Followers

BREAKING NEWS
Search

കര്‍ഷകന്റെ മരണത്തില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശി റവന്യൂ അഡിഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, മരണത്തിനു കാരണമായതില്‍ കുടുംബ പ്രശ്‌നവുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം


കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭഴത്തില്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് നേരിട്ട് ഉത്തരവാദിയല്ലെന്നു കാട്ടി റവന്യൂ അഡിഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യന്റെ റിപ്പോര്‍ട്ട്.

ഇതേസമയം, മരിച്ച ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്വന്തം ഭൂമിക്ക് കരമടയ്ക്കാന്‍ വൈകുന്നതിലുള്ള മനോവിഷമത്തില്‍ കഴിഞ്ഞമാസം 21 നാണ് ജോയി ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്.

ജോയിയോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും റവന്യൂ മന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോയി ജീവനൊടുക്കിയ കേസില്‍ പ്രേരണാക്കുറ്റത്തിനാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റുചെയ്തത്. കേസില്‍ റിമാന്‍ഡിലായിരുന്ന സിലീഷ് തോമസിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വില്ലേജ് ഓഫീസര്‍ സണ്ണിയെയും സിലീഷീനെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത ശേഷമാണ് വിശദ അന്വേഷണത്തിന് പി.എച്ച്.കുര്യനെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തിയത്.

ജോയിയുടെ ഭൂമിക്ക് കരം സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. തഹസീല്‍ദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കുടുംബപ്രശ്‌നങ്ങളാണ് കര്‍ഷകന്‍ ജീവനൊടുക്കുന്നതിന് കാരണമായതെന്നും സഹോദരനുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കര്‍ഷകന്റെ മരണത്തില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശി റവന്യൂ അഡിഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, മരണത്തിനു കാരണമായതില്‍ കുടുംബ പ്രശ്‌നവുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം