Search

66 കാരനായ മോഡിയെ എതിരിടാന്‍ 47 കാരനായ രാഹുലിനു കഴിയുന്നില്ല, എഴുപതിന്റെ ചെറുപ്പവുമായി സോണിയ വീണ്ടും ഗോദയിലേക്ക്അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയേയും സോണിയ നയിക്കും, ഒപ്പം പഴയ പടക്കുതിരകളും, രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കി മൂലയ്ക്കിരുത്തും
________________________________________________________________________________________________

അഭിനന്ദ്


ന്യൂഡല്‍ഹി: 66 കാരനായ നരേന്ദ്രമോഡിയെ നേരിടാന്‍ ചെറുപ്പമില്ലാത്തതിനാല്‍ 47 കാരനായ രാഹുല്‍ ഗാന്ധിയെ മൂലയ്ക്കിരുത്തി, അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയേയും നയിക്കാന്‍ 70കാരിയായ സോണിയാ ഗാന്ധിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.

അകത്തളത്തിലെ ഈ തീരുമാനം ഇനിയും പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടിട്ടില്ല. രാഹുലിനെ ഒതുക്കിയെന്ന സംശയം വരാത്ത വിധം അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റാക്കി ഇരുത്തിക്കൊണ്ട്, സോണിയയുടെ നേതൃത്വത്തില്‍ പഴയ പടക്കുതിരകളെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം.

രാഹുല്‍ നയിക്കുകയാണെങ്കില്‍ തങ്ങളില്ലെന്ന് മിക്ക ഘടക കക്ഷികളും ഒരേസ്വരത്തില്‍ പറയുകയും ബാറ്റണ്‍ ഏന്താന്‍ കെല്പില്ലാതെ രാഹുല്‍ മുട്ടിടിക്കുകയും ചെയ്യുന്നതിനാലാണ് സോണിയ തന്നെ നേതൃത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

രോഗബാധിതയായി വിദേശത്തു ചികിത്സ കഴിഞ്ഞു വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞ സോണിയയാണ് ഗത്യന്തരമില്ലാതെ വീണ്ടും പാര്‍ട്ടിയെയും മുന്നണിയേയും നയിക്കന്‍ ഇറങ്ങുന്നത്.

രാഹുലിനെ മുന്‍നിറുത്തി അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍, ഇപ്പോഴത്തേതിലും ഗതികെട്ട അവസ്ഥയില്‍ പാര്‍ട്ടിയും മുന്നണിയും പിന്തള്ളപ്പെടുമെന്നാണ് പൊതു വികാരം.

 മാത്രമല്ല, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി ശക്തി തെളിയിക്കുകയും കുറഞ്ഞ കാലം കൊണ്ട് നരേന്ദ്രമോഡി ലോക നേതാക്കളുടെ ഗണത്തിലേക്ക് ഉയരുകയും ചെയ്തിരിക്കെ അദ്ദേഹത്തെ എതിരിടാന്‍ രാഹുല്‍ പോരെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് മോഡി ഗുജറാത്ത് മുഖ്യമന്ത്രി മാത്രമായിരുന്നു. ഇന്ന് സ്ഥിതി അതല്ല. അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ഇരിക്കുന്ന നേതാവാണ് മോഡി. ലോകത്തെ എല്ലാ നേതാക്കളും മോഡിയുടെ സമയത്തിനായി കാത്തുനില്‍ക്കുന്ന സ്ഥിതിയുണ്ട്. അഭിപ്രായ സര്‍വേകളിലും മോഡിയാണ് ഇന്ത്യയെ നയിക്കാന്‍ കരുത്തനെന്നാണ് 75 ശതമാനം പേരും പറയുന്നത്. അതിനാല്‍, ബാലനശക്തനായ രാഹുല്‍ പോരെന്നാണ് പൊതു വികാരം.

മുതിര്‍ന്ന നേതാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പിസി ചിദംബരം, ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ് എന്നീ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്.

