Search

എവിടെയും കൂക്കിവിളി, കരിങ്കൊടി, ജനരോഷം... എല്ലായിടത്തും ചിരിച്ചുകൊണ്ട് ദിലീപ്, തെളിവെടുപ്പ് തിടുക്കത്തില്‍ പൂര്‍ത്തിയാക്കി ആലുവയിലേക്ക്

Actor Dileep at trissur for evidence collection


സ്വന്തം ലേഖകന്‍

തൃശൂര്‍: അതിശക്തമായ ജനരോഷത്തിനിടെ, ഏറെ പ്രയാസപ്പെട്ട് നടന്‍ ദിലീപിനെയും കൊണ്ടുള്ള തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലെല്ലാം നടനെ കൊണ്ടുവന്നു തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

തൃശൂരിലെ ജോയ്‌സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്‌ളബ്ബ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

രാവിലെ 11 ന് തുടങ്ങിയ തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി തിരിച്ച് ആലുവ പൊലീസ് കഌബ്ബിലെത്തുകയായിരുന്നു. ഉച്ചയ്ക്കു ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്വത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.

പള്‍സര്‍ സുനിയുമായി ദീലീപ് ഗൂഢാലോചന നടത്തിയ ജോയ്‌സ് പാലസ് ഹോട്ടലില്‍ എത്തിച്ചത് വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു. ഇവിടെ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്.

പൊലീസ് വാഹനം എത്തിയപ്പോള്‍ തന്നെ ജനം ഓടിക്കൂടി. ഇതിനിടെ പൊലീസ് ഹോട്ടലിന്റെ ഗേറ്റ് അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ അകത്തേക്ക് കയറിയില്ല. നേരത്തെ കയറിക്കൂടിയ ആളുകള്‍ ഗേറ്റിന് പുറത്തും മതിലിലും നിന്ന് നടനെ കൂവിവിളിച്ചു. ഇതിനിടെ ജനത്തിനു നേരേ ദിലീപ് കൈവീശിയതോടെ ആക്രോശങ്ങളും തെറിവിളിയും കൂക്കിവിളിയുമായി.

തുടര്‍ന്ന് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. അഞ്ചു മിനിറ്റ്  പൊലീസ് വാഹനം ഹോട്ടലിന്റെ കാര്‍ പോര്‍ച്ചില്‍ നിറുത്തിയിട്ടു. അന്വേഷണ സംഘം ഹോട്ടലിന്റെ അകത്തെത്തി റിസപ്ഷനില്‍ നിന്ന് തെളിവെടുപ്പ് നടത്തി. പ്രതിയെ വാഹനത്തില്‍ തന്നെ ഇരുത്തുകയായിരുന്നു.

ഗൂഢാലോചനയുടെ അവസാനഘട്ടത്തില്‍ ദിലീപിനെ കാണാന്‍ സുനി ഇവിടെ വന്നിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലിലെ സന്ദര്‍ശന രജിസ്റ്ററില്‍ സുനി പേരെഴുതിയിരുന്നു. ഇതിനു ശേഷം പോര്‍ച്ചില്‍ നിറുത്തിയിട്ട ബി.എം.ഡബ്‌ള്യു കാറിലിരുന്ന്  ഇരുവരും സംസാരിച്ചതിനും തെളിവുണ്ട്.

ഇവിടെ നിന്ന് ദിലീപിനെ അര കിലോമീറ്റര്‍ അകലെയുള്ള ഗരുഡ ഹോട്ടലില്‍ എത്തിച്ചു. ഹോട്ടലിലെ എട്ടാം നിലയിലേക്ക് ലിഫ്റ്റ് മാര്‍ഗം ദിലീപിനെ കൊണ്ടുപോയി. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഈ ഹോട്ടലിലെ എട്ടാം നിലയിലെ 801 ാം നമ്പര്‍ മുറിയിലായിരുന്നു ദിലീപ് 14 ദിവസം ദിലീപ് താമസിച്ചത്. പള്‍സര്‍ സുനി ഇവിടെയെത്തിയതിനു തെളിവില്ല.

ഇവിടെ നാലു മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. താഴെയെത്തിയപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ദിലീപിനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ദിലീപും മാദ്ധ്യമപ്രവര്‍ത്തകരെ മാറ്റിനിറുത്താന്‍  ആവശ്യപ്പെട്ടു.

പുറത്തേക്കിറങ്ങുമ്പോള്‍ അവടെയും ജനം കൂവിവിളിച്ചു. ചിരിച്ചുകൊണ്ട് ദിലീപ് അവരെയും കൈവീശി കാട്ടി.

അവിടെനിന്ന് കിണറ്റിന്‍കര ടെന്നീസ് അക്കാഡമിയിലെത്തി. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു അക്കാഡമി. ഇവിടുത്തെ ജീവനക്കാരന്‍ എടുത്ത സെല്‍ഫിയായിരുന്നു കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറിയത്.

ദിലീപുമൊത്ത് ജീവനക്കാരന്‍ എടുത്ത സെല്‍ഫിയില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി വന്നുപെട്ടിരുന്നു. പള്‍സര്‍ സുനിയെ തനിക്ക് മുന്‍പരിചയമില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ ആദ്യ ആയുധം ഇതായിരുന്നു. ഈ സെല്‍ഫി യാണ് ദിലീപിനെ ശരിക്കും കുടുക്കിയത്.

ഇവിടെയും ജനം ആര്‍ത്തിരമ്പി പ്രതിഷേധിച്ചതോടെ ദിലീപിനെ ആദ്യം പുറത്തിറക്കിയില്ല. കോര്‍ട്ടിലും ഗ്രൗണ്ടിലും തെളിവിനായി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം 12.25ന് ദിലീപിനെ വാഹനത്തില്‍ നിന്നിറക്കി. ഇവിടെ സെല്‍ഫി എടുത്ത സ്ഥലത്തുനിന്ന് പള്‍സര്‍ സുനി നിന്ന സ്ഥലത്തേയ്ക്കുള്ള ദൂരം ഉള്‍പ്പെടെ പൊലീസ് അളന്നെടുത്തു. ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

ടെന്നീസ് കോര്‍ട്ടില്‍ ദിലീപുമായി തെളിവെടുപ്പ് നടത്തി. ഇവിടെവച്ച് പൊലീസ് ദിലീപിനോടു ചോദ്യങ്ങള്‍ ചോദിക്കുകയും ദിലീപ് മറുപടി നല്കുകയും ചെയ്തു. അഞ്ചു മിനിറ്റിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വാഹനത്തില്‍ തിരികെ കയറ്റി.

ഇവിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളും കരിങ്കൊടിയും കാട്ടി. അക്കാഡമി ഗ്രൗണ്ടില്‍ ആദ്യം നിലയുറപ്പിച്ച വാഹനത്തിനടുത്തേക്ക് മാദ്ധ്യമപ്രവര്‍ത്തര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

Keywords: Dileep, Joys Palace Hotel, Pulsar Suni, Cime


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എവിടെയും കൂക്കിവിളി, കരിങ്കൊടി, ജനരോഷം... എല്ലായിടത്തും ചിരിച്ചുകൊണ്ട് ദിലീപ്, തെളിവെടുപ്പ് തിടുക്കത്തില്‍ പൂര്‍ത്തിയാക്കി ആലുവയിലേക്ക്