Search

ദേവദാസി ഇഴപിരിച്ച ആകാശം

വിലാസിനി നാട്യ നര്‍ത്തകി പൂര്‍വ ധനശ്രീയുമായി അഭിമുഖം

ആദിത്യന്‍

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുദ്ര നൃത്തോത്സവത്തില്‍ പൂര്‍വ ധനശ്രീ വിലാസിനി നാട്യം ആദ്യമായി അവതരിപ്പിച്ചു. പ്രശസ്ത നര്‍ത്തകി സ്വപ്ന സുന്ദരിയുടെ ശിഷ്യയാണ് പൂര്‍വ ധനശ്രീ. ഭരതനാട്യത്തോടൊപ്പം വിലാസിനി നൃത്തവും ഇവര്‍ അവതരിപ്പിച്ചുവരുന്നു. ഞങ്ങളുടെ പ്രതിനിധി ആദിത്യന്‍ നര്‍ത്തകിയുമായി നടത്തിയ അഭിമുഖം...


പൂര്‍വ ധനശ്രീ
? വിലാസിനി നാട്യം കേരളത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്തു തോന്നുന്നു?

*ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഞാന്‍ കുറേ തവണ വന്നിട്ടുണ്ട്. ഓരോ തവണയും എനിക്കു ഓരോ പുതിയ അനുഭവമാണുള്ളത്. മുദ്ര നൃത്തോത്സവത്തിന് 2008 ല്‍ ഞാന്‍ വന്നിട്ടുണ്ട്. സൂര്യ നൃത്തോത്സവത്തിനും വന്നിട്ടുണ്ട്. കേരളവുമായി എനിക്കു ഗാഢബന്ധമാണുള്ളത്.

? കേരളത്തിലെ പ്രേക്ഷകരെക്കുറിച്ച് എന്താണഭിപ്രായം.

* കേരളത്തില്‍ എല്ലാ കലാരൂപങ്ങളും എത്തുന്നുണ്ട്. ആളുകള്‍ സഹൃദയരാണ്. ഇത്തരമൊരു ജനതയ്ക്കുവേണ്ടി നൃത്തം ചെയ്യുക എന്നത് സന്തോഷകരം മാത്രമല്ല, അഭിമാനകരം കൂടിയാണ്. കേരളീയര്‍ പല അടരുകളില്‍ നൃത്തത്തെ നോക്കിക്കാണാറുണ്ട്. അതിന്റെ സൂക്ഷമതലങ്ങളില്‍ കൂടിയൊക്കെ അവര്‍ സഞ്ചരിക്കും. കേരളത്തില്‍ നൃത്തം ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളിയാണ്.

? വിലാസിനി നാട്യമെന്ന പുതിയൊരു നൃത്ത സമ്പ്രദായമാണ് ഇത്തവണ അവതരിപ്പിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ പറയാമോ?

* ഇതു പതുക്കെ വളര്‍ന്നുവരുന്നൊരു കലാരൂപമാണ്. തെലുങ്കു ദേവദാസികളുടെ നൃത്തമായിരുന്നു ഇത്. കലാവന്തലു എന്നാണ് അവരെ വിളിക്കുക. കലയുടെ പ്രയോക്താക്കള്‍ എന്നാണ് ഇതിനര്‍ത്ഥം. ഭരതനാട്യത്തിന്റെ ആദ്യ രൂപം പോലെ തന്നെ ഈ നൃത്തവും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ആയിരുന്നു അരങ്ങേറിയിരുന്നത്. ക്ഷേത്രത്തില്‍ ഒരു പൂജാരിയുടെ സ്ഥാനത്തു നിന്നുകൊണ്ട് അനുഷ്ഠാനത്തിന്റെ ഭാഗമായാണ് ഇതു നടത്തിയിരുന്നത്. കൊട്ടാരങ്ങളിലാണെങ്കില്‍ കലാകാരനായ രാജാവിനു മുന്നില്‍ ബുദ്ധിപരമായ ആസ്വാദനത്തിനായാണ് നര്‍ത്തകി നൃത്തം ചെയ്യുന്നത്.

സാധാരണക്കാരുടെ മുന്നില്‍ ദേവദാസി നൃത്തം ചെയ്യുന്നത് മിത്തും പുരാണവും ആസ്വാദ്യകരമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു അദ്ധ്യാപികയുടെ ഭാഗമാണ് നര്‍ത്തകിയ്ക്കുള്ളത്. ഈ മൂന്നു ധര്‍മവും ഒന്നിക്കുന്നതാണ് വിലാസിനിനാട്യം. സ്വാതന്ത്ര്യാനന്തരം നാമാവശേഷമായ കലാരൂപത്തെ ഉദ്ധരിച്ചെടുക്കുകയായിരുന്നു. 200-300 വര്‍ഷം നീണ്ടുനിന്ന പൈതൃകം നാമാവശേഷമാവുകയായിരുന്നു.

എന്റെ ഗുരു സ്വപ്നസുന്ദരിയുടെ സമയോചിതമായ ഇടപെടലാണ് വിലാസിനി നാട്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത്. 90കളില്‍ സ്വപ്നസുന്ദരി കേരളത്തിലെ ഒരു യാത്രയ്ക്കിടയിലാണ് വിലാസിനിനാട്യക്കാരെ കാണുന്നത്. ഇതു തന്റെ ദേശത്തിന്റേതാണല്ലോ, സമുദ്ധരിക്കേണ്ടതാണല്ലോ എന്നു ചിന്തിച്ച് അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയായിരുന്നു. വിലാസിനി എന്നത് ആന്ധ്രയിലെ ക്ഷേത്ര നര്‍ത്തകിയ്ക്കുള്ള പേരാണ്. ലളിതാദേവിയുടെ സഹസ്രനാമങ്ങളില്‍ ഒന്നായ വിലാസിനി എന്നതെടുത്ത് ഈ നൃത്തത്തിന് വിലാസിനി നൃത്തം എന്ന ബുദ്ധിപരമായ പേരിടുകയായിരുന്നു.

? ഭരതനാട്യത്തില്‍ നിന്ന് ഇതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

* ഭരതനാട്യം സദിരാട്ടത്തില്‍ നിന്നാണല്ലോ ഉണ്ടായത്. ഭരതനാട്യം വളര്‍ന്ന വഴിയും വിലാസിനി നൃത്തം വളര്‍ന്ന വഴിയും ഒന്നുതന്നെ. ഭാഷയില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ക്ഷേത്രത്തിലും കൊട്ടാരത്തിലും ഇരു കൂട്ടരും നൃത്തം ചെയ്തിരുന്നു. എന്നാല്‍ , നൃത്തത്തില്‍ വളരെയധികം വ്യത്യാസമുണ്ട്. അഭിനയത്തില്‍ കാതലായ വ്യത്യാസമുണ്ട്.

സാഹിത്യത്തെ മറ്റൊരു മാനത്തിലേക്ക് വിലാസിനി നാട്യം കൊണ്ടുപോകുന്നുണ്ട്. ഡീകണ്‍സ്ട്രക്ഷനാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. കാവ്യം ഒരു ഖണ്ഡികയും ഒരു വാക്യവും ഒരക്ഷരവും പിന്നെ അതിനപ്പുറത്തെ മറ്റൊരാകാശവുമാവുന്ന രീതിയാണിത്. ഭരതനാട്യത്തിലും ഇതുണ്ടാവാം. വേഷഭൂഷാദികളിലും സംഗീതത്തിലും ഭരതനാട്യത്തില്‍ നിന്ന് കാതലായ വ്യത്യാസമുണ്ട്. തമിഴ് സംസാരിക്കുന്നവരുടെ സംസ്‌കാരവും തെലുങ്കരുടെ സംസ്‌കാരവും രണ്ടാണ്. ഈ സംസ്‌കാരങ്ങള്‍ അവിടെ തഴച്ചുവളരുന്നതും നൃത്തത്തിലും പ്രതിഫലിക്കും.

? വിദേശത്ത് വിലാസിനി നാട്യം അവതരിപ്പിച്ചിട്ടുണ്ടോ?

* ഞാന്‍ ഭരതനാട്യം മാത്രമേ വിദേശത്ത് അവതരിപ്പിച്ചിട്ടുള്ളൂ. വിലാസിനി നാട്യം ഞാന്‍ പഠിക്കാന്‍ തുടങ്ങിയത് രണ്ടായിരത്തിലാണ്. 2006ലാണ് അരങ്ങേറ്റം നടത്തിയത്. പിന്നെ സ്പിക്മാകെയ്ക്കു വേണ്ടി അവതരിപ്പിച്ചു.

? ഈ കലാരൂപത്തിന്റെ ഭാവി എന്തായിരിക്കും?

* ആളുകള്‍ക്കിടയില്‍ പുതിയൊരു ഭാവതലം ഇതുണര്‍ത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ദേവദാസികള്‍ അനുവര്‍ത്തിച്ചു വന്ന ഒരു ശുദ്ധ രീതിയാണിത്. വിലാസിനി നാട്യം പഠിക്കുന്നതും അവതരിപ്പിക്കുന്നതും എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടു ഭാഗങ്ങളാണ്.

Email: purvadhanashree@gmail.comഅവനില്‍ നിന്ന് അവളിലേക്കുള്ള ദൂരം

 ഒരു കവിയോട് സാഹിത്യ ലോകം കാട്ടിയ നെറികേട് ഇതാ ഇങ്ങനെ…

സയാമീയ മീമാംസ പതിനൊന്നാം ഭാഗം

ദേവദാസി ഇഴപിരിച്ച ആകാശം

കര്‍ക്കടക കൂറുകാര്‍ക്ക് സന്തോഷാനുഭവം, കന്നിക്ക് മത്സരവിജയം

interview with dancer poorva dhanashree

Critics and connoisseurs consider Purvadhanashree as one of the most outstanding Bharatanatyam dancers of the younger generation. She is amongst the youngest "A-top " Grade artiste of Doordarshan, India’s national broadcasting corporation. Born and brought up in New Delhi, she had the privilege to perform on the inaugural day of the December Festival 2000 at the Music Academy, Chennai. She was judged the best dancer at the Spirit of Youth concerts 1999 and was conferred the prestigious Dr. MGR Award. She has been awarded the title of ‘Nrityashree’ (Splendorous Danseuse) by the Saregamapadhani Foundation, Chennai. Purvadhanashree is an empanelled artiste of Indian Council of Cultural Relations, Government of India. In 2000 Purva started her training in Vilasini Natyam. Since then she has performed widely across India. Purva has participated in various festivals including those conducted in Khajuraho, Mudra (Trivandrum) and Chennai Music Adademy. Central Sangeet Natak Akademi conferred her with the Ustad Bismillah Khan Yuva Puraskar for Vilasini Natyam in 2009.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദേവദാസി ഇഴപിരിച്ച ആകാശം