Search

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ...

സ്‌പോട്ട് സുരേഷ്

ഒഎന്‍വി സാറിന് 75 വയസ്‌സ് തികയുന്നു. നമുക്ക് ശനിയാഴ്ച ഒരു ലൈവ് ചെയ്താലോ. സാറുമായി ഒന്ന് സംസാരിക്കണം. പ്രഭാതപരിപാടിയുടെ പ്രൊഡ്യൂസര്‍ ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശമാണ്.

ഒഎന്‍വി സാറിനെ നേരില്‍ ചെന്നു കണ്ടു.
പിറന്നാള്‍ , ആഘോഷം, അങ്ങിനെയൊരു പതിവില്ല. പിന്നെ ചാനലില്‍ വന്നിരുന്ന് സംസാരിച്ച് നാട്ടുകാരെക്കൂടി ബുദ്ധിമുട്ടിക്കണോ.
സാര്‍ ഒഴിയാന്‍ ശ്രമിച്ചു.
സാറുമായി ഒരു അഭിമുഖം എന്റെ ഒരു മോഹമാണ്. മടി വിചാരിക്കരുത് സാറ് വരണം.
ഒന്നും മിണ്ടിയില്ല.
അമ്മയെക്കൂടി കൊണ്ടുവരണം.
ഒഎന്‍വി സാര്‍ നന്നായി ഒന്ന് ചിരിച്ചു.
പിന്നീടുള്ള കാര്യങ്ങള്‍ ഉണ്ണി കൃത്യമായി ചെയ്തു. ഏതുദിവസം, എപ്പോള്‍ എത്തണം, വാഹന സൗകര്യം എല്ലാം. ഉണ്ണിയെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകണം.

കവിതയെക്കുറിച്ചും സുരേഷിനോട് ചോദിക്കാന്‍ പറയണം ഒഎന്‍വി സാര്‍ പറഞ്ഞത് എന്നോടും പറഞ്ഞു പ്രൊഡ്യൂസര്‍ .
വേദിയില്‍ അവതാരകനായി വേഷം കെട്ടുന്നതിന് മുന്‍പ് ഏതാണ്ട് 1988–89 കാലയളവില്‍ കെ.പി.എ.സി.യുടെ ചരിത്രം പഠിക്കാന്‍ ഒഎന്‍വി സാറിനെയാണ് ആദ്യം കണ്ടത്. സിനിമയും നാടകഗാനങ്ങളുമാണ് എന്റെ ഇഷ്ടവിഷയം എന്ന് സാറിന് നന്നായി അറിയാം.
ഞാന്‍ മുഖത്തല ശ്രീകുമാറിനെ ചെന്നുകണ്ടു. ഒഎന്‍വി സാറിന്റെ പ്രിയപ്പെട്ട ശിഷ്യകവികളില്‍ ഒരാളാണ്. ആകാശവാണി ഉദ്യോഗസ്ഥന്‍ . സാഹിത്യസമ്പന്നതയുള്ള ഒരു ജെന്റില്‍മാന്‍ .
ഒഎന്‍വി കവിതകളെക്കുറിച്ച്, രചനാ വൈഭവത്തെക്കുറിച്ച്, മൂന്ന് മണിക്കൂര്‍ ട്യൂഷന്‍ .
കവിതകളെക്കുറിച്ച് എന്തെങ്കിലും ചോദിക്കാമെന്ന് ധൈര്യം വന്നത് അപ്പോഴാണ്.

2006 മേയ് 27 ശനിയാഴ്ച രാവിലെ ആറര മണിക്ക് കൃത്യം ഒഎന്‍വി സാറും സഹധര്‍മ്മിണിയും എത്തിച്ചേര്‍ന്നു.
കവിതയെക്കുറിച്ചൊക്കെ ചോദ്യമുണ്ടല്ലോ.
തയ്യാറാക്കിയിട്ടുണ്ട്.
ഒരു സാമ്പിള്‍ കേള്‍ക്കട്ടെ.
ആദ്യ ചോദ്യം തന്നെ എന്തെന്ന് പറഞ്ഞു.
കൊള്ളാം.
ഏഴു മണി മുതല്‍ ഒന്‍പതു മണിവരെ ലൈവ് ടെലികാസ്റ്റ്.
അഞ്ച് പതിറ്റാണ്ടത്തെ കാവ്യ സപര്യയിലൂടെ മലയാള ഭാഷയെ ധന്യമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി പ്രൊഫസര്‍ ഒഎന്‍വി കുറുപ്പും സഹധര്‍മ്മിണി സരോജവുമായി, സംശുദ്ധമായ ജീവിതാനുഭവങ്ങളുടെ വഴിത്താരകളിലൂടെ സഞ്ചരിച്ചു. ഒരനുഭവമായിരുന്നു പ്രേക്ഷകന് ആ നിമിഷങ്ങള്‍ .

