Search

പിസി ജോര്‍ജിനെ പൂട്ടാനുറച്ച് സര്‍ക്കാര്‍, കത്തല്ല കുന്തം കൊണ്ടുവന്നാലും തനിക്കൊന്നുമില്ലെന്ന് ജോര്‍ജ്


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരന്തരം ഇരയ്‌ക്കെതിരേ സംസാരിക്കുന്ന പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം സിപിഎമ്മിലും സര്‍ക്കാരിലും ശക്തമാവുന്നു.

വനിതാ കമ്മിഷന്‍ നേതൃത്വവും സിനിമയിലെ വനിതാ കൂട്ടായ്മയും ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്നലെ നടി മുഖ്യമന്ത്രിക്ക് അയച്ച കത്ത്. ഈ കത്ത് പരസ്യപ്പെടുത്തിയതും ഈ ലക്ഷ്യത്തോടെ തന്നെയാണ്.

നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എംഎല്‍എ സംസാരിക്കുന്നുവെന്നും ഇതുകണ്ടു സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് സര്‍ക്കാരിനു തന്നെ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്നുമാണ് പൊതു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

നിത്യവും നിരവധി വനിതാ ആക്ടിവിസ്റ്റുകളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം പിസി ജോര്‍ജിനെതിരേ രംഗത്തുവരുന്നുണ്ട്. ഇന്നെലെ പിസി ജോര്‍ജിനെ ശാരദക്കുട്ടി വിളിച്ചത് സ്ഥൂലരോഗപിണ്ഡമെന്നാണ്.


വനിതാ കമ്മിഷനില്‍ നിന്ന് തന്റെ മൂക്കു ചെത്താന്‍ ആരെങ്കിലും വന്നാല്‍ അവരുടെ പലതും ചെത്തിവിടുമെന്ന് ദ്വയാര്‍ത്ഥത്തില്‍ പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇതോടെ, ജോര്‍ജിനെ പൂട്ടാനുറച്ച് വനിതാ കമ്മിഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരേ സ്വമേധയാ കേസെടുത്ത  വിവരം രേഖാമൂലം സ്പീക്കറെ അറിയിച്ചിട്ടുണ്ട്. എം.എല്‍.എ. ഹോസ്റ്റലില്‍ വച്ച് ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനാണ് കമ്മിഷന്‍ അനുമതി തേടിയിരിക്കുന്നത്.

ഈ കേസ് ബലപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ പച്ചക്കൊടിയുണ്ട്. ഇത്തരത്തില്‍ ജോര്‍ജിനെ അഴിച്ചുവിടുന്നത് ഭാവിയില്‍ സര്‍ക്കാരിനെ തിരിഞ്ഞുകുത്തുമെന്നും പൊതു അഭിപ്രായമുണ്ട്.

ജോര്‍ജിനെതിരേ കേസെടുക്കാമെന്നും കേസ് നിലനില്‍ക്കുമെന്നും കമ്മിഷന് നിയമോപദേശം കിട്ടിയിട്ടുണ്ട്. കേസെടുക്കാന്‍ ചെയര്‍പഴ്‌സണ്‍ എം.സി. ജോസഫൈന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കമ്മിഷന്‍ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതേസമയം, ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന മട്ടില്‍ തന്നെയാണ് പിസി ജോര്‍ജ്. പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി. ജോര്‍ജ് ഇന്നു കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നടി ആക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കണം. എന്നാല്‍, ഈ  കേസില്‍ ദിലീപ് നിരപരാധിയാണെന്നും അയാളെ കുടുക്കിയതാണെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുക തന്നെയാണെന്നും ജോര്‍ജ് പറഞ്ഞു.

കള്ള അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. മുഖ്യമന്ത്രി പ്രത്യേക സംഘത്തെ  കേസന്വേഷണത്തിന് നിയോഗിക്കണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്ത വിവരം പറഞ്ഞപ്പോള്‍, കത്തല്ല, കുന്തം കൊണ്ടുവന്നാലും തനിക്ക് ഒന്നുമില്ലെന്നും ജോര്‍ജ് പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ബോധവും ബുദ്ധിയും നിയമപരിജ്ഞാനവുമുള്ളവരെ നിയോഗിക്കണം. ലോകത്തെല്ലാം മത്സരിച്ച് തോറ്റവര്‍ക്ക് വെറുതെ ഒരു പദവി എടുത്തു കൊടുക്കരുതെന്നും എംസി ജോസഫൈനെ പരോക്ഷമായി ഉദ്ദേശിച്ച് ജോര്‍ജ് പറഞ്ഞു.

നാളെ പള്‍സര്‍ സുനി എഴുന്നേറ്റു നിന്നു മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ അദ്ദേഹത്തെയും അറസ്റ്റു ചെയ്യുമോ എന്നും ജോര്‍ജ് ചോദിച്ചു.

Keywords: PC George, MC Josephine, CPM, Pinarayi Vijayanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പിസി ജോര്‍ജിനെ പൂട്ടാനുറച്ച് സര്‍ക്കാര്‍, കത്തല്ല കുന്തം കൊണ്ടുവന്നാലും തനിക്കൊന്നുമില്ലെന്ന് ജോര്‍ജ്