ദൈവത്തെ വിളിക്കുന്നതിന്റെയും ദൈവം വിളി കേള്‍ക്കുന്നതിന്റെയും ഒച്ചകള്‍

കഥ/രോഷ്‌നി സ്വപ്ന ദൈവത്തെ വിളിക്കുന്നതിന്റെയും ദൈവം വിളി കേള്‍ക്കുന്നതിന്റെയും   ഒച്ചകള്‍ എത്രയോ രാത്രികള്‍, എത്രയോ ഇടങ്ങള്‍, എത്ര ...

കഥ/രോഷ്‌നി സ്വപ്ന

ദൈവത്തെ വിളിക്കുന്നതിന്റെയും
ദൈവം വിളി കേള്‍ക്കുന്നതിന്റെയും   ഒച്ചകള്‍



എത്രയോ രാത്രികള്‍, എത്രയോ ഇടങ്ങള്‍, എത്ര തരം ഇരുട്ട്! ചോര, കരച്ചില്‍, മുറിഞ്ഞുകീറുന്ന എത്രയെത്ര തരം തൊലികള്‍!
ഒടുവില്‍ ഈ രാത്രി, ഈ ഇരുട്ട്,
ഈ കറുപ്പ്....
കീറി മുറിയാന്‍ പോകുന്ന സ്വന്തം ജീവന്‍, തൊലി, തങ്ങള്‍ മാത്രം കേള്‍ക്കാതെ പോകുന്ന കരച്ചില്‍... ഓര്‍ത്തപ്പോഴേക്കും രണ്ടാള്‍ക്കും വല്ലാത്തൊരാന്തല്‍! ഒരു തുള്ളി ശ്വാസം പറന്നുവന്ന് മൂക്കിന്‍ തുമ്പത്തിരുന്നെങ്കില്‍ എന്ന് രണ്ടാളും പരസ്പരമറിയാതെ പ്രാര്‍ത്ഥിച്ചു. ശ്വാസം എങ്ങോട്ടാണ് പോയിരിക്കുന്നതെന്നും അറിയില്ല. കറുത്ത ചായം തേച്ച പ്രതലത്തില്‍ തെളിഞ്ഞ കടും മഞ്ഞ വരകള്‍ കൊണ്ട് നേര്‍പ്പിച്ചു വരച്ച രണ്ട് ഭൂപടങ്ങള്‍ പോലെ അവരിരുന്നു.

മൂന്നു ദിവസം മുമ്പാണ് ഇരുവരെയും ഒരു മുറിയില്‍ അടച്ചത്. ജയിലിന്റെ ചുറ്റുമതില്‍ക്കെട്ടിനകത്ത് മഴവെള്ളം കയറി നുകന്ന കുറേ മുറികള്‍. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവരെ ആരുടെയോ ഉത്തരവ് പ്രകാരം ഒരു മുറിയിലടച്ചു. ബന്തവസ്സിന്റെ രഹസ്യ മുറി.

ഒരു വെളിച്ചത്തൂളു പോലും കടന്നുവരാത്ത കറുത്ത മുറി.
''നീ ആരായിരുന്നു''? ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്ന ഒരുവേളയില്‍ പരസ്പരം കാണാനായതിന്റെ ആകാംക്ഷ കൊണ്ട് നാണു ചോദിച്ചു. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവര്‍ക്കെന്തു പേര്? ചരിത്രം?
ഒരു നാടകത്തില്‍ സ്പാര്‍ട്ടക്കസ് കൂടെ ബന്ധിക്കപ്പെട്ട ഗ്ലാഡിയേറ്ററോട് പേരുചോദിച്ച രംഗം പ്രകാശന് ഓര്‍മ്മ വന്നു.
മുഴക്കമുള്ള നിശബ്ദത എന്നൊക്കെ അനുഭവിപ്പിച്ച് മടുപ്പിക്കുന്ന ഏകാന്തതയെ പുകഴ്ത്താനോ ഇകഴ്ത്താനോ അവന് തോന്നിയില്ല.

'ഞാനാരാണോ, അതുതന്നെയാണ് ഇപ്പഴും''
രണ്ടുപേരും കൊലക്കുറ്റത്തിന് തൂക്കുമരം ശിക്ഷ കല്‍പിക്കപ്പെട്ടവര്‍ പരസ്പരം ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ലെന്ന് വിശ്വസിക്കുകയല്ലാതെ മറ്റെന്ത്!
നാണുവിന് ഈര്‍ഷ്യ തോന്നി
''ഞാന്‍ ഒരുപാട് പേരെക്കൊന്നൂന്നാ കണക്ക്. ജഡ്ജ് വിളിച്ചുപറഞ്ഞ് വായിച്ചപ്പഴാ അറിയണെ... ആകെ ഒരെത്തുംപിടിയും കിട്ട്ണില്ല. ഒന്നാണെങ്കിലും ആറാണെങ്കിലും തൂക്ക് തന്നെ ശിക്ഷ. പക്ഷേ.... അതെങ്ങനേന്നാ നിക്ക് ഒറപ്പില്ലാത്തെ....'' നാണു ഒരിളിഞ്ഞ ചിരി ചിരിച്ചു.
''ഞാനാരേം കൊന്നിട്ടില്ല. കൊല്ലാനെനിക്ക് കഴിയില്ല''. പ്രകാശന്‍ ആവര്‍ത്തിച്ചു. നാണു പിന്നെയും ചിരിച്ചു. അത് ഇളിഞ്ഞ ചിരിയായിരുന്നില്ല. പിന്നെന്ത് ചിരി? നാണു തന്നെ ആലോചിച്ചു.

''ആ... കൊന്ന് കാണില്ല...'' എന്ന് വിശ്വസിച്ചു. പ്രകാശന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. നാണു അയാളുടെ മുതുക് തടവിക്കൊടുത്തു. അവനെന്തോ ആശ്വാസം തോന്നി.
''ഞാന്‍ പ്രകാശന്‍. കവിയായിരുന്നു. നാടകവും എഴുതീട്ടൊണ്ട്... കളിച്ചിട്ടുവൊണ്ട്...''
''എനിക്ക് തോന്നി'' നാണു ചിരിച്ചു.

അങ്ങനെ തോന്നിയിട്ടില്ല. ഇരുട്ടു വീഴുമ്പോ, കയറിക്കൂടുന്ന വീടിന്റെ ഒളിമുറികളില്‍ക്കൂടി അങ്ങനെ നടക്കുമ്പോള്‍, ചിലപ്പോള്‍ ചില മേശപ്പുറങ്ങളില്‍ പകുതി എഴുതിവച്ച ചില കവിതകളോ, കുറിപ്പുകളോ ഒക്കെ കണ്ടിട്ടുണ്ട്. മനസ്സിലെവിടെയോ, കാട്ടുവള്ളികള്‍ ഉടക്കുംപോലെ കടലും പ്രണയവും ഉമ്മകളും കൊടുങ്കാറ്റു പോലെ ഉള്ളിലേക്ക് വന്നു മൂടിയ ഒരു കവിത അയാളങ്ങനെ വായിച്ചിട്ടുണ്ട്. ഇളം പച്ച പെയിന്റടിച്ച്, ഭിത്തികള്‍ പ്രായം കൊണ്ട് അടര്‍ന്നുപോയ നിറത്തൊലികളില്‍ കൈവിരലുകള്‍ ചാര്‍ത്തിച്ച് നാണു അത് വായിച്ചതോര്‍ത്തു.

