Search

ദിലീപിനും നാദിര്‍ഷായ്ക്കും ക്‌ളീന്‍ ചിറ്റ് നല്കിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി, സസ്‌പെന്‍സ് ത്രില്ലര്‍ തുടരുന്നു


റോയ് പി തോമസ്

കൊച്ചി: ഓടുന്ന കാറില്‍ നടി പീഡനത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും ക്‌ളീന്‍ ചിറ്റ് നല്കിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കിയതോടെ അന്വേഷണം സസ്‌പെന്‍സിലേക്കു നീങ്ങുകയാണ്.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വേണ്ടിവന്നാല്‍ ഇനിയും വളിച്ചുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ദിലീപിനെ ചോദ്യം ചെയ്യാന്‍ തന്നെയാണ് വിളിച്ചുവരുത്തിയതെന്നും വ്യക്തമായി.

തന്നെ ബ്‌ളാക് മെയില്‍ ചെയ്ത കേസില്‍ മൊഴികൊടുക്കാനാണ് പോയതെന്നായിരുന്നു ദിലീപ് ആദ്യവും അവസാനവും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാാല്‍, അക്കാര്യത്തിലല്ല, പ്രധാനമായും നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെയാണ് മൊഴിയെടുപ്പു നടന്നത്. മൊഴിയെടുപ്പ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്യലായി മാറുകയായിരുന്നു.

13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ക്‌ളീന്‍ ചിറ്റ് നല്കാനായിട്ടില്ല എന്ന് എസ് പി പറഞ്ഞതോടെ, കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്നാണ് വ്യക്തമാവുന്നത്. 13 മണിക്കൂര്‍ കൊണ്ടും മൂന്നു സമര്‍ത്ഥരായ പൊലീസ് ഓഫീസര്‍മാര്‍ക്ക് കുരുക്കഴിച്ചെടുക്കാനായില്ലെന്നാണ് വരികള്‍ക്കിടയില്‍ വായിച്ചെടുക്കേണ്ടത്.

നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും കൂടാതെ ദിലീപിന്റെ ഡ്രൈവര്‍  അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യലിനു വിധേയനാക്കി. ഡ്രൈവര്‍ പറഞ്ഞ പല കാര്യങ്ങളും ദിലീപും നാദിര്‍ഷായും പറഞ്ഞതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്നാണ് സൂചന.

ആദ്യം വളരെ ആത്മവിശ്വാസത്തോടെ സംസാരിച്ചു തുടങ്ങിയ ദിലീപും നാദിര്‍ഷായും മണിക്കൂറുകള്‍ കഴിയുന്തോറും പലപ്പോഴും പതറിയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇരായായ നടിയും ദിലീപും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ദിലീപ് നിഷേധിച്ചു. ഇതോടെ പൊലീസ് ഇതുസംബന്ധിച്ച രേഖകള്‍ നിരത്തി. ഇതോടെ ദിലീപിന് ആദ്യം നിഷേധിച്ച പല കാര്യങ്ങളും സമ്മതിക്കേണ്ടിവന്നുവെന്ന് അറിയുന്നു. ഇതെല്ലാം പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു.

നടിയുമായി ചില പിണക്കങ്ങള്‍ ഉണ്ടെന്ന് ദിലീപ് സമ്മതിച്ചു. ഇതിനു കാരണം തന്റെ വ്യക്തിജീവിതത്തില്‍ നടി ഇടപ്പെട്ടതാണെന്നും ദിലീപ് പറഞ്ഞു. ഇതു രണ്ടുമായപ്പോള്‍ നടിയോടു ദിലീപിന് വൈരാഗ്യമുണ്ടെന്ന് ദിലീപ് തന്നെ സമ്മതിക്കുന്ന അവസ്ഥയായി.

ഇത്രയുമായതോടെ ഇവരുടെ സ്വകാര്യമായ പല ഇടപാടുകളെക്കുറിച്ചും പൊലീസ് ചോദിക്കാനാരംഭിച്ചു. ഇതാണ് ചോദ്യം ചെയ്യല്‍ ഇത്രയേറെ വൈകാന്‍ കാരണം. ഒരേ കാര്യം തന്നെ പൊലീസ് പല തരത്തിലാണ് ചോദിക്കുന്നത്.

ചോദ്യം ചെയ്യല്‍ വളരെ വൈകിയതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന സംശയം ബലമായി. ഇതോടെ നടന്‍ അറസ്റ്റിലാവുമോ എന്നും സംശയമായി. തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ഉന്നതര്‍ ഭരണതലത്തല്‍ ഇടപെട്ടു. അറസ്റ്റ് ഉണ്ടാവരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന നിലപാടായിരുന്നു ഭരണതലത്തിലുണ്ടായിരുന്നത്.

എന്നാല്‍, ഇന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗവും ദിലീപ് നയിക്കുന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അമ്മ ഭാരവാഹികള്‍ ഭരണനേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന്, നടനെ രാത്രി ഒരു മണി കഴിഞ്ഞു വിട്ടയയ്ക്കാന്‍ തീരുമാനിക്കുകകായിരുന്നു. വിട്ടയയ്ക്കുമെന്ന് ഉറപ്പുകിട്ടിയപ്പോഴാണ് കൂട്ടിക്കൊണ്ടു പോകാന്‍ നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും വെളുപ്പിന് പൊലീസ് ക്‌ളബിലെത്തിയത്. തന്നെ ആരും നിയോഗിച്ചിട്ടു വന്നതല്ലെന്നാണ് സിദ്ദീഖ് ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

ചോദ്യം ചെയ്യല്‍ 24 മണിക്കൂറിലേറെ നീളുമെന്ന ഭയവും താരസംഘടനയിലുള്ളവര്‍ക്കു വന്നിരുന്നു. അങ്ങനെ വന്നാല്‍, ദിലീപിനെയും നാദിര്‍ഷായേയും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കേണ്ടിവരുമായിരുന്നു. ഇതും ചോദ്യംചെയ്യലിനു തത്കാലം വിരാമമിടാന്‍ പൊലീസിനെ ഉന്നതര്‍ നിര്‍ബന്ധിക്കാന്‍ കാരണമായി.

അന്വേഷണത്തിന് ആവശ്യമെന്നു വന്നാല്‍ ഇരുവരെയും ഇനിയും വിളിപ്പിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും എപ്പോള്‍ വിളിപ്പിച്ചാലും എത്തുമെന്ന് ദിലീപും പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപിനും നാദിര്‍ഷായ്ക്കും ക്‌ളീന്‍ ചിറ്റ് നല്കിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി, സസ്‌പെന്‍സ് ത്രില്ലര്‍ തുടരുന്നു