അപ്പുണ്ണി മടങ്ങിയെത്തി ചോദ്യം ചെയ്യലിനു ഹാജരായതോടെ നടന്‍ ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതായി അറിയുന്നു.

ദിലീപിനു വേണ്ടി ഇടപെടുന്നതിനായി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ കൊച്ചിയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.

സുപ്രീം കോടതിയില്‍ രാം ജത് മലാനി ഉള്‍പ്പെടെയുള്ളവരെ കിട്ടുന്നതിനുള്ള സാദ്ധ്യതയും ദിലീപ് ആരായുന്നുണ്ട്. കൊച്ചിയിലെത്തിയ അഭിഭാഷകന്‍ ദിലീപിനു നിയമസഹായം നല്കുന്നവരുമായും കുടുംബാംഗങ്ങളുമായും ചര്‍ച്ച നടത്തി.

അപ്പുണ്ണിയെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇനി ജാമ്യത്തിനു പോയാല്‍ മുന്‍പിലത്തേതിലും അനുകൂല വിധി കിട്ടുമെന്നാണ് അഭിഭാഷകര്‍ കരുതുന്നത്. മാത്രമല്ല, ഇത്രയുമായിട്ടും പ്രധാന തെളിവായ, പീഡനദൃശ്യങ്ങളടങ്ങിയ ഫോണ്‍ വീണ്ടെടുക്കാനായിട്ടില്ല. ആ നിലയ്ക്ക് അക്കാര്യം പറഞ്ഞ് തന്നെ വീണ്ടും ജയിലില്‍ കിടത്തുന്നത് ശരിയല്ലെന്ന് ദിലീപിനു വാദിക്കാം.

ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കണോ അതോ ഹൈക്കോടതിയില്‍ ഒന്നുകൂടി പോകണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഹൈക്കോടതിയില്‍ ആയാല്‍ നടപടികള്‍ എളുപ്പമാണ്.

സുപ്രീം കോടതിയെ സമീപിച്ചാലും, കേസെടുക്കുന്നതിനു തന്നെ സമയമെടുക്കും. അതുകഴിഞ്ഞ് കേരളത്തില്‍ നിന്നു വേണ്ട കടലാസുകളെല്ലാം ഡല്‍ഹിയിലെത്താനും വിധി വരാനും 45 ദിവസമെങ്കിലും എടുക്കും. അതിനാല്‍, ഒന്നുകൂടി ഹൈക്കോടതിയെ സമീപിക്കാമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

പക്ഷേ, ഹൈക്കോടതി വീണ്ടും എന്തെങ്കിലും മോശം പരാമര്‍ശം നടത്തിയാലും ജാമ്യഹര്‍ജി തള്ളിയാലും അതു സുപ്രീം കോടതിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. രണ്ടു വട്ടം ഹൈക്കോടതി ജാമ്യ ഹര്‍ജി നിരാകരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടെന്ന് സുപ്രീം കോടതി കരുതും.

നേരത്തേ തന്നെ ജാമ്യം തേടി ചെന്നപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വളരെ മോശം പരാമര്‍ശമാണ് നടത്തിത്. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവം ഡല്‍യിലെ നിര്‍ഭയ കേസിലും മാരകമാണെന്ന ധാരണയും പരക്കാന്‍ അത് ഇടയാക്കുകയും ചെയ്തു. ഇതോടെ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു.

അതിനാല്‍, സുചിന്തിതമായി മാത്രമേ ഇനിയൊരു തീരുമാനമുണ്ടാവൂ. പക്ഷേ, അധികം ജയിലില്‍ കിടന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കും കാരണമാവും. കേസ് പള്‍സര്‍ സുനിയില്‍ നിന്ന് ദിലീപിലേക്ക് കൂടുതല്‍ അടുക്കാനും അതു കാരണമാവും. അതിനാല്‍, ഏതുവിധവും പുറത്തുകടത്താനാണ് ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.

ഇതേസമയം, അപ്പുണ്ണി എന്തെല്ലാമാണ് ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞതെന്നു പൂര്‍ണമായും അറിവായിട്ടില്ല. ഇതു ദിലീപിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

കൂടാതെ, നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭയ കേസുമായി താരതമ്യം ചെയ്യപ്പെടുക വഴി ജാമ്യം കിട്ടുന്നതിനുള്ള സാധ്യത പോലും വേണമെങ്കില്‍ മങ്ങിയെന്നും പറയാം. നിര്‍ഭയ കേസിനു തുല്യമായ കേസെങ്കില്‍ പ്രതികളെ അകത്തിട്ടുകൊണ്ട് അതിവേഗ കോടതി വിചാരണ ചെയ്തു നടപടിയെടുക്കാന്‍ സുപ്രം കോടതിയോ ഹൈക്കോടതിയോ പറഞ്ഞാലും പണി പാളും.Keywords: Dileep, Actress, Bail, Crimevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അപ്പുണ്ണി ഹാജരായതോടെ വീണ്ടും ജാമ്യം തേടാന്‍ ദിലീപ് ആലോചിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെത്തി, പക്ഷേ വലിയ ആശയക്കുഴപ്പം