Search

കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍, ദിലീപ് രണ്ടാം പ്രതിയാവും, നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും അറസ്റ്റ് ഉടന്‍
വരും ദിവസങ്ങളില്‍ കാവ്യാ മാധവനെ ഒരു വട്ടം കൂടി ചോദ്യം ചെയ്യുമെന്ന് അറിയുന്നു. നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും അറിയുന്നു

റോയ് പി തോമസ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പില്‍ അന്വേഷക സംഘം എത്തിയതായി അറിയുന്നു.

വേണ്ടത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ലഭ്യമായിക്കഴിഞ്ഞതായാണ് അറിയുന്നത്. കേസിലെ തൊണ്ടി മുതലെന്നു പറയാവുന്ന, പീഡനം പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും അതിന്റെ ഒറിജിനല്‍ ക് ളിപ്പിംഗുള്ള മെമ്മറി കാര്‍ഡും കണ്ടെടുക്കാനാവാത്തതു മാത്രമാണ് തടസ്സം.

കേസുമായി വിദൂര ബന്ധമുള്ളവരുടെ പോലും മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുയാണ്. ഇതിന്റെ ഭാഗമാണ് മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ വരെ മൊഴി എടുത്തത്. നടിയുമായി സൗഹൃദമുണ്ടായിരുന്ന ശ്രിത ശിവദാസിന്റെ വരെ മൊഴിയെടുത്തിട്ടുണ്ട്.

മൊഴി കൊടുക്കേണ്ടവരെ വിളിച്ചുവരുത്തിയോ അവരുടെ താമസസ്ഥലത്തു പോയോ മൊഴി രേഖപ്പെടുത്തുകയാണ്.

വരും ദിവസങ്ങളില്‍ കാവ്യാ മാധവനെ ഒരു വട്ടം കൂടി ചോദ്യം ചെയ്യുമെന്ന് അറിയുന്നു. നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും അറിയുന്നു.

നാദിര്‍ഷായെ അറസ്റ്റു ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിനാണ് സാദ്ധ്യത. അപ്പുണ്ണിയുടെ കാര്യത്തില്‍ എന്താവും നിലപാടെന്നു വ്യക്തമല്ല.

അറുപതു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷക സംഘം ആലോചിക്കുന്നത്. കുറ്റപത്രത്തില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയുമാവും.

ഇതേസമയം, ദിലീപ് ഇപ്പോഴത്തെ അഭിഭാഷകന്‍ രാം കുമാറിനെ മാറ്റി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍ പിള്ളയെ കേസ് ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ അഭിഭാഷകനായിരുന്നു രാമന്‍ പിള്ള എന്നതും കൗതുകമാണ്. കാവ്യയുമായുള്ള വിവാഹമോചനത്തിലാണ് നിശാലിനു വേണ്ടി രാമന്‍ പിള്ള വാദിച്ചത്.

ദിലീപിന്റെ സഹോദരന്‍ അനൂപ് കഴിഞ്ഞ ദിവസം രാമന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയെന്നും തിങ്കളാഴ്ച അദ്ദേഹം വക്കാലത്തില്‍ ഒപ്പിട്ടേക്കുമെന്നുമാണ് വാര്‍ത്ത.

ആദ്യം രാമന്‍ പിള്ളയ്ക്ക് ഈ കേസ് എടുക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ദിലീപിന്റെ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

വീണ്ടും ഹൈക്കോടതിയില്‍ തന്നെ ജാമ്യത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായാണത്രേ അഭിഭാഷകനെ മാറ്റാന്‍ ആലോചിക്കുന്നത്.

ഇപ്പോഴത്തെ അഭിഭാഷകന്‍ രാം കുമാര്‍ കേരളത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റുമാരില്‍ ഒരാളാണെങ്കിലും ദിലീപിന്റെ കേസില്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ ഒരിടത്തും രാം കുമാറിനു തിളങ്ങാനായില്ല.

ഇതു രാം കുമാറിന്റെ കുഴപ്പമല്ലെന്നും സങ്കീര്‍ണായ കേസില്‍ തെളിവുകളെല്ലാം ദിലീപിന് എതിരായാതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുപ്രീം കോടതിയില്‍ ജാമ്യം തേടി പോകുന്നതിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്. ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ കൊച്ചിയിലെത്തിയിരുന്നുവെന്നും കേട്ടിരുന്നു.

പക്ഷേ, സ്ത്രീപീഡന വിഷയങ്ങളില്‍ സുപ്രീം കോടതി കര്‍ക്കശ നിലപാടെടുക്കുന്നതിനാല്‍ അവിടേക്കു ജാമ്യത്തിനു പോകുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശമാണ് ദിലീപിനു കിട്ടിയിട്ടുള്ളതെന്നറിയുന്നു.


The investigation team is ready to file charge sheet in the case of the actress.
Enough evidence and testimony have been available.

Keywords: Dileep ,  Manju Warrier,
Kavya Madhavan, Appunni,  investigating , chargesheet , Pulasar Suny, Kerala Kaumudi ,  Ram Kumar, Nishal Chandra, Raman Pillai ,  Delhi , Supreme Court, women  harassment issues vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍, ദിലീപ് രണ്ടാം പ്രതിയാവും, നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും അറസ്റ്റ് ഉടന്‍