അഭിമുഖം കഴിഞ്ഞ് പുളിയറക്കോണത്തുനിന്ന് വഴുതക്കാട് കവിയുടെ താമസസ്ഥലമായ ഇന്ദീവരത്തില്‍ എത്തുമ്പോള്‍ പൂച്ചെണ്ടുകളും, അഭിവാദനങ്ങളുമായി സുഹൃത്തുക്കള്‍, സഹയാത്രികര്‍ , സംഘടനാനേതാക്കള്‍ .
എല്ലാവരും അഭിമുഖം കണ്ടിരിക്കുന്നു.
പത്തരമണിയോടെ ഞാനും ഇന്ദീവരത്തിലെത്തി.
സാറ് നന്നായി ഒന്നു ചിരിച്ചു.
കുവൈറ്റില്‍നിന്നു കുറുപ്പുമാഷിന്റെ (ജി. ശങ്കരക്കുറുപ്പ്) മോള് വിളിച്ചിരുന്നു. ചാനലിന് ഇത്രയധികം പ്രേക്ഷകര്‍ ഈ പ്രഭാതത്തിലുമോ?
നമുക്ക് ഏഴുമണി മുതല്‍ ഒന്‍പതുമണിവരെ എന്നത് കുവൈറ്റില്‍ 5 മണി മുതല്‍ 7 മണിവരെയാണ്. രണ്ടുമണിക്കൂര്‍ പിറകോട്ട്.
അതു ശരിയാണല്ലോ. സാറ് അത്ഭുതത്തോടെ വീണ്ടും ചിരിച്ചു.


ഒ.എന്‍.വിയും പത്‌നി സരോജനി അമ്മയും
ഇലക്ഷന് സ്ഥാനാര്‍ത്ഥിയായപ്പോള്‍ സമ്മതിദായകരെ കാണുമ്പോള്‍ ''ചിരിച്ചില്ല'' എന്നു പറഞ്ഞ ചിലരുടെബോധപൂര്‍വ്വമുള്ള ആരോപണമാണ് അപ്പോള്‍ ഓര്‍ത്തത്...
വലിയൊരു ഭാരം ചുമലില്‍ വച്ചുകൊടുത്തിട്ട് ഒരാള്‍ എങ്ങിനെ ചിരിക്കും.
അഭിമുഖത്തിന് വന്നെത്തുന്ന ആളിന്റെ പ്രാധാന്യവും സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവവും അനുസരിച്ചാണ് പ്രേക്ഷകര്‍ ഉണ്ടാകുന്നത് എന്ന സത്യം ആ അഭിമുഖത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.

പാട്ടിനെക്കുറിച്ചുള്ള പുതിയൊരറിവും അന്നു കിട്ടി. ചെമ്മീന്‍ എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതാന്‍ രാമുകാര്യാട്ട് ഒഎന്‍വി കുറുപ്പിനെയാണ് ആദ്യം ക്ഷണിച്ചതെന്ന്. ആ കത്ത് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന ഒഎന്‍വി സാറിന്റെ ശ്രീമതി പറഞ്ഞു.
ഒഎന്‍വിയെ ഗാനങ്ങള്‍ എഴുതാന്‍ കാര്യാട്ട് വിളിച്ചതിന്റെ പിന്നിലുള്ള സൗഹൃദത്തിന് ഇപ്റ്റ എന്ന സംഘടനയ്ക്ക് വലിയൊരു പങ്കുണ്ട്. സലില്‍ ചൗധരിയെ ക്ഷണിച്ചുവരുത്തിയതും ഇപ്റ്റ ബന്ധമാണ്. ആ ഓഫര്‍ ഒഎന്‍വിക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ധ്യാപകനായിരുന്ന ആ കാലത്ത് പാട്ടെഴുതാന്‍ സര്‍ക്കാര്‍ അനുവാദം വേണമായിരുന്നു. അനുവാദം കിട്ടിയാല്‍ തന്നെ കുറച്ചുദിവസം മദിരാശിയില്‍ പോയി താമസിക്കണം. അദ്ധ്യാപകന്‍ എന്ന തന്റെ ഉത്തരവാദിത്വത്തിന് മുന്നില്‍ ഒരു സിനിമയിലെ പാട്ടെഴുത്തിന് അത്രയേ ഒഎന്‍വി എന്ന കവി പ്രാധാന്യം നല്‍കിയുള്ളു.