'ഹൊ... എന്റെ ദൈവമേ...' എന്നൊരാന്തല്‍ ഉടലിനെ മൂടിയതുമോര്‍ത്തു. അയാളത് പ്രകാശനോട് പറഞ്ഞു. ഇരുട്ടില്‍ കത്തുന്ന അക്ഷരങ്ങള്‍... പ്രകാശനും കണ്ടു അത്. പ്രകാശന്റെ കണ്ണുകള്‍ തൂക്കുമരത്തിന്റെ ഓര്‍മ്മയില്‍ നിന്ന് ഇളകിപ്പോന്നു. പെട്ടെന്നൊരു യാത്രക്കൊരുങ്ങുന്നതിന്റെ അത്ഭുതം, തിളപ്പ്... രോമങ്ങള്‍ ആവേശം കുടിച്ച പോലെ!
പ്രണയമിതാ, തൊട്ടടുത്ത നിമിഷം ആത്മാവിലേക്ക് ചുംബനങ്ങള്‍ മൂടിക്കൊണ്ട് ഇറങ്ങിവരുമെന്നപോല്‍...!
പിന്നേ... ഇറ്റുവീഴുന്ന ചോരപോലത്തെ ചൂടാരുന്നു ആ കവിതക്ക്...

നാണു ഒരു കവിത പോലെ തന്നെ രോമാഞ്ചം പൂണ്ടു. കണ്ണടച്ചുനോക്കി. ഇരുട്ട്. കറുത്ത അക്ഷരങ്ങളുടെ വെളിച്ചം കടലുപോലെ...! ഉമ്മ പോലെ! പ്രണയം പോലെ! ഓര്‍മ്മ ഓടിയോടി വന്നു. അയാളുടെ ഒച്ച, കരിങ്കല്ലു കൊണ്ടു പണിത തടവറച്ചുമരുകളെ നേര്‍പ്പിച്ചു. ചില്ലു പോലെ!
ഭൂമിയിലെ ഏറ്റവും
ഉല്‍കൃഷ്ടമായ പ്രണയം
ആരാച്ചാര്‍ക്കും
ഇരയ്ക്കുമിടയിലുള്ളതാണ്.

കവിത വായിച്ചുതീര്‍ന്ന്, നാളെ കഴുമരം തൂക്കാന്‍ പോകുന്ന സ്വന്തം കഴുത്ത് നാണു കൈകൊണ്ടൊന്നുഴിഞ്ഞു. ചെവി രണ്ടുമൊന്നമര്‍ത്തിത്തിരുമ്മി. പ്രകാശന്‍ തൊട്ടുനേരത്തെ കേട്ട കവിതയില്‍ കുടുങ്ങിയങ്ങനെയിരുന്നു. രണ്ടുപേരും സ്വന്തം ജനനം തൊട്ട് ഓര്‍ക്കാന്‍ ശ്രമിച്ചു.
''ഞാനങ്ങനങ്ങ് കള്ളനായതല്ല. അങ്ങായിപ്പോയതാ... കൊലപാതകീമല്ല. ദുര്‍മ്മരണങ്ങളുടെ കാര്യം കേക്കുമ്പോത്തന്നെ പേടിയായിരുന്ന മന്ഷനാ, നാണു. ന്ന്ട്ടാ...'' നാണു ഒരു ദീര്‍ഘനിശ്വാസം എടുത്തു. പിന്നെപ്പിന്നെ... കണ്ണടച്ചു.

''ജയില് ചാടാന്‍ വല്ല വഴീംണ്ടോ''? പ്രകാശന്‍ പെട്ടെന്ന് ചോദിച്ചു. പുറത്ത് നിലാവുണ്ടെന്ന് ചുവരോട്ടകളെത്തുളച്ച് കടന്നുവരുന്ന ഒരു കാറ്റ് പറഞ്ഞ പോലെ തോന്നി. ഇരുട്ടിലകപ്പെട്ട രണ്ടുപേര്‍ ഒരുമിച്ച് കാണുന്ന സ്വപ്‌നം പോലെ...! നാണു ഒന്നും മിണ്ടിയില്ല.
പ്രകാശനും ഒന്നും പറയാന്‍ തോന്നിയില്ല.
അല്ലെങ്കിലിപ്പോ എന്തുപറയാന്‍?
അന്നത്തെ ആ ദിവസം എവിടെയായിരുന്നു നാടകം? അതോ കവി സമ്മേളനമോ? ഒടുവില്‍ക്കിട്ടിയ ഗ്ലാസ് കൂടി മൊത്തി, ഒടുവിലത്തെ ബസ്സുകയറി നഗരത്തില്‍ നിന്ന് ഒഴിഞ്ഞുപോണത് ഓര്‍മ്മയുണ്ട്. സമയമെത്രയായിയെന്ന് ഓര്‍മ്മയുണ്ടായിരുന്നില്ല. കറുത്ത ഇരുട്ട് മുറിച്ച്, വെള്ളിനൂലു പോലെ മഴ തുടങ്ങിയത് എപ്പോഴായിരുന്നോ എന്തോ? ഗ്രാമത്തിലേക്കുള്ള അവസാന ബസ്സില്‍ ആള്‍ക്കാര്‍ കുറവായിരുന്നു. പ്രകാശന്‍ ഇടക്കാലത്തിറങ്ങിയ ഒരു സിനിമയിലെ രംഗങ്ങള്‍ ഓര്‍ത്തു. താന്‍ കൊന്നുവെന്നു പറയുന്ന നാലുപേര്‍ ആ ബസ്സില്‍ യാത്ര ചെയ്തവരായിരുന്നുവെന്നാണ് കേട്ടത്. ഓര്‍ത്തു. വീണ്ടും വീണ്ടും. പക്ഷേ... ആ ബസ്സ് അന്ന് ഒഴിമ്പ്രദേശത്തുകൂടി പോയത് പ്രകാശന്‍ ഓര്‍മ്മിച്ചു. ആ ഓര്‍മ്മയുടെ പിന്നാലെ മറ്റൊരു ഓര്‍മ്മയും കൂടി കുതിച്ചുവന്നെത്തി. പ്രകാശന്‍ കനോലി. പ്രകാശന്‍ കനോലി. തന്റെ മുഴുവന്‍ പേര്. എട്ടുവയസ്സായ മകന്‍. വിവാഹ മോചനം നേടാനാഗ്രഹിക്കുന്ന ഭാര്യ. ബസ്സില്‍ വെച്ച് ഒരു മണ്‍കൂജ താഴെ വീണുടഞ്ഞ ശബ്ദം...!
''എന്തോന്നാ ഓര്‍ക്കണെ? ഭാര്യടേം മക്കടെം കാര്യാ''? നാണു ഓര്‍മ്മയുടെ ഇടക്കു കയറി.

അര്‍ദ്ധരാത്രിയില്‍ നാടകം കഴിഞ്ഞല്ല അന്ന് റോഡിലിറങ്ങിയത്. രമ പിണങ്ങിപോകും മുമ്പത്തെ ഒരു രാത്രിയായിരുന്നോ അത്? ഇരുട്ടുപിടിച്ച റോഡില്‍ എത്രനേരം ഒറ്റക്കു കാത്തു നിന്നു! രമ അന്ന് വൈകുന്നേരം പറഞ്ഞതെന്തായിരുന്നു?

‘''നിങ്ങള്‍ടെ ഈ പാതിരാസഞ്ചാരം കൊറച്ച് കൊറച്ചോളോ. നടുകാട്ടിലിട്ട് ആള്‍ക്കാരെ വെട്ടിക്കൊല്ലണ കാലാണ്''.
ഹാ... ഓര്‍മ്മ വന്നു. അന്ന് നഗരത്തില്‍ നിന്ന് വീട്ടിലേക്കല്ല, പതിനൊന്നരയുടെ കെ.എസ്.ആര്‍.ടി.സി വരുന്നതുകാത്ത് ഹൈവേയ്ക്കടുത്തുള്ള ഊടുവഴിയറ്റത്ത് ചെന്നുനിന്നതായിരുന്നു. ആ നില്‍പ്പാണ് ഓര്‍മ്മ. അക്കരെ, പാടം കഴിഞ്ഞ് നീണ്ടുനില്‍ക്കുന്ന പരല്‍പ്പാടത്തിനുമക്കരെ, തോട്ടിലേക്ക് നീങ്ങുന്ന ഇടവഴിയില്‍ കള്ളിമുള്‍പ്പാലകളുണ്ട്. ആ ഇരുട്ടത്തും അത് കണ്ടതാണല്ലോ! കുറച്ചുനേരം ആ കാഴ്ചയങ്ങനെ നോക്കി നിന്നു. തൊട്ടപ്പുറത്ത് എന്തോ അനങ്ങി. ''ആരാത്''? പതുക്കെയാണ് ചോദിച്ചതെങ്കിലും ശബ്ദം കുറച്ച് ഉറക്കെയായിപ്പോയി.

