Search

മിത ഇനിയും അവള്‍ക്കു പ്രിയപ്പെട്ട വളകളണിയും; എഴുപതുകാരന്‍ രജക് മിയയുടെ നിശബ്ദ വിപ്ലവം

എഴുപതുകാരന്‍ രജക് മിയയുടെ ജിവിതമാണിത്. പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ജിഎംബി ആകാശ് തന്റെ ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തിയ ജീവിതം. തന്റെ പേരക്കുട്ടിയുടെ ജീവിതം നരകതുല്യമാക്കിയ വിവാഹജീവിതം പൊട്ടിച്ചെറിഞ്ഞ് അവളെ സ്വയം പര്യാപ്തയാക്കാനായി പോരാടുന്ന എഴുപതുകാരന്റെ നിശബ്ദ വിപ്ലവം വായിക്കാം.

എന്റെ ചെറുമകളുടെ ജീവിതം ഞാന്‍ നശിപ്പിച്ചതായി എല്ലാവരും പറയുന്നു. അങ്ങനെ പറയുന്നവരോടുള്ള എന്റെ മറുപടി അതിലെനിക്കു സന്തോഷമുണ്ടെന്നാണ്. നിങ്ങള്‍ക്കു വേദന സമ്മാനിക്കുന്നതിനെ നശിപ്പിക്കാനുള്ള ഇല്ലാതാക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവണം. 

കഴിഞ്ഞ ആറുമാസമായി എന്റെ മകളും മരുമകനും എന്നെ കണ്ടിട്ടും എന്നോടുമിണ്ടിയിട്ടും. ഞാനൊരു ക്രിമിനലാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുവെങ്കില്‍ അതു തിരുത്താനായി സമയം കളയാനുള്ള താത്പര്യം എനിക്കില്ല. ഞാന്‍ ജോലിക്കുപോകുമ്പോള്‍ ആളുകള്‍ എന്നെപ്പറ്റി അപവാദങ്ങള്‍ പറയും. എന്നാല്‍, എന്താണ് ശരിക്കും സംഭവിച്ചതെന്ന് എന്റെ മുഖത്തുനോക്കി ചോദിക്കാനുള്ള ചങ്കൂറ്റം ആര്‍ക്കുമില്ല. എന്നാല്‍, ഞാനതൊന്നും ശ്രദ്ധിക്കാറേയില്ല.

എന്റെ ഒരേയൊരു പേരക്കുട്ടി മിതയ്ക്കു വളകള്‍ വളരെ ഇഷ്ടമാണ്. അവള്‍ കുട്ടിയായിരിക്കുമ്പോള്‍ കടയില്‍ നിന്ന് അവള്‍ക്ക് വളകള്‍ വാങ്ങിക്കൊടുക്കുമായിരുന്നു. അവള്‍ക്കു പത്തുവയസ്സുള്ളപ്പോള്‍ ഒരു ജോടി വെള്ളിവളകള്‍ വാങ്ങി നല്‍കാനായി ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. മിക്കപ്പോഴും ഞാന്‍ അവളുടെ മുടിയില്‍ എണ്ണ പുരട്ടി കെട്ടിക്കൊടുക്കുമായിരുന്നു.

ഞാന്‍ ജോലിക്കു പോകുമ്പോള്‍ അവളെയും ഒപ്പം കൂട്ടി. മരച്ചുവട്ടിലിരുന്ന് അവള്‍ പഠിക്കുമ്പോള്‍ ഞാന്‍ ദൂരെ നിന്ന് ശ്രദ്ധിക്കും. ഒളിച്ചു കളിക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഒളിക്കുന്നതിനു മുമ്പ്  എവിടെയാണ് ഒളിക്കുന്നതെന്ന് അവളെന്നോട് പറയും. ഒളിക്കുന്ന സ്ഥലം മറ്റാരോടും പറയരുതെന്ന് അവളോട് പറയുമ്പോള്‍ മറ്റാരോടും പറയില്ല എന്നോടു മാത്രം പറയുമെന്നായിരുന്നു അവളുടെ മറുപടി. 

