Search

ഉള്ളൂരിനെയും വൈലോപ്പിള്ളിയേയും എഴുതിത്തള്ളാന്‍ ശ്രമം, നമ്മുടെ പ്രൊഫസര്‍മാര്‍ക്ക് ഇംഗ് ളീഷ് അറിയില്ല: മന്ത്രി ജി സുധാകരന്‍

കവി മഞ്ചു വെള്ളായണിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനചടങ്ങില്‍ വ്യവസ്ഥിതിക്കെതിരേ സുധാകരന്റെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: മഹാകവിമാരായ ഉള്ളൂരിനെയും വൈലോപ്പിള്ളിയേയും തമസ്‌കരിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നുവെന്നും ഇതു തിരിച്ചറിഞ്ഞു തിരുത്തേണ്ടത് കാലഘട്ടത്തിന്റെ കമടമാണെന്നും മന്ത്രി ജി സുധാകരന്‍.

തിരുവനന്തപുരം പബ് ളിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ കവി മഞ്ചു വെള്ളായണിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. കേരളകൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററ്റായ മഞ്ചു വെള്ളായണിയുടെ 20ാമത് പുസ്തകമായ ഒറ്റവാക്കുത്തരം എഴുത്തുകാരി ഗോമതി അമ്മാളിനു നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

നമുക്കു ജാതിയില്ല എന്ന ശ്രീ നാരായണഗുരുവിന്റെ സന്ദേശം ഇന്നു സര്‍ക്കാരും ആഘോഷിക്കുന്നു. പക്ഷേ, ആ വാക്കുകള്‍ പ്രവൃത്തിയിലും കവിതയിലും ബ്രാഹ്മണനായ ഉള്ളൂര്‍ തെളിയിച്ചു. ഇതു വിളിച്ചു പറയാനും ചങ്കൂറ്റം വേണമെന്നു സുധാകരന്‍ പറഞ്ഞു.

നമുക്കു ജാതിയില്ലെന്ന് ഉള്ളൂര്‍ എഴുതി. ബ്രാഹ്മണനായ അദ്ദേഹം പച്ചമലയാളത്തിലാണ് എഴുതിയത്. ഒരൊറ്റ മതമുണ്ട് ഉലകിന്നുയിരാം പ്രേമമതൊന്നല്ലോ എന്ന വരിയില്‍ എവിടെയാണ് ശബ്ദാഢ്യത്വമെന്നും സുധാകരന്‍ ചോദിച്ചു. ആഴവാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍പുലയനിലുണ്ട് എന്നായിരുന്നു ഉള്ളൂര്‍ പിന്നീട് എഴുതിയത്. ഇതിലും വലിയ സോഷ്യലിസം എവിടെയുണ്ട്.

ഈഴവ പ്രമാണിമാര്‍ ശ്രീനാരായണ ഗുരുവിനൈ പാരിപ്പള്ളിയില്‍ പന്തിയില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ വിളിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്ത ഉള്ളൂരിനെ ഇന്ന് ആര്‍ക്കും വേണ്ടാതായി.

ബ്രാഹ്മണ്യവും ഒരു അലങ്കാരമാണിന്ന്. ചോദിച്ചില്ലെങ്കിലും പലരുംപറയും ഞാന്‍ ബ്രാഹ്മണനാണെന്ന്. ദുരിതത്തില്‍ പെട്ടുപോകുന്ന ക്രിസ്ത്യന്‍ പ്രമാണിമാരും പറയും ഞങ്ങളുടെ മുന്‍ തലമുറ ബ്രാഹ്മണരായിരുന്നുവെന്ന്. ബ്രാഹ്മണ്യം എന്നത് കര്‍മ്മത്തിലാണെന്ന് ശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. ഇ.എം.എസ് പൂണൂല് പൊട്ടിച്ചെറിഞ്ഞു. എല്ലാവരും പൊട്ടിക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എല്ലാം ചേര്‍ത്തു വായിക്കണം.

