Search

മുള്‍പടര്‍പ്പുകള്‍ക്കിടയിലെ ഒറ്റമന്ദാരം

ടി.പി ശാസ്തമംഗലം

കുറേ നാള്‍ കൂടി നല്ലൊരു സിനിമ കണ്ടതിന്റെ ആശ്വാസത്തിലാണ് ഞാന്‍. നല്ല സിനിമയെന്നാല്‍, സംവിധാനം, തിരക്കഥ, അഭിനയം, ഗാനങ്ങള്‍, സംഗീത സംവിധാനം, കാമറ, എഡിറ്റിംഗ്... തുടങ്ങി എല്ലാ വശങ്ങളും നല്ലതായൊരു സിനിമ. ഒറ്റമന്ദാരമെന്ന ചിത്രത്തെക്കുറിച്ചാണ് പറയുന്നത്.

മിക്കവാറും എല്ലാ പടങ്ങളും ഞാന്‍ കാണാറുണ്ട്. ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളും ഒരര്‍ത്ഥത്തില്‍ തട്ടിപ്പാണ്. അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു ഒറ്റമന്ദാരം. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ആരെയും എനിക്കു നേരിട്ടു പരിചയമില്ല. ആകെ അറിയാവുന്നത് സംഗീത സംവിധാനം ചെയ്ത രമേഷ് നാരായണെ മാത്രം.

ചിത്രം കാണാന്‍ പ്രേരിപ്പിച്ചത് അതിന്റെ പേരു തന്നെയാണ്. മലയാളിത്തമുള്ള ഈ പേര് നിശ്ചയിച്ചതിന് ആദ്യമേ അഭിനന്ദനം പറയട്ടെ. ഇംഗ്‌ളീഷും മലയാളവുമല്ലാത്ത സിനിമാ പേരുകളുടെ ഇക്കാലത്ത് ഇങ്ങനെയൊരു പേരിട്ടതിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

വളരെ ആഴത്തിലുള്ളൊരു വിഷയം, അതിന്റെ തീവ്രതയും ആര്‍ദ്രതയും ചോര്‍ന്നുപോകാതെ രചന നിര്‍വഹിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്തു എന്നിടത്താണ് ഒറ്റമന്ദാരം വേറിട്ടുനില്‍ക്കുന്നത്.

ഈ സിനിമയില്‍ ഒരു ഘടകവും മാറ്റിനിര്‍ത്താനില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. വേണ്ടതെല്ലാം വേണ്ടവിധം സമ്മേളിച്ചിരിക്കുന്നു ഈ ചിത്രത്തില്‍. തിരക്കഥ സിനിമയുടെ അടിസ്ഥാനമാണ്. അതു മോശമായാല്‍ എല്ലാം താളംതെറ്റും. ഇവിടെ നല്ലൊരു അടിസ്ഥാനത്തിലാണ് ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്.

സംവിധാന മികവ് ഓരോ സീനിലും വ്യക്തമാണ് ഒറ്റമന്ദാരത്തില്‍. അനാവശ്യമായതൊന്നും ഈ ചിത്രത്തില്‍ ഇല്ല. അസാധാരണമായ കൈയൊതുക്കത്തോടെ നിര്‍മിക്കപ്പെട്ട ഈ ചിത്രം സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയവയില്‍ ഏറ്റവും മികച്ച ചിത്രമെന്നു ഞാന്‍ പറയും. കാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങിയവയെല്ലാം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

സംഗീതത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ പാട്ടുകള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒറ്റമന്ദാരത്തിലെ പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. സിനിമ കണ്ടുകഴിഞ്ഞു വീട്ടില്‍ ചെന്ന് നെറ്റില്‍ പരതി ഈ ചിത്രത്തിലെ പാട്ടുകള്‍ വീണ്ടും നാലഞ്ചുവട്ടം കേട്ടു. ഒന്നുരണ്ടു വര്‍ഷത്തിനിടെ ഇറങ്ങിയ ഏറ്റവും മികച്ച പാട്ടുകളാണ് ഈ ചിത്രത്തിലേത്. രചന, സംഗീതം, ആലാപനം, ചിത്രീകരണം എന്നിവയിലെല്ലാം ഈ ചിത്രത്തിലെ പാട്ടുകള്‍ വേറിട്ടുനില്‍ക്കുന്നു.