''ശ്ശ്... പതുക്കെ...'' രൂപം ഒന്നനങ്ങി...
''എന്റെ പേര് ഗൗതമന്‍ന്നാ... തത്കാലം പ്രകാശന്‍ന്ന് വിളിച്ചാ മതി''. പ്രകാശന് വല്ലാതെ തോന്നി.
''അതെന്തിനാ? അത് എന്റെ പേരല്ലേ? ഗൗതമന്‍ന്ന് പറഞ്ഞാപ്പോ എന്താ കുഴപ്പം''? പ്രകാശന് കരച്ചില്‍ വരുന്നപോലെ തോന്നി. പാതിരാത്രിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടിയിരുന്നില്ല എന്നും തോന്നി.
''തത്കാലം അങ്ങനെ മതി''. ഗൗതമന്‍ന്ന് പറഞ്ഞാ...
അത് വല്ല്യ പ്രശ്‌നാവും...
അപരിചിതന്‍ ഇരുട്ടില്‍ ഒന്ന് നിവര്‍ന്നിരുന്നു. ആ ഇടത്ത് കുറച്ചുവെളിച്ചം കിടന്നിരുന്നു. ഇരുട്ട് അല്‍പം മാറിപ്പോയി. അയാള്‍ക്ക് വല്ലാത്തൊരു പരിവേഷം. പ്രകാശനൊന്നൊതുങ്ങിനിന്നു.

''നിങ്ങള്... എന്തു നോക്കിനിക്ക്വായിരുന്നു? വടക്കോട്ടുള്ള വണ്ടി''? എന്തെങ്കിലും ചോദിക്കണ്ടേയെന്ന് തോന്നി പ്രകാശന്. അപരിചിതന്‍ ഒന്നു ഞരങ്ങി.

''വടക്കും തെക്കും ഇപ്പോ ഏതാ? കുറച്ചുസമയം മുന്‍പ് ഞാനൊരു കാഴ്ച കണ്ടു. ദാ... ആ പരല്‍പ്പാടം, നോക്കിനില്‍ക്കേ, കടലായി മാറി. കുറേ അമ്പലങ്ങളും പള്ളികളും കടലില് മുങ്ങിപ്പോയി. പൂജാരിമാരും, പള്ളീലച്ചന്‍മാരും സ്വാമിമാരുമൊക്കെ ളോഹത്തുണീലും കാവിമുണ്ടിലുമൊക്കെപ്പിടിച്ച് രക്ഷപ്പെടാന്‍ നോക്കുന്നു. മുങ്ങിച്ചാവ്‌വേള്ളൂ. നന്നായി കൊട്ടാരം വിട്ട് എറങ്ങാന്‍ തോന്നിയത്...''

ഗൗതമന്‍ അങ്ങനെ പറഞ്ഞപ്പോഴേക്കും കുറച്ച് ഓര്‍മ്മ കൂടി തെളിഞ്ഞു. രമയും മോനും നല്ല ഉറക്കത്തില്‍. നിലാവ് ഉണ്ടായിരുന്നില്ല. ദൂരെ നിന്ന് അത്രയൊന്നും മര്യാദയില്ലാത്ത കാറ്റ് മേല്‍ക്കൂരകളെ പറത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം വീശാനൊരുങ്ങുന്നു. ചുറ്റുവട്ടത്തുള്ള പുളിമരങ്ങള്‍ കടപുഴകിവീഴാന്‍ ഒരുങ്ങിനില്‍ക്കുന്നു. നാട്ടിലെ നദികളും തോടുകളും കുളങ്ങളും തിളച്ചുമറിയുകയായിരുന്നത്രെ ഉച്ച മുതല്‍. രമ പറഞ്ഞതോര്‍ത്തു.

''വെള്ളം കെട്ടിക്കിടക്ക്ണ ചെറിയ കുഴി വരെ തെളക്ക്യാത്രെ! എന്താ കാരണാവോ? ചെല നാല്‍ക്കാലികള്‍ വെറ്‌തെ കെടന്ന് ഒച്ച വക്ക്ണ്ട്‌ട്ടോ. ലോകവസനായീന്നാ തോന്നണേ. പ്രകാശേട്ടന്‍ പോയി വരുമ്പോ കൊറച്ച് കുന്തിരിക്കം കൊടന്നോളോ...''
രാത്രി വിടീന്, കത്തുന്ന ഇരുട്ടിന്റെ മുഖച്ഛായയായിരുന്നു. ദൂരെ, പൊട്ടിച്ചൂട്ടുകള്‍ നൃത്തം ചെയ്യുന്നു. 'ലോകവസാനമായീന്നാ തോന്നണെ' എന്നുപറഞ്ഞ് രമ വാതിലുകള്‍ ചേര്‍ത്തടച്ചു. എന്നിട്ടുമടയാത്ത വാതിലുകള്‍ പ്രകാശനെ 'വാ, വാ' എന്നുവിളിച്ചു. രമയും മോനും ഉറങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ പ്രകാശന്റെ നെഞ്ചില്‍ കടല്‍ക്ഷോഭം പോലൊരു വലിവ് വന്നു. വടക്കേ വീട്ടിലെ സതീശനെ ആരോ ഹൈവേയിലിട്ട് വെട്ടിക്കൊന്നിരുന്നു. അവിടെ ഇപ്പോഴും പിരിഞ്ഞുപോയിട്ടില്ല. കോഴിക്കോട് ടൗണ്‍ഹാളില്‍ അന്ന് ഒളിവിലെ ഓര്‍മ്മകള്‍ നാടകം ഉണ്ടായിരുന്നതായി പ്രകാശന്‍ ഓര്‍മ്മിച്ചു. താനായിരുന്നല്ലോ പ്രധാന കഥാപാത്രം!

ദൂരെ നിന്ന് കാണുന്നത് പൊട്ടിച്ചൂട്ടല്ല, സതീശന്റെ വീട്ടിലേക്ക് ഘടിപ്പിച്ച വിളക്കുകളായിരുന്നു. എന്തിനാണവരെ വെട്ടിക്കൊന്നത്? രാഷ്ട്രീയമോ, നാടകമോ, സമരമോ ഇല്ലാത്ത ഒരു പാവം ടൈലര്‍. ആലോചിക്കുന്തോറും പ്രകാശന് ആധിയേറി. ഏറിവരുന്ന ശത്രുക്കളെ മറക്കാന്‍ ശ്രമിച്ചു.
ദൂരെ കുറുക്കനെപ്പോലൊരു ജീവി ശബ്ദിച്ചു. ഒരിടി വെട്ടി. ഒരു പ്രത്യേക വെളിച്ചം ജനല്‍ തുറന്ന് ഉള്ളിലെത്തി. കൊല്ലപ്പെട്ട സതീശന്‍ ജനല്‍പ്പുറത്ത് വന്ന് നോക്കിനില്‍ക്കുന്നു. പ്രകാശന് പേടി തോന്നിയില്ല. സതീശനല്ലേ?
''നീയ്യാന്ന് കരുതീട്ടാ പാതിരക്ക് ആരോ എന്നെ...
വഴീല് തടഞ്ഞ് നിര്‍ത്തി, പ്രകാശനല്ലേന്ന് ചോദിക്കലും വെട്ടലും കഴിഞ്ഞൂടാ...''