ചെമ്മീന്‍ ചരിത്ര സംഭവമായി മാറിയത് പിന്നീടുള്ള കഥ.
ഭാരതത്തില്‍ കലകളുടെ, കലാകാരന്മാരുടെ ഒരു സംഗമവേദിയായിരുന്നു ഇപ്റ്റ. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ . പ്രതിഭാധനരായ ബല്‍രാജ് സാഹ്‌നി, പൃഥ്വി രാജ്കപൂര്‍, ഗ.അ. അബ്ബാസ്, മൃണാള്‍ സെന്‍ , ഋത്വിക്ക് ഘട്ടക്ക്, എം.എസ്. സത്യു തുടങ്ങിയവരുടെ നേതൃത്വം.

ഇടതുപക്ഷ ആശയങ്ങളുമായി സഹകരിക്കുന്നവരുടെ ദേശീയ വേദികൂടിയായിരുന്നു ഇപ്റ്റ. ഭാരതത്തിലെ ഇതരപ്രദേശങ്ങളിലുള്ള കാലരൂപങ്ങള്‍ , സംഗീതം, നാടകം എന്നിവ അവതരിപ്പിക്കുക, വിശകലനം ചെയ്യുക മനുഷ്യജീവിതത്തിന്റെ വിപ്‌ളവകരമായ മുന്നേറ്റത്തിന് സന്ദേശം കൈമാറുക എന്നതിലെല്ലാം ഇപ്റ്റ ജാഗ്രത പുലര്‍ത്തിയിരുന്നു.
ബോംബെയില്‍ 1952–ല്‍ നടന്ന ഇപ്റ്റയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.പി.എ.സി.ക്ക് ക്ഷണം കിട്ടി. അഡ്വക്കേറ്റ് ജനാര്‍ദ്ദനക്കുറുപ്പ്, ഒ. മാധവന്‍ , കാമ്പിശേ്ശകി, ഒഎന്‍വി, ദേവരാജന്‍ കൂടാതെ നാടകത്തിലെ കലാകാരന്മാരും ഈ യാത്രയില്‍ പങ്കുചേര്‍ന്നു.ഒ.എന്‍.വി ചെറുപ്പത്തില്‍ (ഫയല്‍ ചിത്രം)
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം അവതരിപ്പിക്കാനായിരുന്നു ലക്ഷ്യം. പക്ഷെ സമയക്കുറവുകൊണ്ട് രണ്ട് രംഗങ്ങള്‍ അവതരിപ്പിക്കാനേ സാധിച്ചുള്ളു. 'പൊന്നരിവാള്‍ അമ്പിളിയില്‍' എന്ന ഗാനം ചടങ്ങിന്റെ ആദ്യം തന്നെ അവതരിപ്പിച്ചു. കെ.എസ്. ജോര്‍ജ്ജും, കെ.പി.എ.സി. സുലോചനയും ചേര്‍ന്നാണ് പാടിയത്. ഭാഷയും അര്‍ത്ഥവും അറിയില്ല എങ്കില്‍പ്പോലും തികഞ്ഞ കൈയടിയോടെയാണ് ആ ഗാനത്തെ ഏവരും സ്വീകരിച്ചത്.

ഇതര സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അരങ്ങേറി. ബംഗാളില്‍നിന്നെത്തിയ ഗായകസംഘത്തോടൊപ്പം സലില്‍ ചൗധരി ഉണ്ടായിരുന്നു. ആവേശമുണര്‍ത്തുന്ന സംഘഗാനങ്ങളായിരുന്നു സലില്‍ദായുടെ സംഭാവന. പൊന്നരിവാളിനെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ ചൊരിഞ്ഞ് ബല്‍രാജ് സാഹ്നി – സംഘഗാനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഒഎന്‍വിയോടും ദേവരാജനോടും സംസാരിച്ചു. അങ്ങനെ അവരുടെ മടക്കയാത്രയില്‍ ട്രെയിനിലിരുന്ന് ഏല ഏലോം മാമലമേലേ എന്ന് തുടങ്ങുന്ന സംഘഗാനത്തിന് രൂപം നല്‍കി. മൂന്ന് കോണില്‍ നിന്നുമെത്തുന്നവര്‍ , പൊന്നരിവാള്‍ കൊടിയുമേന്തി ഒത്തുചേരുന്ന ആ കൂട്ടായ്മ ട്രെയിനില്‍ വച്ച് എഴുതി ഈണം നല്‍കി പാടി രൂപം നല്‍കിയതാണ്.