ഒന്നാം കൊമ്പത്തെ പൂമര കൊമ്പത്തെ... എന്ന താരാട്ടുപാട്ടാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മലയാളത്തിലെ മിക്ക താരാട്ടുപാട്ടുകളും കുട്ടികളെ പേടിപ്പെടുത്തുന്നതാണ്. ഉറക്കുപാട്ടിന്റെ എല്ലാ സുഖവും പക്ഷേ, ഒന്നാം കൊമ്പത്തെ... എന്ന പാട്ട് തരുന്നു.

ഗാനത്തിലെ വാക്കുകള്‍ക്ക് സംഗീതത്തിന്റെ അടിവരയിടുക മാത്രമാണ് ചെയ്യാറുള്ളതെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വാക്കുകളെ നോവിക്കാതെ സംഗീതം പകര്‍ന്നിരുന്നയാളാണ്. സമാനമായ രീതിയില്‍ ഈ ചിത്രത്തിലെ ഗാനങ്ങളിലെ വാക്കുകളെ നോവിക്കാതെ സംഗീതം പകര്‍ന്നിരിക്കുന്നു രമേഷ് നാരായണ്‍. വരികള്‍ എഴുതിയ ശേഷം അതിനു സംഗീതം പകര്‍ന്നതിന്റെ സുഖം നന്നായി അനുഭവിക്കാനാവുന്നു. സുജാത, ശ്വേത, വിജയ് യേശുദാസ്, മധുശ്രീ നാരായണ്‍ എന്നിവരെല്ലാം മനോഹരമായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

കളിമണ്ണിലെ ലാലീ... ലാലീ... എന്ന പാട്ടായിരുന്നു അടുത്ത കാലത്ത് എനിക്ക് ഇഷ്ടപ്പെട്ടത്. അതിലും എത്രയോ ഉയരത്തില്‍ നില്‍ക്കുന്നുണ്ട് ഒറ്റമന്ദാരത്തിലെ താരാട്ടുപാട്ട്. എക്കാലത്തെയും മികച്ച താരാട്ടുപാട്ടായ ഓമനത്തിങ്കള്‍ കിടാവിനടുത്തുവരെ ഒറ്റമന്ദാരത്തിലെ താരാട്ടുപാട്ട് എത്തിയിട്ടുണ്ടെന്നു പറഞ്ഞാലും അതിശയോക്തിയില്ല.

നല്ല കലാസൃഷ്ടി ചിലപ്പോള്‍ സൂപ്പര്‍ ഹിറ്റായെന്നു വരില്ല. പക്ഷേ, കാലം അതിനെ തിരിച്ചറിയുക തന്നെ ചെയ്യും. കൃത്രിമത്വം നിറഞ്ഞ സിനിമകള്‍ തകര്‍ത്തോടുന്ന ഇക്കാലത്ത്, നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി ഇത്തരം മന്ദാരപ്പൂക്കള്‍ ഇടയ്ക്കു വിരിയുക തന്നെ വേണം. ഇന്നത്തെ സിനിമ മുള്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്കാണ് കാണിയെ കൊണ്ടുചാടിക്കുന്നത്. ആ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ ഒറ്റയ്ക്ക് ഒരു മന്ദാരപുഷ്പം വിരിഞ്ഞു നില്‍ക്കുകയാണ്. ആ കാഴ്ച അതിമനോഹരം തന്നെ. ഈ സിനിമ കാണാത്തവര്‍ക്ക് ഉണ്ടാകുന്നത് വലിയൊരു നഷ്ടം തന്നെയായിരിക്കും.
-എ.എസ് പ്രകാശിനോടു പറഞ്ഞത്


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുള്‍പടര്‍പ്പുകള്‍ക്കിടയിലെ ഒറ്റമന്ദാരം