ഗൂഢാലോചനയില്‍ പങ്കാളിയായെങ്കില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്കു കിട്ടുന്ന ശിക്ഷയ്ക്ക് ദിലീപും അര്‍ഹനാണ് സിദ്ധാര്‍ത്ഥ് ശ്രീനിവ...
ഗൂഢാലോചനയില്‍ പങ്കാളിയായെങ്കില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്കു കിട്ടുന്ന ശിക്ഷയ്ക്ക് ദിലീപും അര്‍ഹനാണ്
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടന് ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നതെന്നിരിക്കെ അദ്ദേഹത്തെ കാത്തിരിക്കുന്നത് ചെറിയ ശിക്ഷയായിരിക്കില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂഢാലോചനയില്‍ പങ്കാളിയായെങ്കില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്കു കിട്ടുന്ന ശിക്ഷയ്ക്ക് ദിലീപും അര്‍ഹനാണ്.
ഓടുന്ന വാഹനത്തില്‍ നടി അതിക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയായത്. ഇതിനു തെളിവായി പൊലീസിന്റെ പക്കല്‍ വീഡിയോ കഌപ്പിംഗുമുണ്ട്. ഇതും കോടതിയില്‍ ഹാജരാക്കപ്പെടുമ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്കു പുറമേ ബലാത്സംഗ കുറ്റവും പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കു മേല്‍ ചുമത്തപ്പെടും.
അതിനു പ്രേരണ നല്‍കിയത് ദിലീപാണെന്നു വന്നാല്‍ അദ്ദേഹവും സമാനമായ കുറ്റം ചെയ്തതിനു തുല്യമായ അവസ്ഥ വരും.
ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി വകുപ്പു പ്രകാരം ക്രിമനല്‍ ഗൂഢാലോചനയില്‍ പങ്കാളിയാവുന്നത് കുറ്റം ചെയ്യുന്നതിനു തുല്യമായ കാര്യം തന്നെയാണ്. ഇതിനു രണ്ടു വര്‍ഷം കഠിന തടവു മുതല്‍ ജീവപര്യന്തം കഠിന തടവു വരെ ശിക്ഷ കിട്ടാം.
മാനഭംഗത്തിനു 375ാം വകുപ്പ് സുനിക്കു മേല്‍ ചുമത്തപ്പെട്ടാല്‍ അതിന്റെ ബാധ്യത ഗൂഢാലോചന നടത്തിയ കൂട്ടുപ്രതിയെന്ന നിലയില്‍ ദിലീപിനു മേലും വരാം. ഇതിനു ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിന തടവാണ് പ്രതീക്ഷിക്കാവുന്ന ശിക്ഷ.
പ്രതി ജനങ്ങള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ആളായതുകൊണ്ടുതന്നെ പൊലീസ് എല്ലാ തെളിവുകളും നിരത്തുമെന്ന് ഉറപ്പാണ്. ദിലീപ് അറസ്റ്റുചെയ്യപ്പെട്ട സ്ഥിതിക്ക് ഇനി അദ്ദേഹത്തെ എല്ലാവിധത്തിലും പൂട്ടുക എന്നത് പൊലീസിന്റെ ബാധ്യതയാണ്. അല്ലാത്തപക്ഷം കോടതിയില്‍ കേസ് തള്ളിപ്പോയാല്‍ അതു പൊലീസിന് അപമാനവും തലവേദനയുമാകും.
ഇക്കാരണത്താല്‍ തന്നെ പൊലീസ് ഇനി വിട്ടുവീഴ്ചയ്ക്കു തയ്യാറാവാന്‍ സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ ഇന്നലത്തെ ജനപ്രിയ നായകനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്.
COMMENTS