Search

തുര്‍ക്കി അട്ടിമറിയുടെ അറിയാക്കഥകള്‍

തുര്‍ക്കിയില്‍ നടന്ന അട്ടമറി ശ്രമത്തിന്റെ പിന്നാമ്പുറ കഥകള്‍ വൈഗന്യൂസ് ഗള്‍ഫ് പ്രതിനിധി എന്‍. പ്രഭാകരന്‍ പിള്ള വിവരിക്കുന്നു

പട്ടാളത്തിനെതിരേ ജനങ്ങളെ തെരുവിലിറക്കിയ തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗെന്റെ ബുദ്ധിയാണ് രാജ്യത്തെ പട്ടാള അട്ടിമറിയില്‍ നിന്നു രക്ഷിച്ചത്.

സുഖവാസത്തിലായിരുന്ന പ്രസിഡന്റ് അട്ടിമറി നീക്കമറിഞ്ഞയുടന്‍ ജനങ്ങളോടു തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

 പാര്‍ട്ടി അണികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച് തെരുവിലിറങ്ങിയതോടെ പട്ടാളം പരാജയപ്പെടുകയായിരുന്നു.

രാജ്യത്തെ ടിവി നിലയങ്ങള്‍ പട്ടാളം പിടിച്ചപ്പോള്‍ അര്‍ദ്ധരാത്രിയില്‍ പ്രസിഡന്റ് ഐഫോണിലൂടെ നടത്തിയ ട്വിറ്റര്‍ അഭ്യര്‍ഥനയാണ് ജനത്തെ ഉണര്‍ത്തിയത്. അട്ടിമറിക്കു മുന്‍പ് സോഷ്യല്‍ മീഡിയയെ
മരവിപ്പിക്കാന്‍ പട്ടാളം മറന്നുപോയി.അട്ടമറിക്കു പുറപ്പെട്ട സൈനികര്‍ കീഴടങ്ങുന്നു
നേതൃത്വം കൊടുത്തവര്‍ ഗ്രീസിലേക്കു കടന്നു, അറസ്റ്റിലായി

തുര്‍ക്കി സമയം വെള്ളിയാഴ്ച പാതിരായോടെ തുടങ്ങിയ അട്ടിമറിനീക്കം ശനിയാഴ്ച നേരം വെളുത്തതോടെ പരാജയപ്പെടുകയായിരുന്നു.

പട്ടാളത്തെ ശക്തമായി നേരിട്ട പൊലീസും അട്ടിമറി ചെറുക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

അട്ടിമറി പരാജയമായതോടെ, അതിനു നേതൃത്വം കൊടുത്തവരെന്നു കരുതുന്ന എട്ടുപേര്‍ ഒരു ഹെലികോപ്റ്ററില്‍ അയല്‍ രാജ്യമായ ഗ്രീസിലേക്കു കടന്നു. ഗ്രീസിലെ അലക്‌സാന്‍ഡോ പൗലോസില്‍ ഇറങ്ങിയ അവരെ ഗ്രീക്ക് പോലീസ് അറസ്റ്റ് ചെയ്തു. അവരെ വിചാരണയ്ക്കായി തിരിച്ചയയ്ക്കണമെന്ന തുര്‍ക്കിയുടെ അഭ്യര്‍ഥന വിശദമായി പരിശോധിച്ചിട്ടു തീരുമാനമെടുക്കാമെന്നു ഗ്രീക്ക് ഗവണ്‍മെന്റ് പറഞ്ഞു.

പിന്നില്‍ അമേരിക്കന്‍ പുരോഹിതന്‍ ഫെത്തുള്ള ഗുലെന്‍?


ഫെത്തുള്ള ഗുലെന്‍
അമേരിക്കയില്‍ കഴിയുന്ന മുസ്‌ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെനാണ് അട്ടിമറിക്കു പിന്നിലെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്റെ ആരോപണം. ഇയാളെ അമേരിക്ക സംരക്ഷിക്കുന്നതായാണ് ആരോപണം.
ഇയാളെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും അമേരിക്ക വഴങ്ങിയിട്ടില്ല. ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധവും ഉലഞ്ഞിട്ടുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിനു തങ്ങുടെ താവളങ്ങള്‍ വിട്ടുനല്കിയിരിക്കുന്നതുള്‍പ്പെടെ അമേരിക്കയുമായുള്ള എല്ലാ സഹകരണങ്ങളും പുനരാലോചിക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഫെത്തുള്ള ഗുലെന്‍ ആരോപണം നിഷേധിക്കുകയും അട്ടിമറി ശ്രമത്തെ അപലപിക്കുകയും ചെയ്തിരുന്നു.

ഗുലെന്‍ ഹിസ്‌മെത് എന്ന പ്രസ്ഥാനമാണ് തുര്‍ക്കിയില്‍ അട്ടിമറിക്കു ശ്രമിച്ചത്. അവരുമായി ബന്ധമുള്ളവരെയും ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയും ഭരണത്തിലും കോടതിയിലും സൈന്യത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം പണി പോവും. ഒപ്പം ജയില്‍ വാസവും ഉറപ്പാണ്.

ഹിസ്‌മെത് അനുകൂലികളായ സുപ്രീംകോടതിയിലെ പത്തു ജഡ്ജിമാരെ ഇതിനകം തന്നെ തടങ്കലിലാക്കിയിട്ടുണ്ട്. കീഴ്‌ക്കോടതികളിലെ 2745 ജഡ്ജിമാരെയും നീക്കിയിട്ടുണ്ട്. ഇതുകൂടാതെ 148 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. സൈന്യത്തിലെ ഹിസ്‌മെത് അനുകൂലികളായ 2839 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.ഉരുക്കുമുഷ്ടിയോടെ എര്‍ദോഗന്‍


പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍
2003 മുതല്‍ തുര്‍ക്കിയെ അടക്കി ഭരിക്കുകയാണ്  പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍. പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം  2014 -ലാണ് പ്രസിഡന്റായത്. 1994 മുതല്‍ 98 വരെ ഇസ്താംബുള്‍ മേയറായിരുന്നു. കടുത്ത ഇസ്‌ലാമിക വാദിയായ ഈ 64കാരന്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എകെപി) യിലൂടെയാണ് അധികാരം പിടിച്ചത്.തുര്‍ക്കിയില്‍ സൈനിക അട്ടിമറികള്‍ പതിവാണ്. ജനറല്‍ കെമാല്‍ ഗുര്‍സെലിന്റെ നേതൃത്വത്തില്‍ 1960 മേയില്‍ നടന്ന അട്ടിമറിയില്‍ പ്രധാനമന്ത്രി അഡ്‌നാന്‍ മെന്‍ഡറസിന്റെ ഭരണകൂടം നിഷ്‌കാസനം ചെയ്യപ്പെട്ടു. മെന്‍ഡറിസിനെയും മൂന്നു മന്ത്രിമാരെയും കുറ്റവിചാരണ നടത്തി വധിക്കുകയും ചെയ്തു. അന്നത്തെ പ്രസിഡന്റ് കെലാല്‍ ബയാറിനു വധശിക്ഷ വിധിച്ചതു പിന്നീട് ജീവപര്യന്തം തടവാക്കി കുറച്ചിരുന്നു.പ്രധാനമന്ത്രി സുലൈമാന്‍ ഡെമിറെലിനെ 1971-ല്‍ സൈന്യം അന്ത്യശാസനം നല്കി രാജിവയ്പ്പിച്ചു. പട്ടാള മേല്‍നോട്ടത്തില്‍ പ്രഫഷണലുകളും യാഥാസ്ഥിതിക രാഷ്ട്രീയക്കാരും ചേര്‍ന്ന ഭരണമുണ്ടാക്കി. രണ്ടര വര്‍ഷം പട്ടാളനിയമം നടപ്പാക്കുകയും ചെയ്തിരുന്നു.

അതിനുശേഷം 1980-ല്‍ ജനറല്‍ കെനന്‍ എവ്‌റന്‍ ഭരണം പിടിച്ചു. വീണ്ടും 1997-ല്‍ തീവ്ര ഇസ്‌ലാമിസ്റ്റായ പ്രധാനമന്ത്രി നെക്‌മെറ്റിന്‍ എര്‍ബാകാനെ പട്ടാളം രാജിവയ്പ്പിച്ചു.

എര്‍ദോഗന്‍ നേരിടുന്ന നാലാം അട്ടിമറി ശ്രമം


സൈന്യം നഗരത്തിലെ ഒരു പ്രധാന പാലം അടച്ചപ്പോള്‍
എര്‍ദോഗന്റെ ഭരണകാലത്തു ഇതു നാലാം അട്ടിമറി ശ്രമമാണ്. നേരത്തേ മൂന്ന് അട്ടിമറിശ്രമങ്ങള്‍ നടന്നിരുന്നു. പക്ഷേ, ഇതിനായി ഗ്രൂപ്പുകള്‍ രൂപംകൊള്ളുന്ന ഘട്ടത്തില്‍തന്നെ പിടിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസത്തേതു പക്ഷേ, വലിയ രീതിയിലുള്ള അട്ടമറി ശ്രമം തന്നെയായിരുന്നു.

എര്‍ദോഗന്റെ ബുദ്ധിയില്‍ അതു പരാജയപ്പെടുകയായിരുന്നു. ഇതേസമയം, മിലിട്ടറി എക്‌സര്‍സൈസ് എന്നു പറഞ്ഞു തങ്ങളെ തെരുവിലിറക്കുകയായിരുന്നുവെന്ന് പിടിയിലായ ഒരു വിഭാഗം പട്ടാളക്കാര്‍ പറയുന്നു.


എന്‍. പ്രഭാകരന്‍ പിള്ള
അയല്‍ രാജ്യമായ സിറിയയില്‍ നടക്കുന്ന പോരാട്ടവും തുര്‍ക്കിയിലെ അട്ടമറി നീക്കത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അവിടെനിന്നുള്ള ഭീകര ഗ്രൂപ്പുകളും അട്ടിമറിക്ക് പിന്തുണ കൊടുത്തതായും പറയപ്പെടുന്നു.

സിറിയയില്‍ ഇടപെടുന്നതിന് അമേരിക്ക പ്രധാന താവളമായി ഉപയോഗിക്കുന്നത് തുര്‍ക്കിയെയാണ്.

എന്തായാലും എര്‍ദോഗന്റെ ബുദ്ധി ഫലം കണ്ടു. രാവിലെ അദ്ദേഹം ഇസ്താംബുളില്‍ വിമാനമിറങ്ങുമ്പോള്‍ അട്ടിമറി നീക്കം നടത്തിയ പട്ടാളക്കാര്‍ തടവിലാവുകയും അനുകൂലികള്‍ അദ്ദേഹത്തെ ആഹ്‌ളാദാരവത്തോടെ എതിരേല്‍ക്കുകയുമായിരുന്നു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തുര്‍ക്കി അട്ടിമറിയുടെ അറിയാക്കഥകള്‍