വൈലോപ്പിള്ളിയെ തമസ്‌കരിക്കാന്‍ ശ്രമമുണ്ടായെങ്കിലം അദ്ദേഹത്തിന്റെ കവിതകള്‍ ജനമസ്സില്‍ കുടിയേറിയതിനാല്‍ അതു നടക്കാതെ പോയി. ആ കവിതകള്‍ വിവര്‍ത്തനം ചെയ്താല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹതയുണ്ട്. കടമ്മനിട്ട തൊഴിലാളി വര്‍ഗത്തിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തിയ കവിയല്ലേ. പ്രീതി പിടിച്ചുപറ്റാനായി പക്ഷപാതപരമായി വ്യക്തിവിദ്വേഷത്തിന്റെ പേരിലുള്ള വിമര്‍ശനം ശരിയല്ല.

തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിത. അവരുടെ കവിയാണ് നെരൂദ. ലോകത്തിന്റെ ആദരം അദ്ദേഹത്തിന് കിട്ടി. ജീവിതത്തിന് വേണ്ടിയുള്ളതാണ് ഭാഷയും സംസ്‌കാരവും. ഒന്നു മഹത്തെന്നും മറ്റൊന്നു മോശം എന്നും പറയുന്നത് ശരിയല്ല.

കാവ്യസംസ്‌കാരത്തെക്കുറിച്ച് അറിയണമെങ്കില്‍ ഇംഗ് ളീഷുകാരനെ കണ്ടുപഠിക്കണം. വെറുതേ മുറി ഇംഗ് ളീഷ് പറഞ്ഞു നടന്നാല്‍ കവിയാവില്ല. ഇംഗ് ളീഷ് ഭാഷ അഞ്ചുവര്‍ഷം പഠിച്ച ഞാനും പറയുന്നത് മംഗ്‌ളീഷാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ ഒരു പ്രൊഫസര്‍ക്കും ഇംഗഌഷ് അറിയില്ലെന്നു ഞാന്‍ പറയും.

മഞ്ചു വെള്ളായണിയുടെ കവിതകള്‍ നല്ലരീതിയില്‍ വിലയിരുത്തപ്പെടേണ്ടതാണെന്നും മഞ്ചുവിലെ കവിയെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ആരെയും ഭയക്കാതെ എവിടെയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന രാഷ്ട്രീയക്കാരനാണ് മന്ത്രി ജി. സുധാകരനെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരനായ സുധാകരനെക്കാള്‍ സുഹൃത്തായ സുധാകരനെക്കുറിച്ചു പറയാനാണ് തനിക്ക് ഇഷ്ടമെന്നും പെരുമ്പടവും പറഞ്ഞു.

തനിക്കു പരിചയമുള്ള മഞ്ചു വെള്ളായണി സാധുവും സൗമ്യനുമായ മനുഷ്യനാണെന്നും എന്നാല്‍ അദ്ദേഹത്തിലെ കവി കരുത്തനും ശക്തനുമാണെന്നും പെരുമ്പടവം വിലയിരുത്തി.

മഞ്ചു വെള്ളായണിയുടെ മാനസകൈലാസം എന്ന കൃതിയുടെ രണ്ടാം പതിപ്പ് വയലാര്‍ സ്മാരകട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമനു നല്‍കി പെരുവമ്പടവം പ്രകാശനം ചെയ്തു.

പ്രസ്‌ ക്‌ ളബ് സെക്രട്ടറി കെ.ആര്‍. അജയന്‍ അദ്ധ്യക്ഷതവഹിച്ചു. ബി.മുരളി പുസ്തകം പരിചയപ്പെടുത്തി. കെ.യു.ഡബ്‌ളിയു.ജെ ജില്ലാ പ്രസിഡന്റ് സി. റഹിം, എഴുത്തുകാരന്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍, ഡോ. കെ. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്ര സംഗിച്ചു. വിഎസ് രാജേഷ് നന്ദിയും മഞ്ചു വെള്ളായണി നന്ദിയും പറഞ്ഞു.
TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഉള്ളൂരിനെയും വൈലോപ്പിള്ളിയേയും എഴുതിത്തള്ളാന്‍ ശ്രമം, നമ്മുടെ പ്രൊഫസര്‍മാര്‍ക്ക് ഇംഗ് ളീഷ് അറിയില്ല: മന്ത്രി ജി സുധാകരന്‍