Search

പുതുവൈപ്പിന്‍ പ്ലാന്റ്: ജനങ്ങളുടെ ആശങ്കയറ്റാനുള്ള കടമ സര്‍ക്കാരിനുണ്ട്

ഡോ. ബിജു ചക്രപാണി

എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തില്‍ കടല്‍ക്കരയില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ കടല്‍ത്തിരമാലയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ജിപിഎസ് കോ.ഓര്‍ഡിനേറ്റുകള്‍ പ്രൊജക്റ്റ് സൈറ്റ് ആയി നല്‍കിയാണ് ഐഒസി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയില്‍ പൂര്‍ണ്ണമായി കുഴിച്ചിടുന്ന വന്‍ ടാങ്കറുകളില്‍ സ്‌റ്റോര്‍ ചെയ്ത് അത് ടാങ്കറുകളില്‍ നിറച്ച് വിതരണം നടത്തുക എന്നതാണ് പ്ലാന്റില്‍ വിഭാവനം ചെയ്യുന്നത്.

ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താന്‍ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കി. എന്നാല്‍ കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണില്‍ ആണ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വര്‍ഷവും 2-3 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റര്‍ എങ്കിലും പ്രതിവര്‍ഷം കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു.

 നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി മതില്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ഇത്രവലിയ ടാങ്ക് നിര്‍മ്മാണം നടക്കുന്നത്. ഇപ്പോള്‍ നിര്‍മ്മാണം 80 ശതമാനവും കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള നൊ ഡെവലപ്പ്‌മെന്റ് സോണിലാണ്. ഇത് നിയമവിരുദ്ധമാണ്.

200 മീറ്റര്‍ വിട്ടുള്ള ഒരു സര്‍വ്വേ നമ്പറില്‍ മാത്രമേ നിര്‍മ്മാണം നടത്താന്‍ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാല്‍ 200 മീറ്റര്‍ വിട്ട് പദ്ധതി ആ പ്ലോട്ടില്‍ നടക്കില്ല എന്നാണു ഐഒസിയുടെ വാദം. ഐഐടി പഠനം അനുസരിച്ച് മതില്‍ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടല്‍ക്ഷോഭത്താല്‍ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ.

മത്സ്യത്തൊഴിലാളികള്‍ ആണ് ഭൂരിപക്ഷം. ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും മല്‍സ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും, പ്ലാന്റ് അല്‍പ്പം പോലും മാറ്റില്ലെന്ന ഐഒസിയുടെ പിടിവാശി ആണ് പ്രശ്‌നം എന്നൊക്കെയാണ് സമരക്കാരുടെ പരാതി. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവര്‍ ചോദ്യം ചെയ്യുന്നു.

അനുമതികളിലെ വ്യവസ്ഥകള്‍ പാലിച്ച് നിയമപരമായി നിര്‍മ്മാണം നടത്താന്‍ ഐഒസിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ 200 മീറ്ററിനുള്ളില്‍ ആണ് നിര്‍മ്മാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്.

പഞ്ചായത്ത് ഒരനുമതിയും നല്‍കിയിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടില്‍ ആണ് ഐഒസി. കേരളത്തിലെ സെസ് നയത്തില്‍ പഞ്ചായത്തീരാജ് നിയമം ബാധകമാണെന്നും, കേരളത്തില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകള്‍ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും ഇളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികള്‍ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും പിന്നീട് എച്ച്ടിഎല്ലില്‍ നിന്ന് 200 മീറ്റര്‍ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കര്‍ശനമായി പാലിച്ചുമാത്രമേ നിര്‍മ്മാണം നടത്താവൂ എന്നും എന്‍ജിടി ഉത്തരവിട്ടു.

കോടതി നിയോഗിച്ച കേന്ദ്രസംസ്ഥാനപഞ്ചായത്ത് പ്രതിനിധികള്‍ അടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. 5 വര്‍ഷം മുന്‍പ് നല്‍കിയ അനുമതിയില്‍ തിരുത്തല്‍ വേണമെന്നാണ് അവര്‍ പറഞ്ഞത്. നാളിതുവരെ തിരുത്തല്‍ നടത്തിയിട്ടില്ല.

കോടതിവിധി ലംഘിച്ചു നടക്കുന്ന നിര്‍മ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ നല്‍കിയ കേസ് ജൂലൈ 4 നു വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്. ജൂണ്‍ മാസം ട്രിബ്യുണല്‍ അവധിയാണ്.

ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ജൂലൈ 4 വരെ കാക്കാതെ പോലീസിനോട് സമരക്കാരെ നേരിടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി എന്ന് സമരക്കാര്‍ ആരോപിക്കുന്നു. 300 ഓളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ അനാവശ്യമായി തല്ലിച്ചതച്ചും വലിച്ചിഴച്ചും വൃഷണം തകര്‍ത്തും ഒക്കെ ആണ് പോലീസ് മുഖ്യമന്തിയുടെ ആജ്ഞ നടപ്പാക്കിയത്.

കോടതിവിധികള്‍ മാനിക്കാനും സത്യം ബോദ്ധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും ഉള്ള പ്രാഥമിക ജനാധിപത്യ ജനാധിപത്യ മര്യാദപോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഐഒസി വിഷയത്തില്‍ കാണിക്കുന്നില്ല .

Tags: Kerala, Government, IOC, Kochi, Vypeen


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പുതുവൈപ്പിന്‍ പ്ലാന്റ്: ജനങ്ങളുടെ ആശങ്കയറ്റാനുള്ള കടമ സര്‍ക്കാരിനുണ്ട്