കേസില്‍ ഗൂഢാലോചനയില്ലെന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് പ്രതിഭാഗം പ്രധാന ആയുധമായി കോടതിയില്‍ ചൂണ്ടിക്കാട്ടുക സ്വ...
കേസില്‍ ഗൂഢാലോചനയില്ലെന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് പ്രതിഭാഗം പ്രധാന ആയുധമായി കോടതിയില്‍ ചൂണ്ടിക്കാട്ടുക
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേ സില് കുടുങ്ങി ജയിലിലായ നടന് ദിലീപിനെ സംബന്ധിച്ച് ഇന്നത്തെ ദിനം സുപ്രധാനം. ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുകയാണ്. ഒപ്പം പള്‍സര്‍ സുനിയില്‍ നിന്നു പീഡനദൃശ്യങ്ങള്‍ വാങ്ങിയതായി പറയുന്ന അഡ്വ. പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യലിനു വിധേയനാക്കുകയും ചെയ്യും.അഡ്വ. രാം കുമാറാണ് ദിലീപിന്റെ വക്കാലത്തെടുത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യഹര്‍ജിയെ എതിര്‍ക്കാനുറച്ച് അന്വേഷക സംഘവും കോടതിയിലെത്തുമ്പോള്‍ ദിലീപിനു ബാക്കിയാവുന്നത് പിരിമുറക്കത്തിന്റെ മണിക്കൂറുകളാണ്.
ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാമെന്നിരിക്കെ, അതിനു പോകാതെ ദിലീപ് നേരിട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദിലീപിനെ പുറത്തുവിട്ടാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അതിഗുരുതരമായ കുറ്റമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി, മജിസ്ട്രേട്ട് കോടതി ദിലിപീനു ജാമ്യം നിഷേധിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു.
എന്നാല്‍, കേസില്‍ ഗൂഢാലോചനയില്ലെന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് പ്രതിഭാഗം പ്രധാന ആയുധമായി കോടതിയില്‍ ചൂണ്ടിക്കാട്ടുക.
മാത്രമല്ല, ആദ്യം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ദിലീപിനെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത് താരത്തിന്റെ കരിയര്‍ നശിപ്പിക്കാനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രോസിക്യൂഷന് കോടതിയെ സമീപിക്കുക.
ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ പോലും അദ്ദേഹത്തിനു വേണ്ടി പുറത്തുനടക്കുന്ന സൈബര്‍ പരസ്യവേല, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയത്, അഡ്വ. പ്രതീഷ് ചാക്കോ ഒളിവില്‍ പോയത് തുടങ്ങിയ വിഷയങ്ങളെല്ലാം ഈ കേസുമായി ബന്ധപ്പെടുത്തി പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിക്കും.
അഡ്വ. പ്രതീഷ് ചാക്കോ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതീഷ് ചാക്കോയില്‍ നിന്നു പൊലീസിനു കിട്ടുന്ന വിവരങ്ങളും ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമായി മാറും.
COMMENTS