അവന്റെ മുഖത്ത് വല്ലാത്തൊരു കുറ്റപ്പെടുത്തല്‍! വീണ്ടും ഇടിവെട്ടി. വെളിച്ചം പോയി. അവനെ കാണാതായി. മേശപ്പുറത്ത് രമ എടുത്തുവച്ച ഒരു ബുദ്ധന്റെ ചിത്രം! കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു. ഒന്നും ആലോചിച്ചില്ല. ഉറങ്ങിക്കിടന്ന രമയെയും മോനെയും ഇട്ട് ഇറങ്ങിപ്പോന്നപ്പോള്‍ പിന്നില്‍ നിന്ന് ബുദ്ധന്റെ ചിരി കേട്ടു.
*******

നാണു വേറെന്തോ ഓര്‍ത്തു. ആരെയും കൊല്ലരുത് എന്ന് ഓര്‍ത്തിട്ടില്ലെങ്കിലും എന്നെങ്കിലും ആരെയെങ്കിലുമൊക്കെ കൊല്ലേണ്ടിവരും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ജീവിതമെങ്ങനെ ഇനി മുന്നോട്ട് എന്ന് എപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കൂട്ടുകാരന്‍ കൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

''ആരെങ്കിലുമൊക്കെ ചത്താലേ ലോകം നന്നാവ്വൊള്ളൂന്ന്ണ്ടങ്കെ, അതിനിപ്പോ എന്താ കൊഴപ്പം? ഓരോ കാലത്ത് ഓരോരുത്തര്. ദുര്യോധനന്‍, രാവണന്‍, കംസന്‍, ഹിറ്റ്‌ലര്‍, സദ്ദാം ഹുസൈന്‍, ഗാന്ധി, കസബ്... ഇനി ഞാന്‍ അല്ലങ്കെ നീ...''
ആ നേരങ്ങളില്‍ കൃഷ്ണനെ നാണു, കുരുക്ഷേത്രത്തിലെ കൃഷ്ണനായിത്തന്നെയാണ്. ചിലപ്പോള്‍ കൃഷ്ണന്‍ കുടിലിന് തൊട്ടടുത്തെ കള്ളിക്കാട്ടില്‍, മറ്റ് ചിലപ്പോള്‍, പനങ്കാട്ടിന്റെ ഒഴിഞ്ഞ മണ്ണില്‍, അല്ലെങ്കില്‍ തോട്ടുവക്കത്ത്, പാടത്ത്, ഉള്‍ക്കാട്ടില്‍, അവനപ്പോള്‍ കഞ്ചാവ് വലിക്കുകയാവും. ശംഖൂതുകയാണെന്ന് നാണുവിന് തോന്നും.
''കൃഷ്ണാ...'' നാണു നീട്ടിവിളിക്കും.

അങ്ങനെ, ഒരിരുട്ടത്ത് പനങ്കാട്ടിലെ, വലീം, കുടീം കഴിഞ്ഞ്, തോട് മുറിച്ച് പാടത്തേക്കുള്ള കള്ളിക്കാട്ടുവഴിയില്‍ എത്തിയ നേരം പെട്ടെന്ന് രണ്ടാള്‍ക്കും വഴിതെറ്റി. ദൂരെ ആരൊക്കെയോ നടന്നു പോകും പോലെ തോന്നി. തോട്ടിലെ മീനുകള്‍ നിലാവെട്ടത്തില്‍ ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. നടന്നുപോകുന്നവരുടെ അടുത്തെത്താന്‍ രണ്ടാളും ആയാസപ്പെട്ട് ഓടി. ഏറ്റവുമൊടുക്കത്തെ ആള്‍ തോട്ടിലേക്കിറങ്ങും മുന്‍പ് ചെന്ന് ചോദിച്ചു.

''എവടക്കാ''?
''ലോകം രണ്ടുമൂന്നീസം കൊണ്ട് ഒടുങ്ങുംത്രെ! ഈ തോടൊക്കെ കരക്ക് കയറും. ഭൂമി മുഴുവന്‍ കടലാവും. പള്ളീല് പൈസ അടച്ച്ട്ട്ണ്ട്. ഒരു പേടകം പണിത്ട്ട്ണ്ട്, മാര്‍പ്പാപ്പ കൊടത്തയച്ച കല്ല്വോണ്ട്. ഉള്ളില്‍ കയറി ഇരുന്നാപ്പിന്നെ, വെള്ളം എറങ്ങീട്ട് ഭൂമീല്‍ക്ക് തിരിച്ചെറങ്ങ്യാമതീന്നാ പറയ്ണ്''.
നാണു വായും പൊളിച്ചിരുന്നു.
''ഞങ്ങളെ ജാതിക്കാര് മാത്രേള്ളൂ ട്ടോ...'' കൃഷ്ണന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു... ''ഞങ്ങക്കേയ് പുഷ്പകവിമാനണ്ട്. പ്രളയം വന്നാല്‍ അതില്‍ കയറിപ്പറക്കും. ആകാശത്ത് വെള്ളം കേറൂലല്ലോ...'' നാണൂന് സമാധാനമായി. അക്കൂട്ടര്‍ അങ്ങനെ തോടു മുറിച്ചു കടന്നു. തോടിന്റെ പകുതിയെത്തിയപ്പോള്‍ അവരെ കാണാതായി.
''ദേ നോക്ക്യേ...'' നാണു വിരല്‍ ചൂണ്ടി.
''പോയിച്ചത്തോട്ടെ അവറ്റ. അല്ലെങ്കി, വെട്ടിക്കൊല്ലും ഞാന്‍ എല്ലാറ്റിനീം...'' നാണു മിണ്ടാതായി.
********

എല്ലാം കുഴഞ്ഞു മറിയുന്നു. പ്രകാശന്‍ വീടുപേക്ഷിച്ച അന്നുതന്നെയാണ് പേടകത്തിലേക്കുള്ള ആള്‍ക്കൂട്ടം പാതിരക്ക് തോടുമുറിച്ച് കടന്ന് അപ്രത്യക്ഷരായത്. നാണുവിന്റെ വീട്ടിനുള്ളില്‍ മഴ ചോര്‍ന്ന തുള്ളികള്‍ മയില്‍പ്പീലികളായതും സതീശന്‍ ടൈലറെ നടുറോഡിലിട്ട് വെട്ടിക്കൊന്നതും. ആ രാത്രി അങ്ങനെ റോഡിനപ്പുറത്തേക്ക് നോക്കി നിന്നത് തൊട്ടുമുന്‍പു കഴിഞ്ഞതുപോലെ തോന്നി പ്രകാശന്.
''ഒന്ന് മുങ്ങിക്കുളിച്ചാലോ...'' നാണുവിനോട് കൃഷ്ണന്‍ ചോദിച്ചു.

''ഈ പാതിരക്കോ? പേടിയാവുന്നതുപോലെ, വെള്ളത്തിനടിയില്‍ പെരുമ്പാമ്പുകളുണ്ടാവുമെന്ന് തോന്നും പോലെ!...'' കൃഷ്ണന്‍ ഒന്നു കണ്ണടച്ചു. പൊന്തക്കാട്ടിനുള്ളിലെ ഇലയനക്കങ്ങളെ ഒന്നു കാതോര്‍ത്ത് ഒന്നുരണ്ട് പ്ലാവിലത്തൂത്തുകള്‍ പെറുക്കിയെടുത്തു. മൂന്നും കുത്തനെ കോര്‍ത്ത് തലമുടിയില്‍ തിരുകി. മയില്‍പ്പീലി പോലെ തോന്നി നാണുവിന് അത്.

''നീ വന്നേ... മുങ്ങിച്ചാവ്ഒന്നൂല്ല്യ... ഈ കുളത്തിന്റുള്ളില് നിധീണ്ട്. പണ്ട് കുരുക്ഷേത്ര യുദ്ധം നടന്ന കാലത്ത് അവര് വലിച്ചെറിഞ്ഞതാ. മറ്റോര് കൊണ്ടോവാതിരിക്കാന്‍''. നാണു കൃഷ്ണന്റെ വാക്കുകളില്‍പ്പിടിച്ചു കയറി.
''നീയെങ്ങന്യാ ദൊക്കെ...''? കൃഷ്ണന്‍ പൊട്ടിച്ചിരിച്ചു.
''ഞാനെങ്ങന്യാ അറിഞ്ഞേന്നാവും ല്ലേ? അതൊക്കെ ഒരു വെളിപാട്, മ്മടാള്‍ക്കാര് മാത്രം കൊടക്കണ വെളിപാട്....'' കൃഷ്ണന്റെ വായ്ക്കകത്ത് നാണു സര്‍വ്വപ്രപഞ്ചവും കണ്ടു.
''അവര്ടാള് കടലിന്റെ പൊറത്തുക്കൂടി മണ്ടീട്ട്ണ്ടാവും.
ന്നാ... മ്മടാള്, കടലിന്റുള്ളീന്ന് സ്വര്‍ണ്ണം തരും. അമൃത് തരും... മനസ്സിലായാ? സ്വ്തം ചോരേന്നന്യാ ജീവന്‍ ണ്ടാവാ... മനസ്സിലായോ''?

അങ്ങനെയൊന്നുമല്ല സത്യങ്ങള്‍ എന്ന് നാണുവിനറിയാം.
ചില നേരങ്ങളില്‍ വെറും വെള്ളം തിളപ്പിച്ച് ഉണ്ണുന്ന തങ്ങള്‍ക്ക്, നടക്കാനിറങ്ങുന്ന പള്ളീലച്ചന്‍ അരികൊണ്ടു തരാറുള്ളത് നാണു ഓര്‍ക്കാതെയല്ല. പക്ഷേ....
''അതോണ്ടന്ന്യാ നിയ്യ് ദരിദ്രവാസിയായത്...'' പറഞ്ഞതും കൃഷ്ണന്‍ കുളത്തിലേക്ക് എടുത്തുചാടി. പാതിരാവിന്റെ കറുപ്പില്‍ കരിനീല പടര്‍ന്ന്, അരികുകളില്‍ നിലാവിന്റെ പാല്‍പ്പത തട്ടിയുടഞ്ഞ് വെളിച്ചത്തരികള്‍ ജലപ്പരപ്പില്‍ ചിതറി. കുളം ഒന്നുലഞ്ഞു. മുങ്ങിത്തപ്പുന്ന കൃഷ്ണന്‍ പൊങ്ങിവരികയാണെന്ന് നാണു കരുതി. നാണുവിന് അങ്ങനെ കരുതാനേ നിര്‍വ്വാഹമുള്ളൂ. പക്ഷേ കൃഷ്ണ്‍ വന്നില്ല.
നാണു മന്ത്രിച്ചു.

''കൃഷ്ണാ... കൃഷ്ണാ...'' പതുക്കെ അതൊരു നിലവിളിയായി മാറി. രാത്രി സ്വന്തം കടുപ്പം കൂട്ടി. രാത്രിക്കുതന്നെ സ്വയം കാണാന്‍ കഴിയാത്തത്രക്കു കറുപ്പ്. നാണുവിന് പേടിയായി. രാത്രിക്കും.

''ചത്തും കൊന്നും തന്ന്യാടാ മനുഷ്യന്‍ നേരെയായിട്ടുള്ളത്''. കുളത്തിനടിയില്‍ നിന്ന് കൃഷ്ണന്റെ ഒച്ച പ്രതിധ്വനിച്ചു.
പാടം മുറിച്ചുകടന്ന് ആരൊക്കെയോ വരുന്നതുപോലെ തോന്നി നാണുവിന്. വരുന്നവര്‍ക്ക് ധൃതിയുണ്ടായിരുന്നു. കുളക്കടവ് മാത്രം നിലാവ് വെളിപ്പെടുത്തി. ബാക്കി ഭാഗങ്ങളെ ഇരുട്ടില്‍ ഒളിപ്പിച്ചു.

കൃഷ്ണന്‍ കുളത്തിലേക്ക് മുങ്ങിയിട്ടുണ്ടെന്നും നിധി തപ്പിത്തിരഞ്ഞ്, ഉടന്‍ മുങ്ങി നിവരുമെന്നും അവരോട് പറയണമെന്നുണ്ടായിരുന്നു നാണുവിന്.
കിടന്നിട്ട് ഉറക്കം വരാത്ത ആ രാത്രി, നാണു നിലാവ് കാണാനിറങ്ങി. കറുത്ത ഇരുട്ടിനെ കുടിച്ചു വറ്റിക്കുന്ന നിലാവ്. പാടം കവിഞ്ഞും വെള്ളമാണെന്നു തോന്നി നാണുവിന്. കുറേ നേരം മിണ്ടാതെ നിന്നു നാണു. അനന്തതയുടെ ആദ്യ കാഴ്ച അന്തംവിട്ടു നിന്നു കണ്ടു. കണ്ണടച്ചു. കാഴ്ചയില്‍ കടല്‍! കണ്ണു തുറന്നു. മുന്നില്‍ കടല്‍. പനങ്കൂട്ടങ്ങളും പുളിമരങ്ങളും കുറ്റിനെല്ലികളും കാഴ്ചയെ പിടിവള്ളി പോലെ കെട്ടി വരിഞ്ഞു. നാണുവത് പെട്ടെന്ന് വലിച്ചൂരിയെടുത്തു. പ്രളയമാണോ ദൈവമേയെന്ന് ഊറിച്ചിരിച്ചു. ആ വെള്ളക്കടലിന്റെ അറ്റത്ത് ആരോ നിന്ന് അലക്കുന്നത് നാണു ശരിക്കും കണ്ടു. ആരാത്? നാണു ഒച്ചയിടറിക്കൊണ്ട് ചോദിച്ചു. മറുപടിയായി ഒരു കടല്‍ത്തിര ചിരിച്ചു. കൃഷ്ണന്‍ മുങ്ങിപ്പോയ നീലവെളിച്ചം നാണുവിന്റെ കണ്ണുകളെ മറച്ചു.

''ചാകാന്‍ പോകുന്നതാരാ''? ഇരുട്ടില്‍ നിന്ന് ആരോ ചോദിച്ചു. നാണു പേടിച്ചു വിറച്ചു.
''ആരാ നിങ്ങള്''?
''അറിയില്ല'' അപരിചിതന്‍ പറഞ്ഞു.
''നിങ്ങള് കുടിച്ചിട്ട്‌ണ്ടോ''?
''വര്‍ഷങ്ങളായെനിക്ക് വിശപ്പില്ല''
''പിന്നെ നിങ്ങളെങ്ങന്യാ...? എന്ത് മന്ഷ്യനാ നിങ്ങള്''? നാണു ഈര്‍ഷ്യയോടെ ചോദിച്ചു. അയാള്‍ക്ക് വെളുത്ത വസ്ത്രമായിരുന്നു. കാല്‍പ്പാദങ്ങളെ മൂടുന്ന കുപ്പായം. ക്ഷീണിച്ച രൂപം. നാണുവിന് പാവം തോന്നി.
''ഇവിടിങ്ങനെ നിന്ന് പ്‌രാന്ത് പറയണ്ടാട്ടോ. വീട്ടിപ്പോയ്‌ക്കോ. ഈ സ്ഥലം അത്ര ശര്യല്ല'' അപരിചിതന്‍ നാണുവിനെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു. ''യഥാര്‍ത്ഥത്തില്‍ മരിക്കേണ്ടവന്‍ മരണപ്പെട്ടു കഴിഞ്ഞു''. നാണുവിന് പെരുവിരല്‍ തൊട്ട് പുകഞ്ഞു.

''ഇയാളാരാ...ന്നെ ഉപദേശിക്കാന്‍? അയിനിപ്പോ ഇവട്യാരാ ചാകാനും കൊല്ലാനും''?
''കുറേപ്പേര് കൂടി ഒരു കുരിശും മുള്‍ക്കിരീടവും മേല് വച്ച് കെട്ടിത്തന്നിട്ട്ണ്ട്. അതും ചുമന്ന് നടക്കുന്ന ഒരു പ്രാന്തന്‍. അലക്ക് പണിയുണ്ട്. കൊല്ലപ്പണീം...''
നാണു അയാളെ ആകെയൊന്ന് നോക്കി. എവിടെ കുരിശ്? കിരീടം?

''ഇതൊരു കാലന്‍ കൊടയും തലക്കെട്ടുമല്ലേ''? അപരിചിതന്‍ നാണുവിന്റെ കൈപിടിച്ചു.
''നാണൂ... കരിമ്പിന്‍ പൂക്കള്‍, നിലാവിന്റെ നിറം കടം വാങ്ങുന്നു. നീ ചെയ്യാന്‍ പോകുന്നതിനെപ്പറ്റി നിനക്കെന്തറിയാം''?

''എല്ലാ മനുഷ്യരും ഒരമ്മയുടെ മക്കളല്ലേ''?
കാറ്റ് ഊക്കിലൊന്നൂതി. നാണുവിന് എന്തോ അപകടം മണത്തു. അടുത്ത വാക്കുച്ചരിക്കാന്‍ അപരിചിതന്‍ തുനിയും മുന്‍പ് നാണുവിന് ഒരു ശക്തി കിട്ടി. നാണു വെട്ടി. ഇരുട്ട് കീറി മുറിയുവോളം....
പൊന്തക്കാടുകള്‍ അനങ്ങി...

ഇരുട്ട് കീറി മുറിച്ച് ആരൊക്കെയോ ഓടി വന്നു. നാണുവിനാകെ രക്തത്തണുപ്പ് അനുഭവപ്പെട്ടു. കൃഷ്ണന്‍ മുങ്ങിപ്പോയ കുളം അവനെ മാടി വിളിച്ചു. അവന്‍ കൈ അന്തരീക്ഷത്തില്‍ വീശിക്കൊണ്ടേയിരുന്നു. ഓടിവന്ന ശബ്ദങ്ങള്‍ നിലവിളിയോടെ നിലച്ചു. രാത്രിയെ ചോര മണത്തു.
അല്‍പം നിശ്ശബ്ദതയില്‍ രാത്രി കുതിര്‍ന്നു. മേഘം മറച്ചുവച്ച നിലാവെളിച്ചം പതുക്കെ തെളിഞ്ഞു. ഹൈവേ വിജനമായിരുന്നു. ദൂരെ കുളത്തിന്റെ ദിശ ലാക്കാക്കി ഒരു വെളുത്ത രൂപം പതിയെ നടന്നുപോകുന്നതു കണ്ടു.

********
ആ ഹൈവേയ്ക്കരികില്‍ ദൂരേക്ക് നീളുന്ന പാടം, നോക്കിനില്‍ക്കേ കടലാവുന്നത് പ്രകാശനും കണ്ടിരുന്നു. ഗൗതമന്‍ അയാളെ തട്ടിവിളിച്ചത് അപ്പോഴായിരുന്നു.
''ആള് മാറിക്കൊന്നാ ശിക്ഷ കിട്ട്വോ''?
''നിങ്ങളപ്പോ ഭൗതിക ജീവിതം ഉപേക്ഷിച്ചോ''? പ്രകാശന് ദേഷ്യം വന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച കാണുകയായിരുന്നു അയാള്‍.

''ചില രാത്രികളില്‍ ഞാന്‍ സ്വപ്‌നം കാണാറുണ്ട്. ഭൂമി കടലാവുന്നതും, മനുഷ്യര്‍ മീന്‍ കുട്ടികളാവുന്നതും. പക്ഷേ, ഇന്ന്.... കടലിതാ ഈ മൊട്ടപ്പറമ്പിലും പാടത്തും, പടര്‍ന്ന്... പടര്‍ന്ന്...'' ഗൗതമന്‍ ഉറക്കെ പരിഹസിച്ചു ചിരിച്ചു.
''ഇന്ന് കാലത്ത് മുതല്‍ തുടങ്ങിയതാണ്. വെട്ടുകിളികളും നത്തോലികളും കൂമന്മാരും ഓരിനായ്ക്കളും സമയം പിഴച്ച് ഒച്ചവയ്ക്കാന്‍! മണ്ണില് വെറുതെ ഉറവ പൊട്ടുകയാണെന്നേ...
നിങ്ങള് വല്ല്യ കവിയും നാടകക്കാരനുമൊക്കെയായിട്ട് ഇതൊന്നും കാണ്ണില്ലേ? ഉറവയിലൊക്കെ ചോന്ന വെള്ളാ. ന്ന് വച്ച്ാ ചോര. കയ്ക്കണ ചോര. ഇതൊന്നും കാണണ്ടാന്ന് വച്ചിട്ടാ പണ്ടേ തന്നെ കുടി വിട്ട് ഇറങ്ങിയത്. ഇനിയും അവിടെ നിന്നിരുന്നെങ്കില്‍ ഞാന്‍ തന്നെ എല്ലാവരെയും കൊല്ലുമായിരുന്നു''.

പ്രകാശന് അത് ഏതോ രംഗവേദിയാണെന്നു തോന്നി.
''നിങ്ങള്‍ ശരിക്കും ആരാ''?
''ഞാന്‍ പറഞ്ഞില്ലേ? പ്രകാശന്‍ന്ന് പറഞ്ഞാല്‍ മതി. ശരിക്കും ഗൗതമന്‍. ഗൗതമന്‍''.
പാടത്തിനപ്പുറം കടല്‍ ഇരമ്പി. ഗൗതമന്‍ അല്‍പം പരിഹാസത്തോടെ പറഞ്ഞു.
''എന്നും പാതിരാത്രി കഴിയുംല്ലേ കുടുംബത്തെത്താന്‍? ഞാന്‍ കണ്ടിട്ടുണ്ട്. ടൈലര്‍ സതീശന്‍ രാത്രി നിങ്ങടെ വീട്ടീന്നെറങ്ങിപ്പോകുന്നത്. പലവട്ടം...''
പ്രകാശന്‍ ഇരുട്ട് കണ്ടില്ല. ഹൈവേയുടെ അങ്ങേച്ചെരിവില്‍ നിന്ന് ഒരു കൂട്ട നിലവിളി കേട്ടു.
''കഴിഞ്ഞു. ഇത്തിരി നേരത്തെയാവും എന്നാ കരുതിയത്''.
''എന്ത്''? പ്രകാശന്റെ ശബ്ദം ഇടറി.
''ഒന്നൂല്ല്യ. എന്തായാലും നിങ്ങടെ ഭാര്യക്ക് സമാധാനക്കേടായിക്കാണും'' അയാള്‍ അതിനിഗൂഢമായി ചിരിച്ചു.

പ്രകാശന് കണ്ണിലിരുട്ട് കയറി. ഗൗതമനെന്ന പ്രകാശനെ, പ്രകാശനെന്ന ഗൗതമനെ ചവിട്ടി, റോഡരികിലേക്കിട്ട് ഒരു വലിയ കല്ലു കൊണ്ട് തലക്കടിച്ചു.
''എന്റെ രമയെക്കുറിച്ച് അനാവശ്യം പറയുമോടാ... നായേ...'' അയാള്‍ ഞരങ്ങിക്കൊണ്ട് എന്തോ പറഞ്ഞു. അയാളുടെ ജീവന്‍ അറ്റുപോകുന്നത് പ്രകാശനറിഞ്ഞു. അയാളുടെ പേര് ഒന്നുകൂടി ചോദിക്കാമായിരുന്നെന്ന് പ്രകാശന് തോന്നി.
*******

പെരുമഴരാത്രി. പുലരുമ്പോള്‍ തൂക്കിലേറ്റപ്പെടുന്ന രണ്ട് കഴുത്തുകള്‍ ഒരുതുള്ളി വെള്ളത്തിനുവേണ്ടി ദാഹിച്ചു. ശരിക്ക്, വീടുവിട്ട് പോന്ന തന്നെ പ്രകാശന്‍ തിരഞ്ഞു. കുളത്തിലേക്ക് മുങ്ങിപ്പോയ കൂട്ടുകാരനെ നാണു ഓര്‍ത്തു.
''കൃഷ്ണാ....''
തടവറയുടെ കരിങ്കല്‍ ഭിത്തികള്‍ വലിയ മലകളായി മാറിയതുപോലെ അവര്‍ക്ക് തോന്നി. കറുപ്പ്, കടുംനീല, വെളുത്ത പാട. ആകാശം താഴേക്കിറങ്ങി ഭൂമിയിലേക്ക് പടരുകയാണെന്ന് തോന്നി.
''ആരാ അന്ന് അവിടെ കൊല്ലപ്പെട്ടത്''? പ്രകാശന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നാണു കണ്ണടച്ചു. കൃഷ്ണന്‍ കഞ്ചാവ് വലിച്ചുകൊണ്ട് ശംഖൂതുന്നു. കുളത്തിലേക്കൂര്‍ന്നു പോകുന്ന നീലവെളിച്ചം.

''നിയ്ക്കറീല്ല്യ പ്രകാശാ... അന്ന് ഞാനാരേ കണ്ടതാവോ? എത്ര വെട്ടീട്ടും അയാള് ചത്തില്ല. ആള്‍ക്കാര് ഓടി വന്നപ്പളും ഞാന്‍ വെട്ടല് നിര്‍ത്തീല്ല്യാത്രേ! അപ്പോ അയാള്ണ്ടായിരുന്നു അങ്ങനെ ഒഴുകിയൊഴുകിപ്പോണ്....''
ആ രാത്രിയിലെ വെളിച്ചം നാണുവിന്റെ കണ്ണുകളിലേക്ക് തുളഞ്ഞു കയറി.

''എന്റെ കയ്യില്‍ക്കിടന്ന് പിടഞ്ഞപ്പോള്‍, ആ മനുഷ്യന് എന്റെ തന്നെ മുഖഛായയായിരുന്നു. ഒരു മതിഭ്രമമാണെന്നാ ആദ്യം കരുതിയത്. രമയെ കുറ്റം പറയും കൂടി ചെയ്തപ്പോ... എന്റെ ഓര്‍മ്മ പോയി. ഞാനയാള്‍ടെ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു. കൈവിരലുകള്‍ക്കിടയിലൂടെ ചോര ചീറ്റി, പുറത്തേക്ക് തെറിക്കുന്നതിന്റെ തണുപ്പ്, കൊടും തണുപ്പ് ഞാനറിഞ്ഞു. ബോധം വന്നപ്പോ.... ഞാന്‍ എന്റെ കയ്യ് മുറുക്കിപ്പിടിച്ചിരിക്ക്യായിരുന്നു''.

കരിങ്കല്‍ ഭിത്തികളെ ആകാശം ഒരു വെള്ളിടി മുട്ടിച്ചുമ്മ വച്ചു. പരസ്പരം കാണാത്തത്രക്ക് ഇരുട്ടിന് കട്ടി കൂടി.
''ഈ തടവുമുറിയില്‍ നമ്മള്‍ രണ്ടാള്‍ മാത്രമേയുള്ളോ''? പ്രകാശന്‍ അങ്ങനെ ചോദിച്ചപ്പോള്‍ നാണു ഒന്നിളകി. ആ അനക്കം ഇരുട്ടിനെയും ഇളക്കി.

''അല്ലാതെ....''? അയാളുടെ ഒച്ച വിറച്ചു. ഇരുട്ടിലേക്ക് തുറന്ന നാലു കണ്ണുകള്‍ ഒന്നിച്ചടഞ്ഞു. ഇരുട്ട് മാഞ്ഞ് വെളിച്ചം പടര്‍ന്നു. നീല വെളിച്ചം. ഒരുപാട് പരിചയമുള്ള ആരൊക്കെയോ തങ്ങള്‍ക്കിടയിലുണ്ടെന്നവര്‍ക്ക് തോന്നി.

പെട്ടെന്ന് കരിങ്കല്‍ ഭിത്തികള്‍ നാലുപാടും പൊട്ടിച്ചിതറി. ജയില്‍ ഒരു വെളിമ്പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് രണ്ടാമതും വീശിയ ഒരു മിന്നല്‍പ്പിണര്‍ വെളിപ്പെടുത്തി. അതീവ രഹസ്യം പോലെ തെളിഞ്ഞ ആ വെളിച്ചത്തിലവര്‍, കടലിലേക്ക് കുതിച്ചുവരുന്ന കടലിനെ കണ്ടു. നിലാവ് പെട്ടെന്ന് അന്തരീക്ഷത്തെ വെളിപ്പെടുത്തി. അവര്‍ കടല്‍ത്തീരത്തായിരുന്നു. കടലിന്നഭിമുഖമായി രണ്ട് മലകള്‍ എഴുന്നു നില്‍ക്കുന്നു. കടല്‍മണല്‍ത്തരികളില്‍ച്ചവിട്ടി ആരൊക്കെയോ നടന്നുപോകുന്ന കാല്‍പ്പെരുമാറ്റം ആ നിലാവിനെ ശല്യപ്പെടുത്തി. വിജനമായിരുന്നു കടല്‍ത്തീരം. തണുത്ത മണല്‍ത്തിട്ടയിലേക്ക് ഞണ്ടിന്‍ കുഞ്ഞുങ്ങള്‍ ഇരുട്ട് കൊറിച്ചുകൊണ്ട് കയറിവന്നു. കടല്‍ത്തീരത്ത്, ദൂരെ... ഒരുപാട് ദൂരെ, ഒരു പൊട്ടുവെളിച്ചം കാണുന്നുണ്ട്. പ്രകാശനും നാണുവും ഒരുമിച്ച് അതുകണ്ടു. കുറേ നടന്നും കുറേ ഓടിയും ആ വെളിച്ചത്തിനടുത്തേക്ക് അവര്‍ കുതിച്ചു. കടലിനു പുറംതിരിഞ്ഞിരിക്കുന്ന ഒരു മനുഷ്യന്‍. നനഞ്ഞു കുതിരുന്ന കടല്‍മണല്‍പ്പരപ്പില്‍ നേരിയ കമ്പിവലയിട്ട ഒരു റാന്തല്‍ തെളിച്ചുവച്ചിരിക്കുന്നു.

''ആരാത്''?
പ്രകാശനും നാണുവും ഒരുമിച്ച് ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല. ഇരമ്പിയാര്‍ക്കുന്ന കടല്‍ക്കരയില്‍, കടലിന് മുഖം കൊടുക്കാതെ അയാളിരുന്നു. മുന്നില്‍ കത്തിനില്‍ക്കുന്ന തരിവെളിച്ചത്തിലയാളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. മഞ്ഞ നിറം.

''ഞാന്‍ കൃഷ്ണനാണ്...'' നാണു അറിയാതെ കൈകൂപ്പിപ്പോയി.
''ഇവിടെ എങ്ങനെയെത്തി? എന്തിനാ ഇവ്‌ടെ ഇരിക്കണെ''? കൃഷ്ണന്‍ ഒന്ന് തലയാട്ടി.
''വെറുതെ... എല്ലാടത്തും ഇരുട്ട്. ഒന്നും കാണാന്‍ പറ്റുന്നില്ല. കണ്ണാടിയില്‍ക്കൂടി... പറ്റുന്നില്ല''. കൃഷ്ണന്റെ തൊണ്ടയിടറി.
''വെള്ളം വേണോ''? നാണു സഹതപിച്ചു.
''കടലല്ലേ മുന്നില്‍? പക്ഷേ....''
''എന്തിനാ ഈ റാന്തല്‍''? പ്രകാശന്‍ അങ്ങനെ ചോദിച്ചപ്പോഴാണ് കൃഷ്ണന്‍ അയാളെക്കണ്ടത്. അയാള്‍ അതൊന്ന് തിരി താഴ്ത്തിവച്ചു. നാണുവും പ്രകാശനും ഒന്ന് നിശ്വസിച്ചു.
''കുടിയ്ക്കാന്‍ തന്നെ വെള്ളംല്ല്യാ.. എല്ലാടത്തും ചോര കയ്ക്ക്യാ...

വെള്ളത്തിലും മരുന്നിലും അന്നത്തിലും.. ഒക്കെ...'' നാണു കണ്ണുതുടച്ചു. കൃഷ്ണന് സങ്കടം വന്നു.
''ഒറ്റക്കിങ്ങനെയിരിക്കാന്‍ പേടീല്ലേ''?
''ഒറ്റക്കല്ല. അവരൂംണ്ട്''.
ദിശ തെറ്റിയ പോലെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും കൈ ചൂണ്ടി. ദൂരെ ആരോ അടിച്ചലക്കുന്നതിന്റെ ഒച്ച കേള്‍ക്കുന്നുണ്ടായിരുന്നു.
''ആരാത്''? നാണു കരച്ചിലിന്റെ വക്കത്തെത്തി.
''അയാള്‍ തന്നെ. തലയില്‍ നിന്ന് ഇപ്പോഴും മുള്‍മുന തട്ടി ചോര പോറുന്നുണ്ട്. പാവം...'' പ്രകാശന് പെട്ടെന്ന് ആളെ പിടികിട്ടി.
''നിങ്ങളെങ്ങനെ ഒരുമിച്ചായി? നിങ്ങള്‍ രണ്ടാളും രണ്ട് കൂട്ടരല്ലേ? രണ്ട് ജാത്യല്ലേ''? നാണു എന്തോ ധൈര്യം സംഭരിച്ച് ചോദിച്ചു. കൃഷ്ണന് ദേഷ്യം വന്നുവെന്ന് തോന്നി.
''അയാള് അലക്കുന്നതെന്താന്നറിയോ? നിങ്ങളൊക്കെ ഉപേക്ഷിച്ചിട്ട മനസുകളെ. ഒക്കെ ഈ കടല്‍ത്തീരത്ത് വിരിച്ചുണക്കാനിടും. കാവലിരിക്കുകയാണ് ഞാന്‍. പാവം... നിങ്ങളൊക്കെ പാപം ചെയ്യാത്തവരാണല്ലോ!
കല്ലെറിഞ്ഞോ, കല്ലെറിഞ്ഞോ....'' നാണുവിന്റെ ഒച്ച മുട്ടി. പിന്നെ പതുക്കെ ചോദിച്ചു.

''ഒരു കാര്യം... നിങ്ങള് ഏത് പാര്‍ട്ട്യാ ഇപ്പോ''? കൃഷ്ണന്‍ അലറിച്ചിരിച്ചു. പിന്നെ ആകാശത്തേക്ക് നോക്കി. കടല്‍ കരയിലേക്ക് കുതിക്കുന്നു. ആകാശം താഴേക്ക് കുതിക്കുന്നു. ദൂരെ കടല്‍ത്തീരത്തിന്റെ വലതുഭാഗത്ത് അയാളപ്പോളും കുനിഞ്ഞുനിന്ന് അലക്കുക തന്നെയായിരുന്നു. മേഘങ്ങളെ മുട്ടുംവിധം കുന്നുകൂട്ടിയിരിക്കുന്ന അഴുക്കുവസ്ത്രങ്ങള്‍... നിഴല്‍ പോലെ കടല്‍ക്കാക്കകള്‍... കടല്‍ത്തീരത്ത് നിഴലുകളുടെ നൃത്തം. ഒരു വലിയ മരക്കഷണം കടലില്‍ ഒലിച്ചുവന്ന് കരയ്ക്കടിഞ്ഞിരിക്കുന്നു.
കുറച്ച് ദിവസങ്ങളായി കുറേ കരച്ചിലും നിലവിളിയും കേള്‍ക്കുന്നു. ആരൊക്കെയോ ചാവുന്നു, ആരൊക്കെയോ കൊല്ലുന്നു.

കേള്‍ക്കുമ്പോള്‍ മേലാകെ നീറി നീറി....
പ്രകാശനും നാണുവും പരസ്പരം നോക്കി മിണ്ടാതെ നിന്നു. കൃഷ്ണന്റെ മുഖത്തേക്ക് നോക്കാനവര്‍ക്ക് പേടി തോന്നി. ദൂരെ നിന്ന് അലക്കുന്ന ആളിന്റെ മെലിഞ്ഞ ശരീരം കണ്ട് അവര്‍ക്ക് പാവം തോന്നി. അയാള്‍ ശ്വാസം വിടാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മനസ്സിലാകാത്ത ഭാഷയില്‍ കാറ്റ് എന്തൊക്കെയോ പുലമ്പി. കടല്‍ക്കാക്കകള്‍ കൂട്ടത്തോടെ പറന്നു.

''വയ്യ... ഇങ്ങനെ...'' കൃഷ്ണന്‍ പറഞ്ഞു. കടല്‍ കൂടുതല്‍ ക്രൂരമായി മാറി. പ്രകാശന്‍ നാണുവിനെ നോക്കി. നാണു പ്രകാശനെയും. പിന്നെ കടല്‍ച്ചിറയിലെ പാറക്കെട്ടിലെ കാക്കക്കൂട്ടത്തെ നോക്കി.
''ഞങ്ങള് നിങ്ങടെ കൂടെ പോരട്ടെ''? അവര്‍ ഒരുമിച്ച് ചോദിച്ചു. ദൂരെ അലക്കിക്കൊണ്ടിരുന്ന ആള്‍ ഒന്ന് ചരിഞ്ഞു നോക്കി. കടല്‍ പെട്ടെന്ന് ആകാശത്തോളം ഉയര്‍ന്നു. ആകാശം ഒരു വലിയ വെള്ളിടി കൊണ്ട് ആഹ്ലാദിച്ചു. കണ്ണില്‍ക്കുത്തുന്ന വെളിച്ചം. കടലില്‍ നിന്ന് ഇരച്ച് ഒഴുകി വന്ന മരത്തടിയില്‍ നാണുവും പ്രകാശനും അള്ളിപ്പിടിച്ചു കിടന്നു. തിരമാലകള്‍ക്കിടയില്‍ ഒരുതുള്ളി ശ്വാസത്തിനുവേണ്ടി അവര്‍ പിടഞ്ഞു.

''അവര്... എവടേ''? നാണു ചോദിച്ചു. ''മിണ്ടാണ്ടെ കെടന്നോ... ലോകാവസാനാണ്ന്നാ തോന്നണെ...'' പ്രകാശന്‍ മറുപടി പറഞ്ഞു. കടല്‍ അവരെ ഉള്ളറിഞ്ഞ് ഉമ്മവച്ചു.
*******

തൂക്കിക്കൊന്ന ശരീരങ്ങളെ ഏറ്റുവാങ്ങാന്‍ വന്നവര്‍ വിറങ്ങലിച്ചു മടങ്ങിയ നാണുവിന്റെയും പ്രകാശന്റെയും കൈവിരലുകള്‍ക്കുള്ളില്‍ നിന്ന് ഇളം പച്ച നിറമുള്ള ചീരയിലകള്‍ കണ്ട് അറിയാതെ വിളിച്ചു... 'ദൈവമേ'.

roshiniswapna@gmail.com







COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ദൈവത്തെ വിളിക്കുന്നതിന്റെയും ദൈവം വിളി കേള്‍ക്കുന്നതിന്റെയും ഒച്ചകള്‍
ദൈവത്തെ വിളിക്കുന്നതിന്റെയും ദൈവം വിളി കേള്‍ക്കുന്നതിന്റെയും ഒച്ചകള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyLtdKn75hNf2EeQOdUQQVBYUv3jimmcoNcvqbrYRFJiIiAPnVnGt75dI7m-sC7lq5XgBLMG_U8sxtSIiPF0beZCDHzCZ0C0SVOc9pSR7LXx33b4flyXC93KyQS-KeFU2ump4k5CAbZh5A/s320/roshni+swapna.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyLtdKn75hNf2EeQOdUQQVBYUv3jimmcoNcvqbrYRFJiIiAPnVnGt75dI7m-sC7lq5XgBLMG_U8sxtSIiPF0beZCDHzCZ0C0SVOc9pSR7LXx33b4flyXC93KyQS-KeFU2ump4k5CAbZh5A/s72-c/roshni+swapna.jpg
www.vyganews.com
https://www.vyganews.com/2017/07/roshni-swapna-story.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/roshni-swapna-story.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy