Search

നാടാകെ വിമര്‍ശനമുയരുന്നു, ഉത്തരം പറയാനാവാതെ അമ്മ നേതൃത്വം


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേര്‍ പരസ്യവിമര്‍ശനങ്ങളുമായി രംഗത്തുവന്നതോടെ താരസംഘടനയായ അമ്മ ഒറ്റപ്പെടുന്ന അവസ്ഥയായി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നത്.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് രാഷ്ട്രീയ നേതാക്കളില്‍ അമ്മയ്‌ക്കെതിരേ ശക്തമായ നിലപാടുമായി ആദ്യം രംഗത്തുവന്നത്. അതിനു പിന്നാലെ ഭരണ പ്രതിപക്ഷങ്ങളിലെ മറ്റു നേതാക്കളും വന്നു. തൊട്ടു പിന്നാലെ സംവിധായകന്‍ ആഷിഖ് അബു, നടന്‍ ജോയ് മാത്യു തുടങ്ങിയവരും സഹപ്രവര്‍ത്തകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു.

ഓടുന്ന വാഹനത്തിലിട്ട് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിക്കു വേണ്ടി നിലകൊള്ളുന്നതിനു പകരം ആരെയൊക്കെയോ രക്ഷിക്കാനാണ് താരസംഘടന ശ്രമിച്ചതെന്ന് ഏതാണ്ട് എല്ലവരും ഒരേ സ്വരത്തില്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് സംഘടനാ നേതൃത്വത്തിന് ഉത്തരം മുട്ടിയിരിക്കുന്നത്.

പൊതുയോഗത്തില്‍ നടിയെ ഒറ്റപ്പെടുത്തുന്ന വിധമാണ് പല ഉന്നതരും ഇടപെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ട്. അതും പോരാഞ്ഞാണ് വൈകിട്ട് പത്രസമ്മേളനത്തില്‍ നോതാക്കളും കുട്ടിനേതാക്കളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ മെക്കിട്ടു കയറാന്‍ നോക്കിയത്. ഇതോടെ പൊതുവികാരം സംഘടനയ്‌ക്കെതിരാവുകയായിരുന്നു.

അമ്മയുടെ അദ്ധ്യക്ഷന്‍ തന്നെ ഇടത് എംപിയായ ഇന്നസെന്റാണ്. പത്രസമ്മേളന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ രോഷത്തോടെ ചീറിയടുത്ത മുകേഷ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജയിച്ച എംഎല്‍എയാണ്. കെബി ഗണേശ് കുമാര്‍ എംഎല്‍എയാകട്ടെ തത്കാലം ഇടതു സഹയാത്രികനാണ്.

വേദിയില്‍ മൗനം പാലിച്ചെങ്കിലും അമ്മയുടെ നേതാക്കളില്‍ പ്രധാനിയായ മമ്മൂട്ടിയാകട്ടെ സിപിഎം ചാനലിന്റെ ചെയര്‍മാനാണ്. ഇങ്ങനെ എല്ലാത്തരത്തിലും താരസംഘടനയ്ക്ക് ഇടത് ആഭിമുഖ്യമാണ് കൂടുതലെന്നിരിക്കെ, ഇത്തരം സംഭവവികാസങ്ങള്‍ സിപിഎമ്മിനും ക്ഷീണമായിരിക്കുകയാണ്.

താരസംഘടനയ്ക്ക് 'അച്ഛന്‍' എന്ന പേരായിരിക്കും ഉചിതമെന്നാണ് കെസിപിപി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞത്. ഇത് അമ്മമാരുടെ സംഘടനയല്ല. സ്ത്രീകളുടെ വിഷയം സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. പുരുഷാധിപത്യമാണ് 'അമ്മ' സംഘടനയില്‍ നടക്കുന്നതെന്നത്, ഹസന്‍ പറഞ്ഞു.

നടി ആക്രമണത്തിനിരയായ സംഭവത്തില്‍ അമ്മയുടെ സമീപനം നീതിപൂര്‍വമായില്ലെന്നും ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ നേതൃത്വം തയാറാകണമെന്നും  മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

'അഭിനയം തൊഴിലാക്കിയവരുടെ' സംഘടനയാണ് അമ്മയെന്ന് നടന്‍ ജോയ് മാത്യു ഫേസ്ബുക്കിലൂടെ പരിഹസിച്ചു. താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ എന്തു നടന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന മുഖവുരയോടെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. എന്നാല്‍ കേട്ടോളൂ... അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ, അദ്ദേഹം പരിഹസിച്ചു.

അമ്മയുടെ വാര്‍ഷിക യോഗത്തോടെ സിനിമാ മേഖലയില്‍ നടക്കുന്ന ഉള്ളുകളികള്‍ ഏറെക്കുറെ ജനങ്ങള്‍ക്കു പിടികിട്ടിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നടക്കുന്ന കാര്യങ്ങളുടെ ഉദാഹരണമാണ് അമ്മ യോഗത്തിലുണ്ടായ സംഭവങ്ങള്‍. ഇനിയും ഒരുപാടുകാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ പ്രതികരണത്തിനെതിരേ സിനിമാരാഷ്ട്രീയസാമൂഹിക മേഖലകളില്‍നിന്നു വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ ജനപ്രതിനിധികളായിരിക്കെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്കു കയര്‍ത്തത്. ഇതിനെതിരേയാണ് മന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയത്.

സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നതില്‍ തെറ്റില്ലെന്നും അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലും കാണാന്‍ സാധിക്കില്ലെന്നും ആഷിഖ് ആരോപിച്ചിരുന്നു.

ഇതോടെ പൊതു സമൂഹത്തിനു മുന്നില്‍ സംഘടന ഒറ്റപ്പെടുന്ന അവസ്ഥായിരിക്കുകയാണ്. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി നല്കാനാവാതെ ഉള്‍വലിഞ്ഞിരിക്കുകയാണ് താരസംഘടനാ നേതൃത്വം.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നാടാകെ വിമര്‍ശനമുയരുന്നു, ഉത്തരം പറയാനാവാതെ അമ്മ നേതൃത്വം