പിന്നീട് നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനും, മറ്റ് പല വേദികളിലും അവതരിപ്പിച്ചു. ദേവരാജനില്‍ നിന്ന് ആവേജ്വലമായ സംഘഗാനങ്ങള്‍ പലതും പിറന്നത് ഈ യാത്രയ്ക്കുശേഷമാണ്.
നാടകമായാലും സിനിമയായാലും കോറസ്‌സ് പാടുന്ന സന്ദര്‍ഭങ്ങളില്‍ ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏവര്‍ക്കും ഒരു കാര്യം ബോദ്ധ്യമാകും. ശ്രുതിശുദ്ധമായിരിക്കും ആ ഗാനത്തിന്റെ ശബ്ദതരംഗങ്ങള്‍ . അന്നൊക്കെ ഒരു മൈക്കിന്റെ ചുറ്റും നിന്ന് കുറച്ച് ഗായകര്‍ ഒരുമിച്ച് പാടുമ്പോള്‍ പ്രധാന ഗായകനും ഗായികയും ഒപ്പം പാടുകയാണ് എന്ന് നാം ഓര്‍ക്കണം. ആ ശ്രുതിശുദ്ധിയില്‍ നിന്നാണ് എല്ലാ ദേവരാജഗീതങ്ങളും പിറവിയെടുത്തത്.ഒ.എന്‍.വി കുടുംബാംഗങ്ങളുമൊത്ത്. ഫോട്ടോ കടപ്പാട് : ദി ഹിന്ദു
അങ്ങനെ പിറന്ന സംഘഗാനങ്ങളാണ് ഈ മണ്ണില്‍ വീണ നിന്റെ.., മണ്ണില്‍ ഈ നല്ല മണ്ണില്‍..., ബലികുടീരങ്ങളേ... എന്നിവ. ആദ്യ രണ്ട് ഗാനങ്ങളും ഒഎന്‍വി കുറുപ്പ് എഴുതിയത് കെ.പി.എ.സി. നാടകങ്ങള്‍ക്ക് വേണ്ടിയാണ്. വയലാര്‍ എഴുതിയ ബലികുടീരങ്ങളേ എന്ന സംഘഗാനം നാടകഗാനമല്ല. ഒരു അവതരണ ഗാനമാണ്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്.
1957–ല്‍ സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്നാണ് ശിപായി ലഹളയുടെ നൂറാം വാര്‍ഷിക ആഘോഷം. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനവും, അതിനോടനുബന്ധിച്ച് കലാപരിപാടികളും. ഇതിനായി ഒരു കമ്മിറ്റി രുപീകരിച്ചു. പൊന്‍കുന്നം വര്‍ക്കിയായിരുന്നു കമ്മറ്റിയുടെ ചെയര്‍മാന്‍ . നാടിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷിക്ക് ആദരസൂചകമായി ഒരു സംഘഗാനം അവതരിപ്പിക്കണം എന്ന നിര്‍ദ്ദേശം പൊന്‍കുന്ന വര്‍ക്കിയുടേതായിരുന്നു.


ഒഎന്‍വി, സലില്‍ ചൗധരി, ശിവന്‍
വയലാറിനെ ക്ഷണിച്ചുവരുത്തി ദേവരാജന്‍ ഈണം ചെയ്യാനെത്തി. കോട്ടയം ബെസ്റ്റ് ഹോട്ടലില്‍ അവര്‍ സംഗമിച്ചു. ഇരുവരും ഒത്തുചേരുന്ന ആദ്യഗാനമായി ബലികുടീരങ്ങളേ... 101 ഗായകരെകൊണ്ട് പാടിക്കണം എന്നതായിരുന്നു തീരുമാനം. പക്ഷെ മുപ്പതോളം ഗായകരെ കണ്ടെത്താനെ ദേവരാജന്‍ മാസ്റ്റര്‍ക്ക് സാധിച്ചുള്ളൂ. കെ.എസ്. ജോര്‍ജ് പ്രധാന ഗായകനായി. കെ.പി.എ.സി. സുലോചന, കാഥികന്‍ സാംബശിവന്‍ , സുധര്‍മ്മ, എന്നീ ഗായകര്‍ ഏറ്റുപാടിയവരില്‍ പ്രമുഖരാണ്.