മോഡിയെ നേരിടാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു കഴിയില്ലെന്ന തിരിച്ചറിവും സോണിയയ്ക്കുണ്ട്. അതിനാല്‍ മുന്നണിയിലെ ഘടക കക്ഷികളെ ഏകോപിപ്പിക്കാനും തിരക്കിട്ട നീക്കമാരംഭിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ രാഹുലിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കും.  സ്ഥാനം നല്കി മകനെ മൂലയ്ക്കിരുത്തിയ ശേഷമാലും സോണിയ സജീവമായി രംഗത്തിറങ്ങുക. ഇപ്പോഴും പാര്‍ട്ടിയെയും മുന്നണിയേയും ഒരുമിപ്പിച്ചു നിറുത്താനും നിറുത്തേണ്ടവരെ നിറുത്തേണ്ട അകലത്തില്‍ ഒതുക്കാനുമെല്ലാം സോണിയയ്ക്കു മാത്രമേ കഴിയുന്നുള്ളൂ. രാഹുലിന്റെ വാക്കുകള്‍ പാര്‍ട്ടിയിലും മുന്നണിയിലും ആരും മുഖവിലയ്‌ക്കെടുക്കുന്നുമില്ല.

പ്രധാന പ്രശ്‌നങ്ങള്‍ വരുമ്പോഴെല്ലാം മൗനം അവലംബിക്കുകയോ വിദേശത്തേയ്ക്കു മുങ്ങുകയോ ചെയ്യുന്ന രാഹുലിന്റെ പതിവു രീതിയും മുന്നണിയില്‍ കടുത്ത രോഷത്തിനിടയാക്കിയിട്ടുണ്ട്. അടുത്തിടെ, മധ്യപ്രദേശിലെ കര്‍ഷക സമരത്തിന്റെ അവസാന ഘട്ടത്തിലും രാഹുല്‍ അപ്രത്യക്ഷനായിരുന്നു. മന്ദ്‌സോര്‍ സംഘര്‍ഷ സമയത്തും രാഹുല്‍ വിദേശത്ത് ചുറ്റിയടിക്കാന്‍ പോയത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ലാലുപ്രസാദ് യാദവ് പാറ്റ്‌നയില്‍ ആസൂത്രണം ചെയ്ത റാലിയിലേക്ക് സോണിയാ ഗാന്ധിയെ വിളിച്ചു. സോണിയ അസൗകര്യം പറഞ്ഞപ്പോള്‍ പകരം പ്രിയങ്കയെ അയയ്ക്കാനാണ് ലാലു പറഞ്ഞത്. ഇത് സോണിയയ്ക്കു കൃത്യമായ സന്ദേശമായിരുന്നു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതും കോണ്‍ഗ്രസ്സിനുള്ള മുന്നറിയിപ്പായിരുന്നു. രാഹുലുമായി ഒരു ഇടപാടിനുമില്ലെന്ന് എന്‍സിപി തലവന്‍ ശരദ് പവാറും വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണിയിലെ ഏതൊരു നേതാവിനെയും ഒരു ഫോണ്‍കോളില്‍ വിളിപ്പുറത്തെത്തിക്കാനുള്ള സോണിയയുടെ ശേഷി രാഹുലിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. മുലായം സിംഗ്, മായാവതി, ശരദ് പവാര്‍ എന്നിവരെയൊക്കെ ഫോണില്‍ തന്നെ ഒതുക്കാന്‍ സോണിയയ്ക്കാവുന്നു. രാഹുലിന് കഴിയുന്നുമില്ല.


Congress president Sonia Gandhi has decided to field herself to lead the party  in the next general elections.

Sonia Gandhi will lead and will field the old pelicans under her leadership.

The public sentiment is that if Rahul facing the next general election, the party and the front will be routed again.

Modi was the Chief Minister of Gujarat during the last election. That's not the situation today. All the leaders in the world are waiting for Modi's time.

Keywords: Rahul Gandhi, Sonia Gandhi, PC Chidambaram, Anand Sharma, Ghulam Nabi Azad, Modi, Madhya Pradesh, Lalu Prasad Yadav, Priyank, Chief Minister Nitish Kumar, BJP, presidential candidate, NCP chief , Sharad Pawar, Mulayam Singh, Mayawati  vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “66 കാരനായ മോഡിയെ എതിരിടാന്‍ 47 കാരനായ രാഹുലിനു കഴിയുന്നില്ല, എഴുപതിന്റെ ചെറുപ്പവുമായി സോണിയ വീണ്ടും ഗോദയിലേക്ക്