Search

പടിയിറങ്ങാന്‍ ഒരുക്കം തുടങ്ങിയ പ്രണബ് മുഖര്‍ജി തന്നെയാവുമോ അടുത്ത രാഷ്ട്രപതി?

രാഷ്ട്രപതിക്കസേരയില്‍ മോഹിതരായവരില്‍ അദ്വാനിയും രത്തന്‍ ടാറ്റയും മുതല്‍ അമിതാഭ് ബച്ചന്‍ വരെ

അഭിനന്ദ്/www.vyganews.com

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക കാലാവധി അടുത്ത വര്‍ഷം ജൂലായില്‍ അവസാനിക്കുകയാണ്. അടുത്ത ഇന്ത്യന്‍ രാഷ്ട്രപതി ആരെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്. ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ പലതാണ്. മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, ആര്‍എസ്എസ് നേതാവ് രാം മാധവ്, അമിതാഭ് ബച്ചന്‍, ശരദ് പവര്‍ ഇങ്ങനെ പേരുകള്‍ പലതാണ്. പക്ഷേ, ഒന്നിനും ഒരു വ്യക്തതയുമില്ല.

അദ്വാനിയുടെ പേര് വെറുതേ പറയുന്നതാണെന്ന് ഉറപ്പ്. നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും അദ്വാനി അവസാനത്തെ ചോയിസ് മാത്രമായിരിക്കും. രാം മാധവിനും സാദ്ധ്യത താരതമ്യേന കുറവാണ്. പാനമ പേപ്പറുകളില്‍ കള്ളപ്പണ നിക്ഷേപ വാര്‍ത്ത വന്നതോടെ അമിതാഭ് ബച്ചന്റെ ചീട്ടും കീറിയിരിക്കുകയാണ്. എന്‍സിപി തലവന്‍ ശരദ് പവാറിനെ ബിജെപി പിന്തുണയ്ക്കാന്‍ സാദ്ധ്യത കുറവാണ്.

വ്യവസായി രത്തന്‍ ടാറ്റ, ലോക്‌സഭാ സ്പീക്കര്‍ രത്തന്‍ ടാറ്റ, ഗവര്‍ണര്‍മാരും ദളിത് മുഖങ്ങളുമായ ദ്രൗപതി മുര്‍മു, രാം നായിക് തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട് കൂട്ടത്തില്‍. ആര്‍ക്കും പക്ഷേ ഉറപ്പൊന്നും കിട്ടുന്നില്ല.

മോഡിക്കു പ്രിയം പ്രണബിനോട്

ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി തനിക്കു വഴികാട്ടിയും ഗുരുവുമാണെന്നാണ് മോഡി പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഊഷ്മള ബന്ധവും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാവായിരുന്നിട്ടും ഒരിക്കല്‍ പോലും മോഡി സര്‍ക്കാരിനു തലവേദനയുണ്ടാക്കിയിട്ടില്ല പ്രണബ്. മാത്രമല്ല, തന്റെ മുന്‍ഗാമികളായ മൂന്നു പേരെക്കാളും വേഗത്തില്‍ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കാനുള്ള പ്രണബിന്റെ കഴിവ് ശ്രദ്ധേയവുമാണ്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു ഉള്‍പ്പെടെയുള്ളവരുടെ ദയാഹര്‍ജികള്‍ മുന്‍ രാഷ്ട്രപതിമാര്‍ തട്ടിക്കളിച്ചപ്പോള്‍ പ്രണബ് അതുള്‍പ്പെടെയുള്ള ഹര്‍ജികളില്‍ തിടുക്കത്തിലാണ് തീരുമാനമെടുത്തത്. അത് ബിജെപി സര്‍ക്കാരിന് ഏറെ ആശ്വാസമാവുകയും ചെയ്തു.

കസേര ഒഴിയാന്‍ പ്രണബ് തയ്യാറെടുക്കുന്നു

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പ്രണബ് കസേര ഒഴിയാന്‍ മാനസികമായി തയ്യാറെടുക്കുന്നുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. അദ്ദേഹം ഫയലുകളെല്ലാം തിടുക്കത്തില്‍ തീര്‍പ്പാക്കുകയും തനിക്കു കിട്ടിയ സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തരംതിരിച്ചു മാറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതെല്ലാം അദ്ദേഹം പടിയിറങ്ങാന്‍ നടത്തുന്ന ഒരുക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

അംഗബലമില്ലാത്തത് ബിജെപിയുടെ തലവേദന

ഇതേസമയം തന്നെ ബിജെപി കൂടി താത്പര്യമെടുത്ത് ഒരു ടേം കൂടി തന്നാല്‍ തുടരുമെന്നും അദ്ദേഹം അടുപ്പക്കാരോടു പറഞ്ഞിട്ടുണ്ട്. ബിജെപിക്കാകട്ടെ ഒറ്റയ്ക്ക് ഒരു രാഷ്ട്രപതിയെ ജയിപ്പിച്ചെടുക്കാനുള്ള അംഗബലമില്ല. അതിനാല്‍ അവര്‍ക്ക് ഒരു പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ കൂടിയേ തീരൂ.


പ്രണബിനു ഒരുവട്ടം കൂടി കൊടുത്താല്‍ കോണ്‍ഗ്രസിന് എതിര്‍ക്കാനാവില്ല. സിപിഎമ്മിനും പ്രണബിനോടു വിയോജിപ്പില്ല. അങ്ങനെ വന്നാല്‍ പണ്ട് എപിജെ അബ്ദുള്‍ കലാമിനെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിച്ച തന്ത്രം നരേന്ദ്രമോഡി അവസാനം പയറ്റിക്കൂടാതെയില്ല. മോഡിക്ക് അതിന് ആകെ വേണ്ടത് ആര്‍എസ്എസിന്റെ പച്ചക്കൊടി മാത്രം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പടിയിറങ്ങാന്‍ ഒരുക്കം തുടങ്ങിയ പ്രണബ് മുഖര്‍ജി തന്നെയാവുമോ അടുത്ത രാഷ്ട്രപതി?