ഒരു സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സിലാണ് കോട്ടയത്തുനിന്ന് എല്ലാവരും വി.ജെ.റ്റി. ഹാളില്‍ എത്തിയത്.
ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ഔപചാരികമായി രക്തസാക്ഷിമണ്ഡപം നാടിന് സമര്‍പ്പിച്ചു. 1957 ഒക്‌ടോബര്‍ 27. വയലാര്‍ രക്തസാക്ഷി ദിനത്തില്‍ ദേവരാജന്റെ നേതൃത്വത്തില്‍ ഗായകസംഘം ഒരുമിച്ച് നിന്ന് പാടി....

ബലികുടീരങ്ങളേ
സ്മരണകളുണര്‍ത്തും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍
സിന്ദൂരമാലകള്‍ ...

മനസ്‌സിനെ ചുവപ്പിച്ച്, നാടിനെ ചുവപ്പിച്ച്, ചക്രവാളങ്ങളെ ചുവപ്പിച്ച്, കാലം കടന്നുപോയി. സംഗീതത്തിന്റെ എത്രയെത്ര വിഭിന്നഭാവങ്ങള്‍ നാം കണ്ടു. പക്ഷേ ഇന്നും ഈ പാട്ട് അവതരിപ്പിക്കുമ്പോള്‍ സിരകളില്‍ രക്തം തിളക്കും.
1978–ല്‍ മാവോയുടെ മരണത്തെ തുടര്‍ന്ന് ചൈനയുടെ വാതില്‍ തുറക്കപ്പെട്ടു. 1985–ല്‍ ലോകത്തുള്ള യുവജന നേതാക്കളുടെ ഒരു ഇന്റര്‍നാഷണല്‍ മീറ്റിന് വേദിയൊരുക്കി. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലെ യുവനേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി രണ്ട് മലയാളികളും അന്ന് ചൈന സന്ദര്‍ശിച്ചു. കുട്ടി സഖാക്കളായ എം.എ. ബേബിയും, സി.പി. ജോണും. അവരുടെ യാത്രക്കിടയില്‍ ചൈനയിലെ യുവാക്കളുടെ മുന്നില്‍വച്ച് ബലികുടീരങ്ങളേ പാടി.
അതിന്റെ തര്‍ജ്ജമയും പറഞ്ഞു.

അവര്‍ ചോദിച്ചു ഇത് നിങ്ങളുടെ ദേശീയഗാനമാണോ എന്ന്!
ഇരുവരും അഭിമാനത്തോടെ ചിരിച്ചു.
അതേ ആവേശത്തോടെ ദേവരാജന്‍ മാസ്റ്റര്‍ ചെയ്ത മറ്റൊരു ഗാനമാണ്. വരിക ഗന്ധര്‍വ്വഗായകാ...
കാളിദാസ കലാകേന്ദ്രത്തിനായി ഒഎന്‍വി എഴുതിയ അവതരണ ഗാനം, ചരിത്രത്തിന്റെ താളുകളില്‍ ഇന്നും ഒരു സുവര്‍ണ്ണഗീതമാണിത്.
തമിഴകത്തുനിന്നു വന്ന എം.ബി. ശ്രീനിവാസനും, ഇപ്റ്റയുടെ ആദ്യകാല സജീവ സഹയാത്രികരില്‍ ഒരാളാണ്. എം.ബി.എസ്. ക്വയര്‍ സൃഷ്ടിച്ചതിന് പശ്ചാത്തലവും ഇപ്റ്റ അനുഭവങ്ങളാണ്. സംഘഗാനങ്ങളുടെ സാദ്ധ്യതകളുടെ ചക്രവാളങ്ങളിലൂടെ സഞ്ചരിച്ച പ്രതിഭയാണ് എം.ബി.എസ്. പാട്ടിലെ ഉയര്‍ച്ച താഴ്ചകള്‍ പാര്‍ട്ട്‌സ് പാടുന്ന രീതി, ഇവ കൂടാതെ പടിഞ്ഞാറന്‍ സംഘഗാനങ്ങളുടെ സംസ്‌കാരത്തില്‍ നിന്ന് നല്ലതു മാത്രം സ്വീകരിച്ച് തന്റേതായ രീതിയില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച എം.ബി.എസ്. നെ എല്ലാ ആദരവോടുംകൂടി എപ്പോഴും സംസാരിക്കുന്ന കവിയാണ് ഒഎന്‍വി കുറുപ്പ്.