നിസ്സാര കാര്യങ്ങള്‍ക്കു പോലും അവള്‍ കരയാന്‍ ഞാന്‍ ഇടവരുത്തിയിട്ടില്ല. കഷ്ടം, എന്നിട്ടും മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ എന്റെ പേരക്കുട്ടിയുടെ ജീവിതം നശിപ്പിച്ചെന്നാണ്. 

അവളുടെ ഭര്‍ത്താവെന്ന മൃഗം ദിവസവും അവളെ ഉപദ്രവിക്കുമായിരുന്നു. വളകള്‍ അണിയാനും അവള്‍ക്കു സാധിക്കില്ലായിരുന്നു. വളകളെവിടെയെന്നു ഞാന്‍ അന്വേഷിച്ചപ്പോള്‍ കൈത്തണ്ടയിലെ പൊളളലേറ്റ പാടുകള്‍ ഞാന്‍ കാണാതിരിക്കാനായി അവള്‍ മറച്ചുപിടിച്ചു. 

ഞാന്‍ അവളെ കാണുന്നത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിലക്കി. എന്നിട്ടും രഹസ്യമായി ഞാന്‍ അവളെ കണ്ടു. പേടികൊണ്ട് ഞാന്‍ കാണാന്‍ എത്തുന്നത് അവള്‍ വിലക്കി. വിവാഹമെന്ന പീഡനത്തിനു നടുവില്‍ അവളെ ഉപേക്ഷിക്കാന്‍ എനിക്കെങ്ങനെയാണ് മനസ്സുവരിക. ഓരോ ദിവസവും അവള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്നു. അവളുടെ അച്ഛനമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് അവഗണിച്ചു. പെണ്‍കുട്ടികള്‍ക്കു ക്ഷമ വേണമെന്നായിരുന്നു അവരുടെ ന്യായീകരണം. മിതയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവളുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് ഞാന്‍ യാചിച്ചു. എന്നാല്‍, അയാളെന്റെ വീട്ടില്‍ നിന്ന് പുറത്താക്കി. ഞാന്‍ എന്നിട്ടും അവളെ കാണാനായി ചെന്നു. അവളെ ഒന്നു കാണാനായി ഞാന്‍ എല്ലാ അപമാനങ്ങളും സഹിച്ചു. ഒരുദിവസം മിതയുടെ അയല്‍വാസികളെ അവളെ ആശുപത്രിയിലാക്കി. രഹസ്യമായി വിവരം എന്നെ അറിയിക്കുകയും ചെയ്തു. 

ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടത് രക്തം ഛര്‍ദ്ദിച്ച് അവശയായ എന്റെ പേരക്കുട്ടിയെയാണ്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു സംസാരിക്കാവുന്ന അവസ്ഥയിലായി. ഞാന്‍ അവളോട് വിശ്രമിക്കാന്‍ പറഞ്ഞു. അപ്പൂപ്പാ, വേദനയില്ലാത്ത ദൂരെ എവിടേക്കെങ്കിലും എന്നെ കൊണ്ടുപോ, ഞാന്‍ അവിടെ ഒളിച്ചിരിക്കട്ടെ എന്നായിരുന്നു അവളുടെ മറുപടി. 

ഇല്ല ഞാന്‍ അവളെ ഇനി ഒളിച്ചിരിക്കാന്‍ അനുവദിക്കില്ല. ഞാന്‍ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തു. പൊലീസ് അയാളെ പിടികൂടി. സ്വന്തം ഇഷ്ടപ്രകാരം മിത വിവാഹബന്ധം വേര്‍പെടുത്തി. അവളെ ഞാന്‍ എന്റെ വീട്ടിലേക്കു കൊണ്ടുവന്നു. അവള്‍ക്കു വേണ്ടി ഞാന്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങി. ഇനി അവളുടെ ജീവിതം പന്താടാനായി ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. എന്റെ മിത ഇനിയും ജീവിക്കും. അവള്‍ വീണ്ടും സ്വപ്‌നം കാണും, സ്‌നേഹിക്കും. എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഇനിയും അവള്‍ക്കായി വളകള്‍ വാങ്ങി നല്‍കും. അവളിനി ഒരാളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാന്‍ പാടില്ല...vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മിത ഇനിയും അവള്‍ക്കു പ്രിയപ്പെട്ട വളകളണിയും; എഴുപതുകാരന്‍ രജക് മിയയുടെ നിശബ്ദ വിപ്ലവം