Search

നിഷാദത്തിലുദിച്ച നീലനിലാവ്

ദീപക് നമ്പ്യാര്‍

മെലഡിയുടെ വസന്തകാലം മലയാളത്തില്‍ തിരിച്ചെത്തുകയാണ്. ഒറ്റമന്ദാരം എന്ന ചിത്രത്തിലാണ് ഗാനരചയിതാവ് വിനോദ് മങ്കരയും സംഗീത സംവിധായകന്‍ രമേശ് നാരായണും ചേര്‍ന്ന് വസന്തകാലത്തിലേക്ക് മലയാളിയെ തിരികെ കൊണ്ടുപോകുന്നത്.

പാട്ടിന്റെ സുഗന്ധപൂരിതമായ വഴികളിലൂടെ രമേശ് നാരായണ്‍ തിരിച്ചു നടക്കുന്നു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുജാത പാടുന്ന മാമ്പൂ പൊഴിക്കുന്ന കാറ്റേ... എന്ന ഗാനം മലയാളത്തിനു തരുന്നത് ഒരു പൂക്കാലം തന്നെയാണ്. രമേശ് നാരായണ്‍ പറയുന്നു:

ലിറിക്ക് വന്നിട്ടാണ് കംപോസ് ചെയ്തത്. പുലര്‍ച്ചെയ്ക്ക് ഗിറ്റാര്‍ എടുത്ത് കമ്പോസ് ചെയ്യുകയായിരുന്നു.

ഗാനത്തിന്റെ അനുപല്ലവിയിലെ നീലനിലാവും പൊഴിച്ചതെന്തേ.... എന്ന ഭാഗമായിരുന്നു ആദ്യം കംപോസ് ചെയ്തത്. ഖമാജും ഗാവതിയും മിക്‌സ് ചെയ്താണ് പാട്ടിനു രൂപം നല്കിയത്.


ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച സുജാതയും ശ്വേതയും
ഗിറ്റാറിലെ കംപോസിംഗ്

ഗിറ്റാറില്‍ കംപോസിംഗ് ചെയ്യുക പതിവില്ലാത്തതാണ്. എല്ലായ്‌പ്പോഴും സംഗീതം ഹൃദയത്തില്‍ നിന്നു തന്നെയാണ് വരിക. ഗിറ്റാറില്‍ നിന്ന് ചിലപ്പോള്‍ വന്നുവീഴുന്ന ഒരു സ്വരത്തിനു വേണ്ടി മാത്രമാണ് അത് ഉപയോഗിക്കുന്നത്.

സ്വരരാഗം

നീല നിലാവും പൊഴിച്ചതെന്തേ... എന്ന വരി തുടങ്ങുന്നത് നിഷാദത്തിലാണ്. കവിതയിലെ ആ വരിയുടെ ആദ്യക്ഷരവും നിയില്‍ തുടങ്ങുന്നു. നിഷാദത്തിലെ 'നി' യും കവിതയിലെ നീലനിലാവിലെ 'നീ'യും ചേര്‍ന്ന് സംഗീതമാവുന്നു. അത് ഗിറ്റാര്‍ തന്ന ഒരു അനുപമ നിമിഷമായിരുന്നു.

സംവിധായകന്റെ പാട്ട്

ഈ ചിത്രത്തിലെ ഗാനങ്ങളുടെ ഓര്‍ക്കസ്‌ട്രേഷനില്‍ സംവിധായകന് നല്ല പങ്കുണ്ട്. സ്വന്തം മനസ്‌സിലെ വിഷ്വലുകള്‍ അദ്ദേഹത്തിന് എന്റെ മനസ്‌സില്‍ പകര്‍ന്നുതരാനായി. അതിന്റെ തുടര്‍ച്ചയാണ് മാമ്പൂ പൊഴിക്കുന്ന കാറ്റേ... പാട്ടിന്റെ സംഗീതം.

ഗര്‍ഭം പേറാന്‍ ശേഷിയില്ലാത്തതിനാല്‍ ഭര്‍ത്താവിനെ അനുജത്തിക്ക് വിട്ടുകൊടുത്തിട്ടു ചേച്ചി വരുന്ന നിമിഷത്തിലെ പാട്ടാണത്. അതിന് രാത്രിയുടെ വേദനയും വശ്യതയും വേണം. അതെല്ലാമുണ്ട് ആ പാട്ടില്‍.

രണ്ടാം പാദത്തില്‍ പാട്ടിന്റെ സ്വഭാവമാകെ മാറുകയാണ്. അവിടെ രാഗഭാവങ്ങളാകെ മാറുന്നു.

സിതാര്‍

സിതാര്‍ ഒറ്റയ്ക്കുനില്‍ക്കുന്നുണ്ട് ഈ പാട്ടില്‍. സിതാറിനെ ഒറ്റയ്ക്കു പിടിച്ചുനിര്‍ത്തുന്നു എന്നു പറയാം. സിതാര്‍ മലയാള സിനിമയില്‍ നിന്ന് വിട്ടുപോയിരിക്കെയാണ് ഈ പാട്ടിലൂടെ അതു തിരിച്ചു സാന്നിദ്ധ്യമറിയിക്കുന്നു എന്നതും സന്തോഷകരമാണ്.

ഒരു ഇന്‍സ്ട്രുമെന്റ് രണ്ടായി പിരിഞ്ഞുനിന്നു സംവദിക്കുന്നുണ്ട് പാട്ടില്‍. സിതാര്‍ രണ്ടു ട്രാക്കിലാണ് വായിച്ചിട്ടുള്ളത്. ഒന്ന് എന്‍ഹാന്‍സ് ചെയ്യാന്‍ വേണ്ടി ചെയ്തു. പിന്നെ രണ്ടു കാരക്ടറുകളുടെയും മനസ്‌സു കാണിക്കാനും ഇതുപയോഗിക്കപ്പെട്ടു. പരസ്പരം താങ്ങും തണലുമാകുന്ന അനുജത്തിയുടെയും ചേച്ചിയുടെയും മനസ്‌സു വായിക്കുക.

ഭാരതീയ സംഗീതത്തിന്റെ രാഗധാരിയാണ് സിതാര്‍. അതില്‍ നാലു മണിക്കൂര്‍ വായിച്ചാലും തീരാത്ത സംഗീതം ഒളിഞ്ഞുകിടപ്പുണ്ട്. പണ്ട് പല പാട്ടിനു ബിജിഎം സിതാറില്‍ മാത്രമായിരുന്നു. ബാബുക്കയും മറ്റും അതു നന്നായി ഉപയോഗിച്ചു.

മെലഡിക്ക് ബഹളം മാത്രം മതിയെന്ന സ്ഥിതി വന്നിട്ടുണ്ട്.
കാതില്‍ സോഫ്റ്റായി കേള്‍ക്കേണ്ടിടത്ത് ഒച്ച ഉയര്‍ത്തിവിടുമ്പോള്‍ നല്ലതെന്നു തോന്നാം. പക്ഷേ, അതിനു ദോഷമുണ്ട്. അത് വഴിയേ മനസ്‌സിലാവും.

ഞാന്‍ സിതാറിസ്റ്റു കൂടിയാണ്. അതിന്റെ ബാക്കിപത്രം കൂടിയാണ് സിതാര്‍ വേറിട്ടുനില്‍ക്കുന്നത്.

ദുര്‍ഗയില്‍ ഒരു താരാട്ടുപാട്ട്

ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ.... എന്ന താരാട്ടുപാട്ട് ദുര്‍ഗ രാഗത്തില്‍ ഒരു താരാട്ട് പാട്ട്.

പ്രകൃതിയില്‍ നിന്നുള്ള രാഗമാണ് ദുര്‍ഗ. അത് ഒരു സഹജ രാഗമാണ്. പിന്നെ പ്രതാപ് വരാളിയുടെയും ബിലാവലിന്റെയും സാദ്ധ്യതകളും ഉപയോഗപ്പെടുത്തി.

താരാട്ടിനു നീലാംബരി മാത്രമാണ് കര്‍ണാടികില്‍ ഉപയോഗിക്കുന്നത്. അമ്മ കുഞ്ഞിനു താരാട്ടു പാടുന്നത് നീലാംബരി അറിഞ്ഞിട്ടാണോ? നീലാംബരി താരാട്ടു പാടാനുള്ള രാഗമെന്ന സങ്കല്പം തന്നെ തെറ്റാണ്.


സന്തൂര്‍ മാന്ത്രികന്‍ അശ്വിന്‍ വലാവാല്‍ക്കര്‍ ഒറ്റമന്ദാരത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരാന്‍ എത്തിയ വേളയില്‍ ഗാനരചയിതാവിനും സംഗീത സംവിധായകനുമൊപ്പം
സന്തൂറിന്റെ നൂതനത്വം

സന്തൂര്‍ നൂതനത്വം പകരുന്ന ഉപകരണമാണ്. സംഗീതം ഏതായാലും കൂടുതല്‍ കേട്ടാല്‍ ഉറങ്ങും. കശ്മീരി ഉപകരണമായ സന്തൂര്‍ അവിടത്തെ കുട്ടികള്‍ ജനിച്ചാലുടന്‍ കേള്‍ക്കുന്ന ഉപകരണമാണ്. അതു കേട്ട് കുട്ടികള്‍ ഉറങ്ങുന്നില്ലേ അവിടെ. അതിനര്‍ത്ഥം ഉപകരണം ഏതായാലും വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ അത് മനോഹരമാകുമെന്നാണ്. ആ സാദ്ധ്യതയാണ് ഈ ഗാനത്തിലെ സംഗീതത്തിന്റെ ഉപയോഗം.

രാഗത്തിന് സമയകാലങ്ങളില്ല

രാഗത്തിന് സമയമുണ്ട് എന്നൊരു ചൊല്ലുണ്ട്. പക്ഷേ, ഒരു നൈജീരിയക്കാരന് മറ്റൊരു സമയത്ത് കേള്‍പ്പിച്ചാല്‍ അദ്ദേഹം ആസ്വദിക്കില്ലേ? തീര്‍ച്ചയായും. അതിനര്‍ത്ഥം രാഗത്തിന് സമയകാലങ്ങളില്ല എന്നല്ലേ?

പഠ്ദീപിന്റെ ചിറകില്‍ ചങ്ങമ്പുഴക്കവിത

ആരുവാങ്ങും ഇന്നാരുവാങ്ങും... എന്ന കാവ്യഭാഗം പഠ്ദീപ് എന്നരാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. അതിനു വോദനയുടെ ഒരു അംശം കൊണ്ടുവരാനായി ധൈവതത്തിന്റെ ചെറിയ സാദ്ധ്യത ഉപയോഗപ്പെടുത്തിയിരിക്കുന്നു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നിഷാദത്തിലുദിച്ച നീലനിലാവ്