എം.ബി.എസ്‌സും ദേവരാജനും ഒക്കെ പോയതോടെ ആ ശാഖ മുരടിച്ചു പോയിരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി ഒഎന്‍വി സാര്‍ നമ്മോടൊപ്പമുണ്ട്. കവിയുടെ മാനസം താഴെ വീണുടയാതെ പളുങ്കുപോലെ കാത്തു സൂക്ഷിക്കുന്നതില്‍ സഹധര്‍മ്മിണിക്കും വലിയൊരു പങ്കുണ്ട്. മഹാരാജാസ് കോളേജില്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന സരോജത്തെ വരിക്കാന്‍ ഭാരതപ്പുഴയുടെ തെക്കേ തീരത്തേക്ക് ഒഎന്‍വി കുറുപ്പ് പോയപ്പോള്‍ തോപ്പില്‍ ഭാസിയും, വയലാറും, കാമ്പിശേരിയും, പുതുശേ്ശരി രാമചന്ദ്രനും കൂടി ഒത്തുപോയതിന്റെ ഓര്‍മ്മകളില്‍നിന്നും തോപ്പില്‍ഭാസി എഴുതി സാഹിത്യമാണിത്.


സ്‌പോട്ട് സുരേഷ്
''ആ മലര്‍പൊയ്കയില്‍ ... പാടിയ ഒഎന്‍വി, അരുണ സൂര്യന്റെ കിരണങ്ങള്‍ മാറിലേറ്റുവാങ്ങി വിടര്‍ന്നു നില്‍ക്കുന്ന താമരപ്പൂവുള്ള കുളത്തില്‍ , ബാല്യം മുതല്‍ പ്രഭാതത്തിലും പ്രദോഷത്തിലും മുങ്ങിക്കുളിച്ച്, താമരപ്പൂവിന്റെ പര്യായത്തെ (സരോജം) താമരപ്പൂമാല അണിയിച്ചത് സ്വാഭാവികം.''
ദാമ്പത്യത്തിന്റെ മഹിമയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് ചാനലില്‍ ഇരുന്നല്ല. ഇങ്ങനെയുള്ളവരുടെ ജീവിതത്തെ നമ്മള്‍ നോക്കിക്കാണണം. മനസ്‌സുകൊണ്ട് അറിയാന്‍ ശ്രമിക്കണം.

ഒരു സഹയാത്രികന്റെ ഓര്‍മ്മകള്‍ അണയാതെ കാത്തുസൂക്ഷിക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുന്ന വയലാര്‍ ട്രസ്റ്റുമായുള്ള ഒഎന്‍വിയുടെ 1984 മുതലുള്ള നിതാന്തസാന്നിദ്ധ്യം സമാനതകളില്ലാത്തതാണ്. ഇവിടെ കവി കാത്തു സൂക്ഷിക്കുന്നത് വയലാറിന്റെ ദീപ്തസ്മരണകള്‍ മാത്രമല്ല അക്ഷരങ്ങളുടെ മഹത്വം കൂടിയാണ്. അതിനെ പ്രതിരോധിക്കാന്‍ വന്നവര്‍ക്കെതിരെ വാക്കുകള്‍കൊണ്ട് അടുത്തനാള്‍ പടവാള്‍ ഉയര്‍ത്തിയത് ഭാഷയ്ക്കു വേണ്ടി ഒഎന്‍വി നടത്തിയ പുതിയ കാലത്തിലെ ഏറ്റവും വലിയ പോരാട്ടമാണ്.
ഏതൊരു കവിയും കാലത്തിന്റെ പ്രതിനിധിയാണ്. മുണ്ടശേരി മാസ്റ്റര്‍ പറഞ്ഞതുപോലെ...

കാളിദാസനും 'കാലത്തിന്റെ ദാസന്‍ ' എന്ന് ഒ.എന്‍.വി. കാലത്തിന്റെ ആഹ്വാനം മനസ്‌സില്‍ സൂക്ഷിച്ച് മുന്നോട്ട് നടന്ന കവിയാണ്. ഒപ്പം തന്റെ ജനതയെ മുന്നോട്ടു വരാന്‍ പ്രേരിപ്പിച്ച കവിയുമാണ്.
ഒഎന്‍വി എന്ന ത്രയാക്ഷരി മലയാളത്തിന്റെ അഭിമാനമാണ്.
പ്രണാമം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ...